ശാസ്ത്രരഹസ്യങ്ങൾ തേടി നടക്കുന്ന ശാസ്ത്രാധ്യാപകൻ

0

വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകരും തിങ്ങിനിറഞ്ഞ സദസ്സിൽ, ശിവദാസ് മാഷ് സംസാരിക്കുമ്പോൾ സകലരും ചെവി കൂർപ്പിച്ച് ഇരുന്നു! ഒരു ചെറുപുഞ്ചിരിയോടെ കോട്ടയം സ്ലാങ്ങിൽ തന്റെ സ്വതസിദ്ധമായ നർമ്മം കലർന്ന ശൈലിയിൽ അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നു.. എല്ലാവരും കണ്ണിമ ചിമ്മാതെ അദ്ദേഹത്തെ നോക്കിയിരുന്നു..! ശാസ്ത്രസാഹിത്യകാരൻ എന്ന നിലയിൽ പ്രശസ്തനായ അദ്ദേഹത്തിന്റെ രചനകൾ കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിച്ച് വായിച്ചവയാണ്. യുറീക്കയുടെ പത്രാധിപർ ആയിരുന്നപ്പോൾ കുട്ടികൾക്ക് അദ്ദേഹം യുറീക്കാമാമൻ ആയിരുന്നു! തങ്ങളുടെ ഏത് സംശയങ്ങൾക്കും മാമൻ നിവൃത്തി വരുത്തിയിരുന്നു! പപ്പടം കുമിളയ്ക്കുന്നതെങ്ങനെ? എന്ന ഒരു മിടുക്കന്റെ സംശയം തീർത്തു കൊടുക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ ഓരോന്നായി വിശദീകരിച്ചപ്പോൾ സദസ്സ് അദ്ഭുതസ്തബ്ദരായി!
പപ്പടം ഉണ്ടാക്കുന്ന ഉഴുന്നുമാവിൽ ചേർക്കുന്ന കാരം ആണ് കാരണമെന്ന പൊതുബോധം ശരിയല്ലെന്ന തോന്നലിലാണ് അന്വേഷണം ആരംഭിച്ചത്. ഗോതമ്പുമാവിൽ കാരം ചേർക്കാതെ തന്നെ, പൂരി ഉണ്ടാകുമ്പോൾ അത് തിളച്ച വെളിച്ചെണ്ണയിൽ ഇട്ടാലുടൻ വലിയ കുമിള ഉണ്ടാക്കുന്നുണ്ടല്ലോ?! പപ്പടം ഉണ്ടാക്കുന്നവരുടെയടുത്ത് പോയുള്ള നിരീക്ഷണവും പഠനവും കാരം പപ്പടം കേടുകൂടാതെയിരിക്കാനുള്ള പ്രിസർവേറ്റീവ് ആയാണ് പ്രവർത്തിക്കുന്നതെന്ന് മനസ്സിലാക്കാനായി. അപ്പൊ പിന്നെ കുമിളയുടെ പിന്നിലെ ശാസ്ത്രരഹസ്യം എന്താകാം? അന്വേഷണം തുടർന്നപ്പോൾ സഹഅധ്യാപകരുടെ കളിയാക്കലുകൾ.. ലൈബ്രറിയിൽ പോയി തപ്പിയപ്പോൾ എല്ലാം സായിപ്പിന്റെ പുസ്തകങ്ങൾ! സായിപ്പ് പപ്പടം നേരിൽ കണ്ടിട്ടുപോലുമില്ല..! പിന്നെങ്ങനെ പപ്പടം പുസ്തകത്തിൽ കാണും?! അടുത്ത ലക്കം യുറീക്ക ഇറങ്ങുമ്പോഴേക്കും യുക്തിസഹമായ ഉത്തരം കണ്ടെത്താൻ നടത്തിയ പരക്കംപാച്ചിലുകൾ അദ്ദേഹം സരസമായി വിവരിച്ചപ്പോൾ, പുസ്തക രചന മാത്രമല്ല അദ്ദേഹത്തിന്റെ പ്രഭാഷണവും പാൽപ്പായസം കുടിക്കുന്ന പോലെ മധുരതരമാണെന്ന് ആളുകൾക്ക് ബോധ്യമായി. യുറീക്കയിലെ ലേഖനങ്ങൾ കേവലം പകർത്തിയെഴുത്തോ തർജമകളൊ അല്ലെന്നും അതിന് പിറകിൽ ശാസ്ത്രീയമായ അന്വേഷണങ്ങൾ ഉണ്ടെന്നും സദസ്യർക്ക് ബോധ്യമായി.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആനുകാലികങ്ങളായ യുറീക്ക, ശാസ്ത്രകേരളം എന്നിവയുടെ ഒരു വർഷം നീളുന്ന സുവർണ ജൂബിലി ആഘോഷത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം! വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം, മാത്തൻ മണ്ണിരക്കേസ് തുടങ്ങി നിരവധി പുസ്തകങ്ങളുടെ കർത്താവായ അദ്ദേഹം തന്റെ രചനകളിലൂടെ എല്ലാവർക്കും വിശിഷ്യാ കുട്ടികൾക്ക് എന്നും ഒരു പ്രചോദനമാണ്! ഒരു ശാസ്ത്രാധ്യാപകൻ എങ്ങനെയാകണം എന്നതിന് ഒരു മാതൃകയാണ് പ്രൊഫ.എസ്.ശിവദാസ്.

Leave a Reply

Your email address will not be published. Required fields are marked *