‘മലയാളം പഠിക്കാത്തവര്‍ക്കും പ്രൈമറി അധ്യാപകരാവാം’: ഉത്തരവ് പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയ്ക്കും

0

പ്രതിഷേധസംഗമം ഡോ.പി.പവിത്രന്‍ ഉദ്ഘാടനം ചെയ്യുന്നു

 

തിരുവനന്തപുരം: ഹയര്‍സെക്കന്ററി തലം വരെ മലയാളം പഠിക്കാത്തവര്‍ക്കും പ്രൈമറി അധ്യാപകരാകാം എന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ് പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരത്തെ ഗുരുതരമായി ബാധിക്കുമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ആശങ്ക പ്രകടിപ്പിച്ചു.
കേരളത്തിലെ പ്രൈമറി സ്‌കൂളുകളില്‍ അധ്യാപകരാകാന്‍ പത്താം ക്ലാസ്സും ടി.ടി.സി.യുമായിരുന്നു യോഗ്യത. പ്രസ്തുത യോഗ്യതയില്‍ പിന്നീട് ചില ഭേദഗതികളുണ്ടായി. പത്താം ക്ലാസ്സും ടി.ടി.സിയും എന്നതിന് പകരം ഹയര്‍സെക്കന്ററിയും ടി.ടി.സിയും എന്നായി. 2002-ല്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ യോഗ്യതയില്‍ വ്യക്തത വേണമെന്ന ആവശ്യം പരിഗണിച്ച് കേരളത്തില്‍ മലയാളം ബോധന മാധ്യമമായുള്ള വിദ്യാലയങ്ങളില്‍ അധ്യാപകരാകുന്നതിനുള്ള യോഗ്യതയില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. നിര്‍ദിഷ്ട യോഗ്യതക്ക് പുറമെ ഉദ്യോഗാര്‍ത്ഥി പാര്‍ട്ട് ഒന്നിലോ രണ്ടിലോ മലയാളം ഒരു ഭാഷയായി പഠിക്കുകയോ ബോധന മാധ്യമം മലയാളമായിരിക്കുകയോ വേണം എന്നതായിരുന്നു ഭേദഗതി. ഈ നിയമമാണ് ഒരു ഉത്തരവിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പ് എടുത്ത് കളഞ്ഞത്. ഇതിന് പകരം ബിരുദ, ബിരുദാനന്തര തലത്തിലോ അധ്യാപക പരിശീലന സമയത്തോ മലയാളം പഠിച്ചാല്‍ മതി എന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രീയ, നവോദയ, സൈനിക വിദ്യാലയങ്ങളിലേയും സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. വിദ്യാലയങ്ങളിലേയും മലയാളികളായ കുട്ടികളുടെ തൊഴില്‍ സാധ്യത തടയും എന്നതാണ് ഭേദഗതിക്ക് കാരണമെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാലയങ്ങള്‍ക്കും ബാധകമായി സര്‍ക്കാര്‍ പുറത്തിറക്കിയ മലയാളം ബില്ലിന്റെ അന്തഃസത്തയെ ചോര്‍ത്തിക്കളയുന്നതാണ് ഈ ഉത്തരവ്. ഈ ബില്ല് പ്രകാരം കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമായി പഠിപ്പിക്കണമെന്ന നിയമം നിലനില്‍ക്കെ, ഇത്തരമൊരു ഉത്തരവിന്റെ പിന്നിലുള്ള ചേതോവികാരം സംശയാസ്പദമാണ്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന നവോദയ വിദ്യാലയങ്ങള്‍ മലയാളം പഠിപ്പിക്കുന്നുണ്ട്. അപ്പോള്‍ ഈ ഉത്തരവ് കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികളെ മാത്രം ഉദ്ദേശിച്ചുള്ളതാണ്. കേന്ദ്രീയ വിദ്യാലയത്തില്‍ പഠിക്കുന്ന കുട്ടി ഒരു ഘട്ടത്തിലും മലയാളം പഠിക്കുന്നില്ല എന്നതുകൊണ്ടുതന്നെ ബിരുദ,ബിരുദാനന്തര തലങ്ങളില്‍ മലയാളം പഠിക്കാനുള്ള സാധ്യത ഒട്ടും തന്നെയില്ല. ഭിന്നശേഷിക്കാരനായ കുട്ടിയുടെ പിതാവിന്റെ കണ്ണീരാണ് ഈ ഉത്തരവിന് പിന്നിലെന്ന് ഐക്യമലയാള പ്രസ്ഥാനത്തിന്റെ സെക്രട്ടറി ഹരിദാസിന് അഡീഷണല്‍ ഡി.പി.ഐ. നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഒരു കുട്ടിക്ക് വേണ്ടി കേരളത്തില്‍ നിലനില്‍ക്കുന്ന ഒരു നിയമം പൊളിച്ചെഴുതുന്നത് ഒട്ടും ആശാസ്യമല്ല. മാത്രവുമല്ല, മലയാളം ഒന്നാം ഭാഷയായോ രണ്ടാം ഭാഷയായോ ബോധന മാധ്യമമായോ പിന്തുടരാത്ത ഒരു അധ്യാപകന്‍ കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ മലയാളം മാധ്യമ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തകര്‍ക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഈ സാഹചര്യത്തിലാണ് ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിഷേധസംഗമം സംഘടിപ്പിച്ചത്. പ്രതിഷേധസംഗമം മലയാളം ഐക്യവേദിയുടെ നേതാവും ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലാ അധ്യാപകനുമായ ഡോ.പി.പവിത്രന്‍ ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജനറല്‍ സെക്രട്ടറി ടി.കെ.മീരാഭായ് അധ്യക്ഷയായിരുന്നു. മുന്‍ പ്രസിഡന്റ് ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഐക്യമലയാള പ്രസ്ഥാനം സെക്രട്ടറി ഹരിദാസ് എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ കണ്‍വീനര്‍ വി.വിനോദ് സ്വാഗതവും തിരുവനന്തപുരം ജില്ലാ സെക്രട്ടറി കെ.ജയകുമാര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *