അന്തര്‍സംസ്ഥാനബാലോത്സവം രണ്ടാംഘട്ടം ആഘോഷപൂര്‍വ്വം സമാപിച്ചു
തിരുപ്പൂര്‍ : പരിഷത്ത് ചിറ്റൂര്‍ മേഖലയും തമിഴ്‌നാട് സയന്‍സ്‌ഫോറം തിരുപ്പൂര്‍ ജില്ലയും സംയുക്തമായി സംഘടിപ്പിച്ച അന്തര്‍ സംസ്ഥാന ബാലോത്സവം കുട്ടികള്‍ക്കും പ്രവര്‍ത്തകര്‍ക്കും വര്‍ധിച്ച ആവേശം നല്‍കി ആഘോഷപൂര്‍വ്വം സമാപിച്ചു. തിരുപ്പൂരില്‍ വെച്ച് നവംബര്‍ 11,12,13 തിയ്യതികളിലായിരുന്നു രണ്ടാംഘട്ട ബാലോത്സവം നടന്നത്. തിരുപ്പൂര്‍ പട്ടണത്തിലും സമീപപ്രദേശങ്ങളിലുമായി അഞ്ച് കേന്ദ്രങ്ങളില്‍ വെച്ചാണ് രണ്ടാംഘട്ടം നടന്നത്. ബാലോത്സവത്തില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികളും ഏതാനും രക്ഷിതാക്കളും പ്രവര്‍ത്തകരും നവംബര്‍ 11ന് കാലത്ത് 10 മണിക്ക് ഒരുബസ്സും രണ്ടു വാനും അഞ്ച് കാറുകളിലുമായി തിരുപ്പൂര്‍ക്ക് പുറപ്പെട്ടു. ചിറ്റൂരില്‍വെച്ച് ഹൃദ്യമായ യാത്രയയപ്പ് ഇവര്‍ക്ക് നല്‍കി. ഉച്ചക്ക് ഒരുമണിക്ക് പല്ലടത്ത് വച്ച് (തിരുപ്പൂരിന് 15 കി.മീ. മുമ്പ്) വനം ഫൗണ്ടേഷന്റെ വക സ്വീകരണം നല്‍കി. ബാന്‍ഡ് വാദ്യങ്ങളോടെ സ്വീകരണ റാലിയും നടന്നു. തുടര്‍ന്ന് സേദാര്‍പാളയം യൂണിവേഴ്‌സല്‍ സ്‌കൂളില്‍ എല്ലാവരെയും എത്തിക്കുകയും ഭക്ഷണം നല്‍കുകയും ചെയ്തു. ഇവിടെ ചേര്‍ന്ന സമ്മേളനത്തില്‍ തമിഴ്‌നാട് സയന്‍സ്‌ഫോറം ജനറല്‍ സെക്രട്ടറി ശ്രീ. അമല്‍രാജ് ബാലേത്സവം ഉല്‍ഘാടനം ചെയ്തു. തമിഴ്‌നാട് സയന്‍സ്‌ഫോറം സംസ്ഥാന പ്രസിഡന്റ് ശ്രീമതി. മോഹന അധ്യക്ഷയായിരുന്നു. സ്റ്റേറ്റ് സെക്രട്ടറി ത്യാഗരാജന്‍, സ്വാഗതസംഘം കമ്മിറ്റി മെമ്പര്‍ വ്യവസായ കോട്ടൈസ്വാമി, സ്‌കൂള്‍ പ്രിന്‍സിപ്പള്‍ രാജഗോപാല്‍, കെ.ജി.എം. ലിയോനാര്‍ഡ് എന്നിവര്‍ സംസാരിച്ചു. വൈകുന്നേരം ബാലോത്സവം നടക്കുന്ന കേന്ദ്രങ്ങളിലേക്ക് അതാത് കുട്ടികളെയും പ്രവര്‍ത്തകരെയും എത്തിച്ചും, തിരുപ്പൂര്‍ പട്ടണത്തിലെ പെരിയാര്‍ കോളനിയിലെ ഗവ: യു.പി. സ്‌കൂള്‍, രങ്കനാഥപുരം അമുത സ്‌കൂള്‍, സമീപപ്രദേശങ്ങളായ ഊത്തുക്കുഴിയിലെ കൊങ്കു സ്‌കൂള്‍, പടിയൂരിലെ പെം സ്‌കൂള്‍, സേദാര്‍പാളയത്തിലെ യൂണിവേഴ്‌സല്‍ സ്‌കൂള്‍ എന്നിവയായിരുന്നു കേന്ദ്രങ്ങള്‍, അതാത് കേന്ദ്രങ്ങളില്‍ എത്തിയ കുട്ടികള്‍ക്കും പ്രവത്തകര്‍ക്കും ആവേശജനകമായ സ്വീകരണമാണ് ലഭിച്ചത്. പെരിയാര്‍ കോളനിയില്‍ വാദ്യഘോഷങ്ങളോടെയും പടക്കം പൊട്ടിച്ചും നല്‍കിയതെങ്കില്‍ കൊങ്കുസ്‌കൂളില്‍ കേരളീയ കലകളായ ഭരതനാട്യം, കുച്ചുപ്പുടി, വാള്‍പയറ്റ് എന്നിവ അവതരിപ്പിച്ചു കൊണ്ടായിരുന്നു സ്വീകരണം. അതാത് കേന്ദ്രങ്ങളിലും ആദ്യദിവസം തന്നെ ഉല്‍ഘാടന പരിപാടികളും നടന്നു. തുടര്‍ന്ന് കുട്ടികള്‍ അവരവരുടെ സുഹൃത്തുക്കളോടൊപ്പം വീടുകളിലേക്ക് പോവുകയും ചെയ്തു. രണ്ടാം ദിവസം കാലത്ത് 9 മണിക്ക് ക്യാമ്പുകള്‍ ആരംഭിച്ചു. മനുഷ്യന്റെ വളര്‍ച്ചയെ പ്രതിപാദിക്കുന്ന ഒരു ഗാനത്തോടെയാണ് ക്യാമ്പുകള്‍ ആരംഭിച്ചത്. അഞ്ച് വിഷയങ്ങളിലാണ് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. 1, ജലവും മാനവസംസ്‌കാരവും, 2, ജലവും മണ്‍തരങ്ങളും, 3, ജലവും – വിപണിയും, 4, ജലവും ഗുണനിലവാരവും, 5, ജലവും ദുരന്തങ്ങളും. രണ്ടാം ദിവസക്യാമ്പില്‍ ഇതില്‍ നാല് വിഷയങ്ങളില്‍ ക്ലാസ്സും അനുബന്ധ പ്രവര്‍ത്തനങ്ങളും നടന്നു. നിരവധി കളികളും പാട്ടുകളും ഉള്‍പ്പെടുത്തിയിരുന്നു. രണ്ടാം ദിവസം വൈകുന്നേരം അഞ്ച് മണിക്ക് തന്നെ സമാപിച്ചു. ആതിഥേയരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് കുട്ടികളെ വീടുകളിലേക്ക് കൊണ്ടുപോയി. ഈ ദിവസം കുട്ടികള്‍ക്ക് വ്യത്യസ്തങ്ങളായഅനുഭവങ്ങളാണ് വീടുകളില്‍ നിന്ന് ഉണ്ടായത്. പലരും കുടുംബസമേതം സിനിമ കാണാന്‍ പോയി. ചിലര്‍ പാര്‍ക്കിലും മറ്റ് സ്ഥലങ്ങളിലും പോയി. ചിലര്‍ സാധനങ്ങള്‍ വാങ്ങിനല്‍കാനായി കുട്ടികളെയും കൊണ്ട് കടകളിലേക്ക് പോയി. മൂന്നാം ദിവസം നഗരത്തിലുളള കിഡ്‌സ് ക്ലബ്ബ് സ്‌കൂളില്‍ വെച്ചായിരുന്നു സമാപനം. കാലത്ത് കുട്ടികളെയും കൊണ്ട് എല്ലാ രക്ഷിതാക്കളും സമാപന കേന്ദ്രത്തില്‍ എത്തി. പരിഷത്ത് പ്രവര്‍ത്തകരായ ലിയോനാര്‍ഡ്, ബി.എം. മുസ്തഫ, ജില്ലാ ബാലവേദി കണ്‍വീനര്‍ ശങ്കരന്‍കുട്ടി, മേഖലാ പ്രസിഡന്റ് ശശികുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഈ സ്‌കൂളിലെ അഞ്ച് ഹാളുകളിലായി തുടര്‍വിഷയങ്ങളില്‍ ക്ലാസ്സും പ്രവര്‍ത്തനങ്ങളും നടന്നു. ഈ സമയം ഇരുനൂറോളം വരുന്ന രക്ഷിതാക്കളുമായി വിദ്യാഭ്യാസ സംവാദം നടന്നു. തമിഴ്‌നാട് സയന്‍സ്‌ഫോറത്തിന്റെ വിദ്യാഭ്യാസ കണ്‍വീനറായ ശ്രീ. മാധവന്‍ ആയിരുന്നു രക്ഷിതാക്കളുമായി സംവദിച്ചത്. തുടര്‍ന്ന് പരിഷത്തിനെ അവര്‍ക്ക് പരിചയപ്പെടുത്തി. 11.30ന് സമാപന സമ്മേളനം നടന്നു. സമാപനസമ്മേളനം ഉല്‍ഘാടനം ചെയ്തത് തിരുപ്പൂര്‍ എക്‌സ്‌പോര്‍ട്ടര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഷണ്‍മുഖരാജയാണ്. സ്വാഗതസംഘം ചെയര്‍മാന്‍ മെജസ്റ്റിക് കന്തസ്വാമി അധ്യക്ഷത വഹിച്ചു. TNSF സ്റ്റേറ്റ് ട്രഷറര്‍ സെന്തമിഴ് ശെല്‍വന്‍, കിഡ് സ്‌കൂള്‍ കറസ്‌പോണ്ടന്റ് മോഹനന്‍ കാര്‍ത്തിക് ചടങ്ങില്‍ പരിഷത്ത് പ്രവര്‍ത്തകര ആദരിച്ചു. കുട്ടികള്‍ എല്ലാവര്‍ക്കും മെഡല്‍, ഷീല്‍ഡ്, ട്രാവലര്‍ ബാഗ്, ടീഷര്‍ട്ട്, നോട്ടുബുക്കും മറ്റും അടങ്ങി തുണിസഞ്ചി എന്നിവ വേദിയില്‍ വെച്ച് തന്നെ നല്‍കി. അനുഭവങ്ങള്‍ പങ്കിട്ടുകൊണ്ടുളള പറച്ചിലുകള്‍ വേദിയെ ആകെ വികാരനിര്‍ഭരമാക്കി, അക്ഷരാര്‍ത്ഥത്തില്‍ ശ്വാസം അടക്കിപ്പിടിച്ചിരിക്കുകയായിരുന്നു വേദിയാകെ. തിരുപ്പൂരിലെ ഒരമ്മ പറഞ്ഞ് ഇങ്ങനെയായിരുന്നു. ”എനിക്ക് ഒരു മകനെയുളളൂ. ഇപ്പോള്‍ ഒരു മകനെ കൂടെ കിട്ടി. അവനും എന്റെ മകനാണ്. ഇവന്റെ വീട്ടുകാരും എന്റെ ബന്ധുക്കളായി. ഇവനും ഇവന്റെ കുടുംബവുമില്ലാതെ ഇനി ഞങ്ങളുടെ വീട്ടില്‍ ഒരു കാര്യവും നടക്കില്ല” എന്നായിരുന്നു. സമാനമായ നിരവധി അഭിപ്രായങ്ങള്‍ ഉണ്ടായി. ഉച്ചക്ക് 1.30ന് സമാപിച്ചു. ഭക്ഷണത്തിന് ശേഷം വാഹനങ്ങളില്‍ കയറിയ കൂട്ടുകാരെ വിട്ടുപിരിയാന്‍ വല്ലാതെ കഷ്ടപ്പെടുന്ന കൂട്ടുകാരെയും രക്ഷിതാക്കളെയും കാണാമായിരുന്നു. നിരവധിപേര്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പാണ് നല്‍കിയത്. എല്ലാ കുട്ടികളും ആറ് മണിക്ക് മുമ്പായി തന്നെ അവരവരുടെ വീടുകളില്‍ എത്തിച്ചേര്‍ന്നു.
കുട്ടികള്‍ക്ക് സംഘാടകര്‍ നല്‍കിയ സമാനങ്ങള്‍ക്ക് പുറമെ കൊങ്കു സ്‌കൂളില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് കൂട്ടുകാരോപ്പം നില്‍ക്കുന്ന ഫോട്ടോ പതിച്ച ഷീല്‍ഡുകള്‍ ലഭിച്ചിരുന്നു. കുട്ടികള്‍ക്ക് വീടുകളില്‍ നിന്ന് കുപ്പായങ്ങള്‍, മറ്റു സാധനങ്ങളുമായി നിരവധി സ്‌നേഹ സമ്മാനങ്ങളുമായാണ് തിരിച്ചെത്തിയത്. എല്ലാം കൊണ്ടും മറക്കാനാവാത്ത ഒരനുഭവമായിരുന്നു കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും.
ഇത്തരത്തില്‍ ഒരു ബാലോത്സവം സംഘടിപ്പിക്കാന്‍ ആലോചിച്ചു സമയത്ത് ലക്ഷ്യം വെച്ചിരുന്ന ഭാഷാ, വേഷം, ജാതി, മതം, മറ്റും വ്യത്യാസങ്ങള്‍ കൂടാതെ കുട്ടികളില്‍ മനുഷ്യത്വം എന്ന ആശ്രയം വളര്‍ത്തിയെടുക്കല്‍ എന്നത് അതിനുമപ്പുറത്തേക്ക് വളര്‍ന്ന് വികസിച്ച എന്നതാണ് ഈ പരിപാടിയുടെ ബാക്കിപത്രം