വിദേശ വായ്പകളെ ആശ്രയിച്ചുള്ള കേരള പുനര്‍നിര്‍മാണ വികസന പദ്ധതി പുനഃപരിശോധിക്കുക

0

കേരള പുനര്‍നിര്‍മാണത്തില്‍ ലോകബാങ്ക്, എഡിബി തുടങ്ങിയ വിദേശ ഏജന്‍സികളെ വികസന പങ്കാളികളാക്കാനും ആയിരക്കണക്കിന് കോടി രൂപയുടെ വിദേശവായ്പ ഉപയോഗിക്കാനുമുള്ള കേരളസര്‍ക്കാര്‍ തീരുമാനം പുനര്‍നിര്‍മാണത്തിലെ പരിസ്ഥിതി പുനഃസ്ഥാപന മുന്‍ഗണന അട്ടിമറിക്കുമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കരുതുന്നു.
പുനര്‍നിര്‍മാണമല്ല, പ്രകൃതിക്ക് ഇണങ്ങുന്ന വികസന ഇടപെടലിലൂടെ പുതിയ കേരളം നിര്‍മിക്കുകയാണ് ലക്ഷ്യമെന്നുള്ള ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വളരെ ആവേശത്തോടെയാണ് കേരളസമൂഹം സ്വാഗതം ചെയ്തത്. പരിസ്ഥിതി പുനഃസ്ഥാപനത്തില്‍ ഊന്നിയ പുനര്‍നിര്‍മാണമെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അസസ്സ്‌മെന്റ് (PDNA) ശുപാര്‍ശ ചെയ്തതും. സംസ്ഥാന സര്‍ക്കാര്‍ ഇത് സമ്പൂര്‍ണമായി അംഗീകരിക്കുകയും ചെയ്തു.
പ്രളയത്തിന്റെ ആഘാതം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായ അശാസ്ത്രീയമായ ഭൂവിനിയോഗം, തണ്ണീര്‍ത്തടങ്ങളിലെ മാറ്റങ്ങള്‍, അനിയന്ത്രിതമായ ഖനനം മുതലായവ പരിസ്ഥിതിക്ക് ഉണ്ടാക്കിയ ആഘാതങ്ങള്‍ പരിഗണിച്ച് ഭൂവിനിയോഗം, ഭൂപരിവര്‍ത്തനം, ജലമാനേജ്‌മെന്റ് എന്നിവയില്‍ ശാസ്ത്രീയ രീതികള്‍ അവലംബിച്ചുകൊണ്ടുള്ള പുനര്‍നിര്‍മാണം ആണ് PDNA നിര്‍ദ്ദേശിക്കുന്നത്.
എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് ലോകബാങ്ക്, എഡിബി ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ ജോയിന്റ് റാപിഡ് ഡാമേജ് & നീഡ് അസസ്സ്‌മെന്റ് (JRDNA)റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ള കേരള പുനര്‍നിര്‍മാണ വികസനപദ്ധതി (RKDP) നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കയാണ്. ഈ പദ്ധതി, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും പൈപ്പുകളിലൂടെയുള്ള കുടിവെള്ള വിതരണത്തിനുമാണ് ഊന്നല്‍ നല്‍കുന്നത്. 36,500 കോടി രൂപ ചെലവ് വരുന്ന പുനര്‍നിര്‍മാണ പദ്ധതിയുടെ 60 ശതമാനവും ചെലവഴിക്കുന്നത് പൈപ്പ് വഴിയുള്ള കുടിവെള്ള വിതരണത്തിനാണ്. ഇതില്‍ സിഹഭാഗവും വാട്ടര്‍ അതോറിറ്റി, ജലനിധി മുതലായ ഏജന്‍സികളിലൂടെ ചെലവഴിക്കാനും ലക്ഷ്യമിടുന്നു.
