ദേശീയശാസ്ത്രദിനം: പരിഷത്ത് ശാസ്ത്രസെമിനാർ
തൃശ്ശൂര്‍: ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് ശാസ്ത്ര സെമിനാർ നടത്തി. ഇരിങ്ങാലക്കുട ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഇ അബ്ദുൾ റസാഖ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ശാസ്ത്രാവബോധ സമിതി ചെയർമാനും മുൻ സംസ്ഥാന പ്രസിഡണ്ടുമായ പ്രൊഫ. കെ ആർ ജനാർദനൻ മുഖ്യപ്രഭാഷണം നടത്തി. “കാലിൽ ചുറ്റിയ തേടാത്ത വള്ളികൾ” എന്നതായിരുന്നു രസകരമായ പ്രഭാഷണ വിഷയം. ഗവേഷണങ്ങൾക്കിടെ ശാസ്ത്രജ്ഞർ ആകസ്മികമായി കണ്ടെത്തുകയും പീന്നീട് മനുഷ്യരാശിയ്ക്ക് ഏറെ പ്രയോജനപ്പെടുകയും ചെയ്ത ശാസ്ത്ര കണ്ടുപിടുത്തങ്ങളെ പറ്റിയായിരുന്നു അദ്ദേഹം സംസാരിച്ചത്.
മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ച കെ കെ ഹരീഷ് കുമാർ, ‘ഗണിതശാസ്ത്രത്തിന് കേരളത്തിന്റെ സംഭാവന’ എന്ന വിഷയത്തിൽ സംസാരിച്ചു. കലനശാസ്ത്രത്തിന്റെ (Calculus) അടിസ്ഥാന തത്വങ്ങൾ ഉൾപ്പെടെ ഉപരിഗണിതത്തിലെ നിരവധി മേഖലകളിൽ ശ്രദ്ധേയമായ കണ്ടുപിടുത്തങ്ങൾ നടത്തിയ ഇരിങ്ങാലക്കുടക്കാരൻ സംഗമഗ്രാമ മാധവൻ, ‘യുക്തിഭാഷ’യുടെ കർത്താവായ ജ്യേഷ്ഠദേവൻ, ‘ദൃക്ഗണിതം’ രചിച്ച വടശ്ശേരി പരമേശ്വരൻ നമ്പൂതിരി തുടങ്ങിയ പണ്ഡിതരുടെ വൈജ്ഞാനിക സംഭാവനകളെ പറ്റി അദ്ദേഹം വിശദീകരിച്ചു.
ജില്ലാകമ്മിറ്റി അംഗം ഒ എൻ അജിത്കുമാർ അധ്യക്ഷത വഹിച്ചു. പ്രൊഫ. എം കെ ചന്ദ്രൻ, ജില്ലാ സെക്രട്ടറി ടി സത്യനാരായണൻ എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ ടി എ ഷിഹാബുദീൻ, മേഖലാ സെക്രട്ടറിമാരായ പി എൻ ലക്ഷ്മണൻ, പി പി മോഹൻദാസ് എന്നിവർ പങ്കെടുത്തു.