യു.എ.ഇ. സയന്‍സ് കോൺഗ്രസ്സ് 2019 സമാപിച്ചു
അബുദാബി: ശാസ്ത്രത്തിനുവേണ്ടി ഇന്ന് സംസാരിച്ചില്ലെങ്കിൽ ഇനിയൊരിക്കലും അത് സംസാരി ക്കേണ്ടിവരില്ലെന്നൊരു സാമൂഹിക സാഹചര്യത്തിലൂടെയാണ് നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത് എന്ന് ശാസ്ത്ര പ്രചാരകനും പ്രഭാഷകനുമായ ഡോ. വൈശാഖൻ തമ്പി പറഞ്ഞു. ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യപരിഷത്തും കേരള സോഷ്യൽ സെന്ററും ചേർന്ന് അബുദാബി കേരള സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ച യു.എ.ഇ. ശാസ്ത്രകോൺഗ്രസ് 2019 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെയെല്ലാം നിത്യജീവിതത്തിൽ ശാസ്ത്രം വഹിക്കുന്ന പങ്ക് എന്താണെന്ന് നാമോരോരുത്തരും പരിശോധന നടത്തണം. അസുഖ ബാധിതനായ ഒരാൾ ചികിത്സ തേടി ഡോക്ടറെ സമീപിക്കുമ്പോൾ ലക്ഷണം നോക്കി രോഗനിർണയം നടത്തുകയും മരുന്ന് നിർദേശിക്കുകയും ചെയ്യുന്ന രീതി നമുക്ക് സുപരിചിതമാണ്. നൂറ്റാണ്ടുകളായി നടന്നുവരുന്ന ഗവേഷണങ്ങളുടെയും പരീക്ഷണങ്ങളുടെയും ആകെത്തുകയാണ് ഇതെന്ന് നാം മനസ്സിലാക്കണം. ഒട്ടേറെ ശാസ്ത്രശാഖകളിൽ നടന്ന പഠനങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞ അറിവുകളുടെ അടിസ്ഥാന ത്തിലാണ് അസുഖ നിർണയം നടക്കുന്നത്. ഇന്ന അസുഖാവസ്ഥയിലുള്ള ഒരാളെ സാധാരണ അവസ്ഥയിലേക്ക് കൊണ്ടുവരാൻ ചില രാസതന്മാത്രകൾക്ക് കഴിയുമെന്നത് മറ്റൊരു ശാസ്ത്ര ശാഖയിൽ നടന്ന പഠനങ്ങളിൽ വെളിപ്പെട്ടതാവാം. ഇത്തരത്തിൽ നമ്മുടെ ജീവിതത്തിൽ പ്രയോജനപ്പെടുത്തുന്ന ഓരോ പ്രക്രിയക്കു പിറകിലും ശാസ്ത്രത്തിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട് എന്നും യുറീക്ക അറിവിന്റെ നിർമാണം എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഹിസ്റ്ററി ഓഫ് എലിമെന്റ്സ് എന്ന വിഷയം ഡോ. കെ.പി. ഉണ്ണികൃഷ്ണന് അവതരിപ്പിച്ചു. മൂലകങ്ങളുടെ ഉല്പത്തിയെ കുറിച്ച് വിശദീകരിച്ചുകൊണ്ട് ആവർത്തന പട്ടികയുടെ നൂറ്റി അൻപതാം വര്‍ഷാചരണത്തിന്റെ പ്രാധാന്യം അദ്ദേഹം സൂചിപ്പിച്ചു.
ഒബ്ജക്റ്റിവിറ്റി ഇന്‍ സയന്‍സ് എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് നിഷാദ് കൈപ്പള്ളി വസ്തുനിഷ്ടത ഇല്ലാത്ത വാർത്തകൾ എങ്ങനെ സമൂഹത്തിൽ തെറ്റിദ്ധാണ ഉണ്ടാക്കുന്നുവെന്നും അതിനെയെങ്ങനെ തിരിച്ചറിയണമെന്നും പ്രമുഖ പത്രമാദ്ധ്യമങ്ങളിൽ നിരന്തരം പ്രസിദ്ധീകരിക്ക പ്പെടുന്ന കപട ശാസ്ത്രങ്ങളും കപട വൈദ്യങ്ങളും എങ്ങനെ തിരിച്ചറിയാൻ കഴിയും എന്ന് ഉദാഹരണ സഹിതം വിവരിച്ചു.
ഡോ.സിനി അച്യുതൻ വിമന്‍ ഇന്‍ സയന്‍സ് എന്ന വിഷയത്തിൽ എന്തുകൊണ്ട് സ്ത്രീകൾക്ക് ശാസ്ത്രരംഗത്തു വേണ്ടത്ര മുന്നേറാൻ കഴിയുന്നില്ല എന്തൊക്കെയാണ് സ്ത്രീകൾക്ക് നേരിടുന്ന തടസ്സങ്ങൾ എന്ന് വിശദീകരിച്ചു.
ആധുനിക വൈദ്യ ചികിത്സാ രംഗത്ത് ഉണ്ടായ വിപ്ലവങ്ങള്‍ക്ക് വലിയ അളവുവരെ സഹായകമായത് മെഡിക്കൽ ഉപകരണങ്ങളുടെ സാങ്കേതിക വിദ്യയിൽ ഉണ്ടായ വളര്‍ച്ചയാണെന്ന് വൈദ്യശാസ്ത്രരംഗത്തെ ഭാവി സാങ്കേതികവിദ്യകള്‍ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് മനോജ് കുമാർ പറഞ്ഞു. അനുദിനം സാങ്കേതികമായി മുന്നേറുന്ന ചില ആധുനിക മെഡിക്കൽ ഉപകരണങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് ഭാവിയില്‍ ഈ മേഖലയില്‍ ഉണ്ടാകാവുന്ന ചില സാങ്കേതിക മാറ്റങ്ങളെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.
ഷെറീൻ വിജയൻ, യുഎഇയിലെ മലിനജല പരിപാലനം എന്ന സെഷനില്‍ മലിനജലം ബാക്റ്റീരിയ ഉപയോഗിച്ചു ശുദ്ധീകരിച്ച് കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സ്വീകരിക്കുന്ന വിവിധ ശാസ്ത്രീയ രീതികൾ കോൺഗ്രസിൽ പരിചയപ്പെടുത്തി. ഒമര്‍ ഷെരീഫ് നിയന്ത്രിച്ച വിദഗ്ധരുടെ പാനല്‍ ചര്‍ച്ചയില്‍ അബുദാബി ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ അജയ് മോഹന്‍, ശാസ്ത്ര പ്രചാരകനായ ബൈജുരാജ് എന്നിവരും പങ്കെടുത്തു. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ.കെ. ബീരാന് കുട്ടി, ജനറല്‍ സെക്രട്ടറി ബിജിത്ത് കുമാര്‍, ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യപരിഷത്ത് യു.എ.ഇ. പ്രസിഡന്റ് ശ്രീകുമാരി ആന്റണി, കോഓർഡിനേറ്റർ ഹരിദാസ്, അബുദാബി ഘടകം പ്രസിഡന്റ് സ്മിത തുടങ്ങിയവര്‍ സംസാരിച്ചു. പരിഷത്ത് അബുദാബി ഘടകം സെക്രട്ടറി ശ്യാം സ്വാഗതവും നോർത്തേൺ എമിറേറ്റ്സ് കോഓർഡിനേറ്റർ അജയ് സ്റ്റീഫൻ നന്ദിയും പറഞ്ഞു.