കൊവിഡ് 19: അശാസ്ത്രീയ പ്രചരണം ഒഴിവാക്കുക

0

ആഗോള മഹാമാരിയായി മാറിയ കോവിഡ് 19 ജനങ്ങളിലാകെ ആശങ്ക പരത്തുമ്പോള്‍ രോഗ വ്യാപനം തടയാനുള്ള ശാസ്ത്രീയ മാര്‍ഗങ്ങളാണ് നാട്ടിലാകെ പ്രചരിപ്പിക്കേണ്ടത്. ഈ രോഗത്തിന് ഫലപ്രദമാണെന്ന് ശാസ്ത്രീയമായി തെളിയിച്ച ഒരു മരുന്നും ഇതുവരെ ലഭ്യമായിട്ടില്ല. രോഗ ലക്ഷണങ്ങളുടെ ചികിത്സയും മറ്റു ജീവൻ രക്ഷാ മാർഗങ്ങളുമാണ് ഇതിന്റെ ചികിത്സക്കുവേണ്ടി ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. ഈ പുതിയ വൈറസിന് പരിഹാരമായി ചില ഹോമിയോ മരുന്നുകൾ ഉപയോഗിക്കാമെന്ന് ആയുഷ് മന്ത്രാലയവും െറയില്‍വെയും ഉൾപ്പെടെ പല കോണുകളിൽ നിന്നും ശാസ്ത്രീയമായ ഒരു തെളിവുകളും ഇല്ലാതെ പ്രചരിപ്പിച്ചു വരുന്നതായി കാണുന്നു.
കോവിഡ് 19 നെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോൾ അശാസ്ത്രീയമായതും തെറ്റിദ്ധാരണകൾ പരത്തുന്നതും ഒരു സംരക്ഷണത്തിന്റെ മിഥ്യാബോധം ജനിപ്പിക്കുന്നതുമായ ഇത്തരം കാര്യങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുന്നത് ഒട്ടും ആശാസ്യമല്ല. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിതാന്ത ജാഗ്രതയിലൂടെ നമുക്കിതുവരെ ഈ മഹാമാരിയെ ഒരുവിധം നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാൽ അടുത്ത ഘട്ടത്തില്‍ കൂടുതൽ സാമൂഹ്യ വ്യാപനം സംഭവിച്ചാല്‍ നിലവിലുള്ള സംവിധാനങ്ങൾ പോരാതെ വരും. ഈ അവസ്ഥ ഒഴിവാക്കാൻ രോഗത്തിനെതിരെയുള്ള നമ്മുടെ ജാഗ്രത കൂടുതൽ കർശനവും ശാസ്ത്രീയവും ആയിരിക്കണം. അതിനിടെ വരുന്ന ശാസ്ത്രീയടിത്തറയില്ലാത്ത പ്രചരണങ്ങളും പ്രസ്താവനകളും ഒഴിവാക്കുക.

Leave a Reply

Your email address will not be published. Required fields are marked *