വയനാട്ടിൽ ഇനി വേണ്ടത് ജാഗ്രത

0

പ്രളയ ഉരുപൊട്ടൽ പഠന റിപ്പോർട്ട്

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പി സുമേഷിന് നൽകി പുസ്തകം പ്രകാശനം ചെയ്യുന്നു.

വയനാട്: കൽപ്പറ്റ ഹ്യൂം സെന്റർ ഫോർ ഇക്കോളജിയും പരിഷത്തും ചേർന്ന് വിദഗ്ദ്ധരുടെ സഹായത്തോടെ നടത്തിയ പ്രളയ ഉരുൾ പൊട്ടൽ പഠന റിപ്പോർട്ട് “വയനാട്ടിൽ ഇനി വേണ്ടത് ജാഗ്രത” എന്ന പേരിൽ പുസ്തക രൂപത്തിൽ പുറത്തിറക്കി.
ജില്ലാ ലൈബ്രറി കൗൺസിൽ എരനെല്ലൂരിൽ സംഘടിപ്പിച്ച പുസ്തകോത്സവ വേദിയിൽ വച്ച് വൈത്തിരി താലൂക്ക് ലൈബ്രറി സെക്രട്ടറി പി സുമേഷിന് നൽകി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പുസ്തകം പ്രകാശനം ചെയ്തു. ജില്ലാ സെക്രട്ടറി ദേവസ്യ, ജോയിന്റ് സെക്രട്ടറി കുഞ്ഞികൃഷ്‌ണൻ, പി സുരേഷ് ബാബു, പി സി ജോണ്‍ എന്നിവർ പങ്കെടുത്തു.
2018 ലെയും 2019 ലെയും പ്രളയവും ഉരുൾപൊട്ടലും ഉണ്ടാക്കിയ ആഘാതം പഠന വിധേയമാക്കി ഇത്തരം ദുരന്തങ്ങൾ ആവർത്തിയ്ക്കാതിരിക്കാൻ എന്തൊക്കെ മുൻ കരുതലുകൾ എടുക്കണം എന്ന നിർദേശങ്ങളോട് കൂടി ആണ് പഠന റിപ്പോർട്ട് തയ്യാറാക്കിയത്. പഠനത്തിന്റെ ഭാഗമായി വയനാടിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ 20 വർഷത്തിലുണ്ടായ മഴയുടെ അളവുകളും വിശകലനം ചെയ്‌തു.
കഴിഞ്ഞ കുറെ വർഷങ്ങളായി മഴ കുറവു രേഖപ്പെടുത്തിയിട്ടുള്ള ഒരു ജില്ലയായിരുന്നു വയനാട്. 2017 ൽ 37% മഴ കുറവാണു വയനാട്ടിൽ രേഖപ്പെടുത്തിയത്. എന്നാൽ 2018 ൽ കേരളത്തിൽ എല്ലായിടത്തും പെയ്ത പോലെ വയനാട്ടിലും സാധാരണയിൽ കൂടിയ മഴ ലഭിക്കുകയുണ്ടായി. 2018 ൽ വയനാട്ടിലെ വിവിധ പ്രദേശങ്ങളിൽ 10 മുതൽ 80 ശതമാനം വരെ കൂടുതൽ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. ഭാവിയിൽ ദുരന്തങ്ങൾ ഒഴിവാക്കുന്നതിന് എടുക്കാവുന്ന മുൻകരുതലുകൾ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.
മുൻ വർഷങ്ങളിലെ മഴയുടെയും ഉരുൾപൊട്ടലുകളുടെയും വിവരങ്ങളും, ഭൂപ്രകൃതിയുടെ ചരിവും, മണ്ണിന്റെ ഘടനയും നീർച്ചാലുകളുടെ വിന്യാസവും കണക്കിലെടുത്ത് ഉപഗ്രഹ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഒരു പരിധിയിൽ കൂടുതൽ മഴ ലഭിച്ചാൽ ഉരുൾ പൊട്ടാൻ സാധ്യതയുള്ള പ്രദേശങ്ങളെ മുൻകൂട്ടി കണ്ടെത്താൻ കഴിയുന്ന രീതിയിൽ വയനാട്ടിലെ ഓരോ പഞ്ചായത്ത് പ്രദേശങ്ങളെയും മാപ്പ് ചെയ്തു റിപ്പോർട്ടറിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുസ്തകം മീനങ്ങാടിയിൽ പ്രവർത്തിയ്ക്കുന്ന പരിഷദ് ഭവനിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *