മുളന്തുരുത്തി സി. ജി. എൽ. പി. സ്കൂൾ അടച്ചു പൂട്ടരുത്

0

ഏറണാകുളം: 1886- ൽ ആരംഭിച്ച വിദ്യാലയമാണ് മുളന്തുരുത്തി സി.ജി.എൽ.പി.എസ്. അഥവാ ക്രിസ്ത്യൻ ഗേൾസ് ലോവർ പ്രൈമറി സ്കൂൾ. 136 വർഷക്കാലത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയം സ്ത്രീകൾക്ക് വിദ്യാഭ്യാസപരമായും സാമൂഹ്യമായും മുന്നേറാനുള്ള അവസരമൊന്നും ഇല്ലാതിരുന്ന കാലത്ത്, പത്തൊമ്പതാം നൂറ്റാണ്ടിൽ ആരംഭിച്ചതാണ്. അതുകൊണ്ടുതന്നെ ചരിത്രപരമായി ഈ വിദ്യാലയത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ആ പ്രാധാന്യത്തെ ഗൗരവത്തിൽ ഉൾക്കൊള്ളുവാൻ മാനേജ്മെന്റിനോ വിദ്യാഭ്യാസ അധികൃതർക്കോ കഴിഞ്ഞിട്ടില്ല എന്നതിന് തെളിവാണ് സർക്കാർ എയിഡഡ് വിദ്യാലയത്തിനൊപ്പം അംഗീകാരമില്ലാത്ത സി.‌ബി.എസ്.ഇ. സ്കൂൾ ഒരേ കാമ്പസിൽ ആരംഭിക്കുവാനുള്ള തീരുമാനം.
അതുവഴി സി.ജി.എൽ.പി. സ്കൂളിൽ അധ്യാപകരെ നിയമിക്കാതെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാതെയും വിദ്യാർഥികളുടെ പഠിക്കാനുള്ള അവകാശം നിഷേധിക്കുകയാണ് അധികാരികളും മാനേജ്മെന്റും ഇപ്പോൾ ചെയ്യുന്നത്. സ്കൂളിൽ മൂന്നാം ക്ലാസിലും നാലാം ക്ലാസ്സിലും അധ്യാപകരെ നിയമിക്കാത്തതിനു കാരണം, സ്കൂൾ കാമ്പസിൽ തന്നെ പ്രവർത്തിക്കുന്ന അംഗീകാരമില്ലാത്ത സി.ബി.എസ്.ഇ. അൺ എയ്ഡഡ് സ്കൂൾ കാരണമാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നു.
സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന എയ്ഡഡ് സ്കൂളായ സി.ജി.എൽ.പി.എസ് പുനർനിർമ്മിക്കുവാൻ അനുവാദം വാങ്ങിയിരുന്നു എന്നാല്‍ 2003 ൽ പതിനേഴ് മുറികളുള്ള പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തിനു ശേഷം കെട്ടിടത്തിന് നമ്പർ വാങ്ങിയിരുന്നില്ല. ഈ കെട്ടിടത്തിൽ സമാന്തരമായി സി.ബി.എസ്.ഇ. സ്കൂൾ മാനേജ്മെൻറ് ആരംഭിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. അംഗീകാരമില്ലാത്ത ഈ സി.ബി.എസ്.ഇ. സ്കൂൾ 2012 ൽ അടച്ചുപൂട്ടണമെന്ന് പൊതുവിദ്യാഭ്യാസ അധികാരികൾ ആവശ്യപ്പെട്ടിട്ടുള്ളതാണ്. അത് മാനിക്കാതെ സി.ബി.എസ്.ഇ സ്കൂൾ ഇപ്പോഴും പ്രവർത്തിക്കുന്നു.
ഈ അധ്യയന വർഷം സ്കൂളിന്റെ ഒരു കെട്ടിടത്തിനു മാത്രം സർട്ടിഫിക്കറ്റ് നൽകുകയും ഒപ്പം നാല് അധ്യാപകരിൽ രണ്ട് പേരെ സ്ഥലം മാറ്റി നിയമിക്കുകയും ചെയ്തു. അതിനാൽ മൂന്നാം ക്ലാസിലും നാലാം ക്ലാസിലും അധ്യാപകരുമില്ലാതായി. ഇതിനെതിരായി പിടിഎയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിരോധം നടക്കുന്നുണ്ട്.
സാമൂഹ്യമായും സാമ്പത്തീകമായും പിന്നിൽ നിൽക്കുന്ന കുട്ടികൾ സ്കൂളിലേക്ക് പുതിയതായി അഡ്മിഷനു വരുമ്പോൾ അവരെ അംഗീകാരമില്ലാത്ത സിബിഎസ്ഇ സ്കൂളിൽ ചേർക്കാനാണ് മാനേജ്മെന്റിന് താല്പര്യം.
പൊതുവിദ്യാലയമായ സി.എൽ.പി. സ്കൂളിന്റെ പ്രവർത്തനം സുഗമമായി നടത്തുവാൻ ആവശ്യത്തിന് അധ്യാപകരെ നിയമിച്ചും അംഗീകാരമില്ലാത്ത സി.ബി.എസ്.ഇ സ്കൂൾ സർക്കാർ എയിഡഡ് സ്കൂളായ സി.ജി.എൽ.പി.എസിനോട് ലയിപ്പിച്ച് കേരളത്തിൽ നടന്നുവരുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ശക്തി പകരണമെന്നും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖല കമ്മിറ്റി പ്രമേയത്തിലുടെ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *