നമുക്ക് കുളിക്കാൻ നമ്മുടെ സോപ്പ് വാണിയംകുളം ആയുഷ് ഗ്രാമം
പാലക്കാട്: ആയുഷ് ഗ്രാമം പരിപാടിയിലൂടെ സ്വാശ്രയ കുളിസോപ്പ് പഞ്ചായത്തായി മാറാനൊരുങ്ങുകയാണ് വാണിയംകുളം. പരിഷത്തിന്റെ മുൻ കയ്യോടെ കുടുംബശ്രീ, വായനശാല വനിതാ വേദികൾ, ക്ലബ്ബുകൾ എന്നിവയുടെ സഹകരണത്തോടെ ഓരോ വാർഡിലും മാസന്തോറും 1500-2000 സോപ്പുണ്ടാക്കി അതത് വാർഡിൽത്തന്നെ അതിന് വിപണി കണ്ടെത്തുകയെന്ന ലക്ഷ്യത്തിലേക്ക് മെല്ലെ നടന്നു തുടങ്ങിയിരിക്കുകയാണ് വാണിയംകുളത്തെ നാല് വാർഡുകൾ. പതിമൂന്നാം വാർഡിൽ ഉദയ ഗ്രാമീണ വായനശാലയുടെ വനിത വേദി ഒരു മാസം കൊണ്ട് 1500 ലധികം സോപ്പുണ്ടാക്കി പ്രചരിപ്പിച്ചു. വായനശാലക്കമ്മിറ്റി റിവോൾവിംഗ് ഫണ്ട് നൽകി ഉദ്യമത്തെ പ്രോൽസാഹിപ്പിക്കുന്നു. പതിനാലാം വാർഡിൽ ത്രാങ്ങാലി വാമനൻ സ്മാരക യുവജന കലാസമിതിയുടെ വനിതവേദി രണ്ടു ഘട്ടമായി 500 സോപ്പുകളുണ്ടാക്കി പ്രചരിപ്പിച്ചു. ഗ്രാമോദയ സോഷ്യൽ ക്ലബ്ബിന്റെ വനിതാ വേദിയും സജീവമായി രംഗത്തുണ്ട്. പതിനഞ്ചാം വാർഡിൽ ചെന്താര ക്ലബ്ബിന്റെ സഹായത്തോടെ കുടുംബശ്രീ രംഗത്തുണ്ട്. ആഗസ്റ്റ് മാസത്തോടെ പകുതിയോളം വാർഡുകളിൽ സോപ്പു നിർമ്മാണ – വിപണന പ്രവർത്തനങ്ങൾ സജീവമാക്കാനുള്ള ശ്രമത്തിലാണ് പരിഷത്തിന്റെയും ആയുഷ് ഗ്രാമത്തിന്റെയും പ്രവർത്തകർ. ഗാന്ധിജയന്തിയോടെ മുഴുവൻ വാർഡുകളിലേക്കും പ്രവർത്തനങ്ങൾ വ്യാപിപ്പിച്ച് സ്വാശ്രയ കുളിസോപ്പ് ഗ്രാമമെന്ന ലക്ഷ്യത്തിലേക്കെത്താനുള്ള ശ്രമമാണ്. സോപ്പിനോടൊപ്പം സമത ഉൽപ്പന്നങ്ങളും വിപണിയിലെത്തിക്കും.