കണ്ണൂർ ദ്വിദിന ബാലവേദി പ്രവർത്തക ശില്പശാല സമാപിച്ചു.
ക്യാമ്പ് സമാപിച്ചു
ശാസ്ത്ര ചിന്തകളോടെ യുക്തിഭദ്രമായ സമൂഹ നിർമ്മിതിക്ക് കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ രണ്ടു ദിവസമായി ചെണ്ടയാട് യുപി സ്കൂളിൽ നടന്ന ദ്വിദിന ബാലവേദി പ്രവർത്തക ശില്പശാല സമാപിച്ചു.
കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലത കെ ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ അനിൽകുമാർ അധ്യക്ഷനായ ചടങ്ങിൽ സംഘടക സമിതി കൺവീനർ സി കെ സുരേഷ് ബാബു സ്വാഗതം പറഞ്ഞു.
ബോധപൂർവ്വമായ വർഗീയ ധ്രുവീകരണത്തിലേക്ക് കുട്ടികളെ കബളിപ്പിച്ചു ആനയിക്കുന്ന കാലത്ത് യുറീക്കാ ബാലവേദികൾ ശാസ്ത്ര ബോധത്തിന്റെ കൈത്തിരിയേന്തി മുന്നിൽ നടക്കേണ്ടതുണ്ടെന്നു ബാലവേദി പരിപ്രേക്ഷ്യം അവതരിപ്പിച്ചുകൊണ്ട് ശാസ്ത്ര സാഹിത്യ പരിഷത്ത് നിർവാഹ സമിതി അംഗം ശശിധരൻ മണിയൂർ സംസാരിച്ചു. ബാലവേദി കണ്ണൂർ ജില്ലാ കൺവീനർ ക്യാമ്പ് വിശദീകരണം നടത്തി. കളികൾ നിർമ്മാണം, കുരുത്തോല, ഗണിതം, ശാസ്ത്ര പരീക്ഷണങ്ങൾ, കഥ, പാട്ട് വിവിധ മൂലകളിൽ ആയി പരിശീലനം നടന്നു.
ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ സെക്രട്ടി പി ടി രാജേഷ് മാസ്റ്റർ, പ്രസിഡന്റ് കെപി പ്രദീപൻ മാസ്റ്റർ, ബേബിലത ടീച്ചർ, ഗിരീഷ് കോയിപ്ര എന്നിവർ സംസാരിച്ചു, ഇ എം ഗണേശൻ നന്ദി രേഖപ്പെടുത്തി. 14 മേഖലകളിൽ നിന്നായിരുന്നു 60 പേർ പങ്കെടുത്ത ക്യാമ്പ് കൂട്ടപ്പാട്ടോടെ സമാപിച്ചു.