പുനര്‍നിര്‍മാണത്തിന് ആവശ്യമായ 36,500 കോടി രൂപയില്‍ ഭൂരിഭാഗവും ലോകബാങ്ക്, എഡിബി മുതലായ വിദേശ ഏജന്‍സികളില്‍ നിന്ന് വായ്പയായി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പണം ചെലവഴിക്കുന്നത് റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് എന്ന ഉദ്യോഗസ്ഥ കേന്ദ്രീകൃതമായ സംവിധാനത്തിലൂടെയുമാണ്. ഇത്തരം ഭീമമായ വായ്പകള്‍ ഉള്‍ക്കൊള്ളാനും തിരിച്ചടയ്ക്കാനുമുള്ള ശേഷി കേരളത്തിന്റെ സമ്പദ്ഘടനയ്ക്കുണ്ടോ എന്നത് ഇന്നത്തെ സാഹചര്യത്തില്‍ സംശയകരമാണ്. അതോടൊപ്പം വിദേശ വായ്പകളെ ആശ്രയിച്ചും ഉദ്യോഗസ്ഥ മേല്‍ക്കയ്യിലും പുനര്‍നിര്‍മാണ പദ്ധതികള്‍ കേന്ദ്രീകൃതമായി നടപ്പാക്കുന്നത് കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചായിത്തീരാനുള്ള സാധ്യതയും കൂടുതലാണ്.
ഇത്തരം നടപടികളുടെ പരിണതഫലങ്ങള്‍ പുനര്‍നിര്‍മാണത്തില്‍ മാത്രമല്ല, കേരള സമ്പദ്ഘടനയിലും രാഷ്ട്രീയവ്യവസ്ഥയില്‍ തന്നെയും അഴിമതിയടക്കമുള്ള ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് ഞങ്ങള്‍ ആശങ്കപ്പെടുന്നു.
തദ്ദേശിയവും നിയമപരമായി അനുവദനീയവുമായ സ്രോതസ്സുകള്‍ വഴിതന്നെ പുനര്‍നിര്‍മാണത്തിനാവശ്യമായ പണത്തിന്റെ നല്ലൊരു ഭാഗം കണ്ടെത്താമെന്നിരിക്കെ ഇത്തരം സ്രോതസ്സുകള്‍ക്കാവണം മുന്‍ഗണന.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തങ്ങളില്‍ അര്‍പ്പിതമായ അവകാശങ്ങളും അധികാരങ്ങളും ഊര്‍ജസ്വലമായ രീതിയില്‍ ഉപയോഗിക്കുക കൂടി ചെയ്താല്‍ വിദേശ വായ്പയിലുള്ള ആശ്രിതത്വം വളരെയേറെ കുറയ്ക്കാന്‍ കഴിയും. പോരാതെ വരുന്ന പണം നിബന്ധനകളില്ലാത്ത തദ്ദേശ വായ്പകളായി സ്വരൂപിക്കാവുന്നതാണ്. പുനര്‍നിര്‍മാണം അതിബൃഹത്തായ ഒരു ജനകീയപ്രസ്ഥാനമായി മാറണം. ഇതിനെല്ലാം രാഷ്ട്രീയ ഇച്ഛാശക്തി അനിവാര്യമാണ്. സ്വദേശ വിദേശ വായ്പകളെല്ലാം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വായ്പാപരിധിയില്‍ വരുമെന്നിരിക്കെ തദ്ദേശ വായ്പകളാണ് കൂടുതല്‍ അഭികാമ്യം.
ഈ സാഹചര്യത്തില്‍ വിദേശ വായ്പകളെ ആശ്രയിച്ചുകൊണ്ടുള്ള കേരള പുനര്‍നിര്‍മാണ വികസന പദ്ധതിയെ പറ്റി സര്‍ക്കാര്‍ പുനരാലോചിക്കണമെന്നും പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പാരിസ്ഥിതിക പുനഃസ്ഥാപനത്തിനാണ് ഊന്നല്‍ നല്‍കേണ്ടതെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *