ശാസ്ത്രസാങ്കേതികരംഗം 2017 ല്‍ കടന്നുപോയ വര്‍ഷത്തില്‍, ശാസ്ത്രസാങ്കേതിക- രംഗത്തുണ്ടായ മുഖ്യസംഭവങ്ങള്‍ ഒന്ന് ഓര്‍ത്തുനോക്കാം

0

ജ്യോതിശ്ശാസ്ത്രം-
ബഹിരാകാശം
1. ഭൂമിയുടെ വലിപ്പമുള്ള ഏഴ് ഗ്രഹങ്ങളെ കുംഭരാശി (Aquarius) യില്‍ ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചിരിക്കുന്നു. TRAPPIST – J അതിനക്ഷത്രത്തിനു ചുറ്റുമാണിവ ഭ്രമണം ചെയ്യുന്നത്. ഈ നക്ഷത്രത്തിന് വ്യാഴം ഗ്രഹത്തിന്റെ വലിപ്പമുണ്ട്. സൂര്യനെ അപേക്ഷിച്ച് താപനില വളരെ കുറവാണ്. ഭൂമിയില്‍ നിന്ന് നാല്‍പത് പ്രകാശവര്‍ഷം അകലെയാണിത്. ബെല്‍ജിയം യൂണിവേഴ്സിറ്റി ഓഫ് ലീഗ് (Liege) ആസ്ട്രോഫിസിസ്റ്റായ ഡോ മിഖയേല്‍ ഗില്ലണ്‍ ആണ് ഈ പുതിയ സപ്തഗ്രഹങ്ങളെ കണ്ടുപിടിച്ചത്.
2. കാസിനി – ഹൈഗന്‍ മിഷന്‍ സമാപ്തിയായി
ശനി ഗ്രഹത്തിന് ചുറ്റും ഭ്രമണം നടത്തിയിരുന്ന കാസിനി ബഹിരാകാശപേടകം 2017 സെപ്തംബര്‍ 15-ാം തിയതി നിശ്ചലമായി ഗ്രഹത്തിന്റെ അന്തരീക്ഷത്തിലേക്ക് പതിച്ചു. അങ്ങനെ 19 വര്‍ഷം 11 മാസം നീണ്ട അതിന്റെ സേവനവും യാത്രയും അവസാനിച്ചു. നാസ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി, ഇറ്റാലിന്‍ സ്പേസ് ഏജന്‍സി, എന്നിവ സംയുക്തമായി നടത്തിയ ശനി ഗ്രഹ പഠനപദ്ധതിക്ക് ഇതോടെ തിരശീല വീണു. ഒട്ടേറെ പുത്തന്‍ അറിവുകള്‍ നല്‍കിയാണ് ഈ മിഷന്‍ അവസാനിച്ചത്.
3. സരസ്വതി – സൂപ്പര്‍ക്ലസ്റ്റര്‍ ഗാലക്സി
പുനൈയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി & ആസ്ട്രോഫിസിക്സ് (IUCAA), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (IISER) പൂനൈ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT) ജെംഷെഡ് പൂര്‍, ന്യൂമാന്‍ കോളേജ് തൊടുപുഴ എന്നീ സ്ഥാപനങ്ങള്‍ ഗ്യാലക്സികളുടെ ഒരു സൂപ്പര്‍ മെഗാനദി തിരിച്ചറിഞ്ഞിരിക്കുന്നു. ‘നീര്‍ച്ചുഴികളോട് കൂടിയ നിതാന്ത പ്രവാഹം’ എന്നര്‍ഥം വരുന്ന ‘സരസ്വതി’ എന്ന പേരാണ് ഈ സൂപ്പര്‍ക്ലസ്റ്ററിന് നല്‍കിയിരിക്കുന്നത്. 400 കോടിപ്രകാശവര്‍ഷമപ്പുറമാണ് ഈ വമ്പന്‍ സ്ഥിതി ചെയ്യുന്നത്.
4. 2017 ഫെബ്രുവരി 15-ാം തിയതി ഒറ്റയടിക്ക് 104 കൃത്രിമ ഉപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിച്ച് ISRO ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നും PSLV C 37 എന്ന റോക്കറ്റാണ് ഇത്രയും കൃത്രിമ ഉപഗ്രഹങ്ങളെ ഒന്നിച്ച് നിര്‍ദിഷ്ട ഭ്രമണപഥത്തിലെത്തിച്ചത്. ഇവയില്‍ മൂന്നെണ്ണം ഇന്ത്യയുടേതും 101 എണ്ണം മറ്റു രാജ്യങ്ങളുടേതുമായിരുന്നു.
5. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ പ്രപഞ്ചത്തില്‍ ഇതുവരെ അറിയപ്പെട്ടതില്‍ ഏറ്റവും ചെറിയ നക്ഷത്രം കണ്ടുപിടിച്ചിരിക്കുന്നു. eblm j0555-57ab എന്നാണ് ഈ കുഞ്ഞുനക്ഷത്രം അറിയപ്പെടുക.
ബയോടെക്നോളജി
1. IIT ഗൗഹത്തിയിലെ ഗവേഷകര്‍ കൃത്രിമ ആഗ്നേയഗ്രന്ഥി വികസിപ്പിച്ചെടുക്കുന്നതില്‍ വിജയിച്ചിരിക്കുന്നു. ഒരു 3D സില്‍ക് ചട്ടക്കൂട്ടിലാണ് ഇത് നിര്‍മിച്ചെടുത്തത്. മൃഗങ്ങളിലും മനുഷ്യരിലും നടത്തുന്ന പരീക്ഷണങ്ങളില്‍ വിജയം കണ്ടാല്‍ ടൈപ് 1 ഡയബറ്റൈസുള്ളവരുടെ ചികിത്സക്ക് ഉപകാരപ്രദമായിത്തീരും.
2. ലോകത്തില്‍ ആദ്യത്തെ അര്‍ധസംശ്ലേഷിത അണുജീവി സ്ഥിരതയുള്ള ഒരു അര്‍ധസംശ്ലേഷിത ഏകകോശ ബാക്ടീരിയത്തെ പരീക്ഷണശാലയില്‍ ശാസ്ത്രജ്ഞര്‍ നിര്‍മിച്ചിരിക്കുന്നു. ഔഷധനിര്‍മാണരംഗത്തും മറ്റും വന്‍ സാധ്യതകളാണ് ഈ നേട്ടം തുറന്നുതരുന്നത്.
3. പന്നി -മനുഷ്യ ഹൈബ്രിഡ്
ഭാഗികമായി പന്നികളുടെയും മനുഷ്യന്റെയും സ്വഭാവമുള്ള ഭ്രൂണങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശാസത്രജ്ഞര്‍ വിജയിച്ചിരിക്കുന്നു. മൃഗങ്ങള്‍ക്കുള്ളില്‍ മനുഷ്യാവയവങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ഭാവിയില്‍ ഈ നേട്ടം പ്രയോജനപ്പെടും.
ആരോഗ്യം/ഔഷധം
1.മുറിവുണക്കാന്‍ ജൈവപശ
ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പോള്‍സണ്‍ സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്റ് അപ്ലൈഡ് സയന്‍സിലെ ശാസ്ത്രജ്ഞര്‍ നല്ല ഉറപ്പുള്ളതും ഇഷ്ടം പോലെ വളയ്ക്കത്തക്കതുമായ ഒരു പശ കണ്ടുപിടിച്ചിരിക്കുന്നു. ശസ്ത്രക്രിയകള്‍ക്കുശേഷം മുറിവ് തുന്നിക്കൂട്ടാതെ മുറിവിന്റെ രണ്ട് ഭാഗത്തും ഈ പശ തേച്ചാല്‍ മുറിവ് ഒട്ടിച്ചേര്‍ന്ന് ഉണങ്ങിക്കൊള്ളും. നന്നായി മുറിവുണങ്ങുന്നതോടെ പശ സ്വയം വിഘടിച്ച് പോവുകയും ചെയ്യും.
മറ്റുനേട്ടങ്ങള്‍
പരീക്ഷണശാലയില്‍ ആദ്യമായി മനുഷ്യ ആന്റിബോഡികള്‍ നിര്‍മിച്ചിരിക്കുന്നു.
ഭ്രൂണത്തിലെ കേടുവന്ന DNA റിപ്പയര്‍ ചെയ്യാനുള്ള ഒരു പുതിയ ഉപായം ചൈനയിലെ ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചിരിക്കുന്നു.
ലോകത്തെ ഏറ്റവും ചെറിയ പേസ്‌മേക്കര്‍ അമേരിക്കയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ രോഗികളില്‍ വച്ചുപിടിപ്പിച്ചിരിക്കുന്നു.
മെസന്ററി എന്ന പുതിയ അവയവം മനുഷ്യശരീരത്തില്‍ കണ്ടുപിടിച്ചിരിക്കുന്നു
കമ്പ്യൂട്ടര്‍ റോബോട്ടിക്സ്
ലോകത്തെ പ്രഥമ തന്മാത്രീയ റോബോട്ട് മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു.
ലോകത്തെ ഏറ്റവും ചെറിയ സര്‍ജിക്കല്‍ റോബോട്ട് ബ്രിട്ടണില്‍ നിര്‍മിച്ചിരിക്കുന്നു. വെര്‍സിയാസ് എന്നാണ് അതിന്റെ പേര്.
ടാറ്റ ഗ്രൂപ്പ്, ബ്രാബോ (BRABO) എന്ന വ്യാവസായിക റോബോട്ടിനെ വികസിപ്പിച്ചെടുത്തു.
ഭൗമശാസ്ത്രം, ഭൗതികം, രസതന്ത്രം, ജീവശാസ്ത്രം തുടങ്ങിയ മേഖലകളിലും ഒട്ടേറെ കണ്ടുപിടുത്തങ്ങള്‍ക്ക് 2017 സാക്ഷ്യം വഹിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *