കുട്ടികളിൽ കൗതുകവും ജിജ്ഞാസയുമുണർത്തി വിജ്ഞാൻസാഗറിൽ ‘സയൻസ് പാർലമെന്റ്’

0

ദേശീയ ശാസ്ത്രദിനാഘോഷത്തോടനുബന്ധിച്ച് തൃശൂർ വിജ്ഞാൻസാഗർ ‘സയൻസ് പാർലമെന്റ് ‘ എന്ന പുതുമയാർന്ന പരിപാടി സംഘടിപ്പിച്ചു.

തൃശ്ശൂർ: ദേശീയ ശാസ്ത്രദിനാഘോഷത്തോടനുബന്ധിച്ച് തൃശൂർ വിജ്ഞാൻസാഗർ ‘സയൻസ് പാർലമെന്റ് ‘ എന്ന പുതുമയാർന്ന പരിപാടി സംഘടിപ്പിച്ചു.
ജില്ലയിലെ വിവിധ ഹൈസ്‌കൂൾ ഹയർസെക്കൻഡറി സ്ക്കൂളുകളിൽ നിന്ന് തെരഞ്ഞെടുത്ത 10 വിദ്യാർത്ഥികളാണ് സയൻസ് നിയമസഭയിൽ ‘എം.എൽ.എ.’ മാർ ആയി എത്തിയത്.
ഓൺലൈനായി നടത്തിയ ഈ ശാസ്ത്രപരിപാടി നിയമനിർമാണ സഭയിലെ നടപടിക്രമങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന രീതിയിൽ ശാസ്ത്ര ചോദ്യോത്തരവേള ഉൾപ്പെടുത്തിയാണ് സംഘടിപ്പിച്ചത്. ‘നിയമസഭാസ്‌പീക്കർ’ തന്റെ ഹ്രസ്വ പ്രസംഗത്തിനുശേഷം ശാസ്ത്രനയപ്രഖ്യാപനതിനായി ‘ഗവർണറെ’ സഭയിലേക്ക് സ്വാഗതം ചെയ്തു. നയപ്രഖ്യാപനശേഷം സ്പീക്കർ സയൻസ് സഭാനേതാവായ ‘മുഖ്യമന്ത്രി’യെ സഭയെ അഭിസംബോധന ചെയ്യുന്നതിനായി ക്ഷണിച്ചു.
ഒരു കൊച്ചുകുട്ടി അയച്ചു നൽകിയ ചോദ്യം പരാമർശിച്ചു കൊണ്ട് ഭൂമിയിൽ ജീവൻ എങ്ങനെ ഉണ്ടായി എന്നതിനെപ്പറ്റി ചുരുങ്ങിയ വാക്കുകളിൽ ‘ശാസ്ത്ര മുഖ്യമന്ത്രി’ സഭയിൽ പ്രസംഗിച്ചു. തുടർന്ന്, സ്പീക്കർ ചോദ്യോത്തരവേളയ്ക്കുള്ള സമയമായെന്ന് സഭയെ അറിയിച്ചു.
വിവിധ വിഷയങ്ങളിൽ നേരത്തെ അയച്ചു കിട്ടിയ ശാസ്ത്രസംബന്ധിയായ ചോദ്യങ്ങൾ വിദ്യാർത്ഥികളായ ‘എം. എൽ. എ.’ മാരാണ് സഭയിൽ ഉന്നയിച്ചത്. അതതു മേഖലയിലെ വിദഗ്ധരായ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, പൊതുവിജ്ഞാന ‘മന്ത്രിമാർ ‘ അവയ്ക്ക് മറുപടി നൽകി.
ഡോ. ടി ആർ ഗോവിന്ദൻ കുട്ടി സ്പീക്കറായി. ഡോ. എ വി രഘു ഗവർണറും പ്രൊഫ. സി വിമല മുഖ്യമന്ത്രിയും ആയി. വിവിധ ശാസ്ത്രവിഷങ്ങളിൽ മന്ത്രിമാരായി എത്തിയത് പ്രൊഫ. കെ ആർ ജനാർദ്ദനൻ, ഡോ. വി എം ഇക്ബാൽ, കെ എസ് സുധീർ എന്നിവരാണ്.
പരിപാടിയുടെ മുഖ്യ കോഡിനേറ്ററായത് ഡോ. എസ് എൻ പോറ്റിയാണ്. സയൻസ് പാർലിമെന്റ് സമ്മേളനം അവസാനിച്ചതായി സ്പീക്കർ പ്രഖ്യാപിച്ചതോടെ സഭാനടപടികൾക്ക് തിരശീല വീണു. അതിനുശേഷം പരിപാടിയിൽ പങ്കെടുത്ത വിദഗ്ധർക്കും കുട്ടികൾക്കും പിന്നിൽ പ്രവർത്തിച്ചവർക്കും വിജ്ഞാൻസാഗർ സ്‌പെഷ്യൽ ഓഫീസർ വി എസ് ശ്രീജിത്ത് നന്ദി പ്രകാശിപ്പിച്ചു.
മാധവ് സജേഷ്, ഗൗതം കൃഷ്ണ ഇ എസ്, ശ്രീഹരി എ, ഭദ്ര ആർ, അനുവൃന്ദ കെ ആർ, അക്ഷയ് രാജേഷ്, നിരഞ്ജൻ ജെ ജഗദീഷ്, ഷഫ്ന കെ ഐ, ദേവിക കെ ബി, പ്രാർഥന എസ് എന്നീ വിദ്യാർത്ഥികളാണ് പാർലമെന്റിൽ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *