പ്രതീക്ഷ നൽകുന്ന വനിതാവകുപ്പ്
ജനാധിപത്യ കേരളത്തിന്റെ ദീർഘകാല ആവശ്യമായിരുന്ന പ്രത്യേക വനിതാ വകുപ്പ് സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു.
സാമൂഹ്യനീതി വകുപ്പ് വിഭജിച്ചാണ് പുതിയ വകുപ്പ് രൂപീകരിക്കുന്നത്.
സ്‌ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം, പരിചരണം, ക്ഷേമം, വികസനം, പുനരധിവാസം, ശാക്തീകരണം തുടങ്ങിയ വിഷയങ്ങള്‍ പുതിയ വകുപ്പിന്റെ നിയന്ത്രണത്തിലായിരിക്കും.
വനിതാ കമ്മിഷന്‍, ബാലാവകാശ കമ്മിഷന്‍, ജെന്‍ഡര്‍ പാര്‍ക്ക്, നിര്‍ഭയ പദ്ധതി, ശിശുക്ഷേമ സമിതി, അങ്കണവാടി ക്ഷേമനിധി ബോര്‍ഡ്, അഗതി മന്ദിരങ്ങള്‍ മുതലായ സ്ഥാപനങ്ങളും പദ്ധതികളും പുതിയ വകുപ്പിന്റെ കീഴില്‍ വരും. ജന്‍ഡര്‍ ഓഡിറ്റിങ്, മറ്റു വകുപ്പുകളിലെ സ്‌ത്രീകളുമായി ബന്ധപ്പെട്ട പദ്ധതികളുടെ ഏകോപനം എന്നിവയും പുതിയ വകുപ്പിന്റെ കീഴിലാവും.
വകുപ്പ് രൂപീകരിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ സാമൂഹ്യനീതി വകുപ്പ് മുന്‍ ഡയരക്ടര്‍ വി.എന്‍ ജിതേന്ദ്രനെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. അദ്ദേഹത്തിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പിന്റെ ചുമതലകള്‍ നിര്‍ണയിച്ചത്.
വികസനപ്രവര്‍ത്തനത്തില്‍ സ്‌ത്രീകള്‍ക്ക് തുല്യപങ്കാളിത്തം ലഭിക്കുന്നതിനും ലിംഗവിവേചനത്തില്‍നിന്നും അതിക്രമങ്ങളില്‍നിന്നും സംരക്ഷണം ലഭിക്കുന്നതിനും കുട്ടികളുടെ അവകാശ സംരക്ഷണത്തിനും വേണ്ടിയാണ് പ്രത്യേക വകുപ്പ് രൂപീകരിക്കുന്നത്. എല്‍.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനം പാലിച്ചുകൊണ്ടാണ് മന്ത്രിസഭ തീരുമാനം എടുത്തത്. 2016ലെ നയപ്രഖ്യാപനത്തിലും പുതിയ വകുപ്പ് രൂപീകരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‌കിയിരുന്നു.
വകുപ്പിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കും. ഡയറക്ടര്‍, 14 ജില്ലാ ഓഫിസര്‍മാര്‍, ലോ ഓഫിസര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ എന്നിവയ്ക്കു പുറമെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഉള്‍പ്പെടെയുളള സ്റ്റാഫിനെയും നിയമിക്കും.
ജില്ലാതലത്തിലേക്ക് ആവശ്യമായ ഉദ്യോഗസ്ഥരെ മറ്റു വകുപ്പുകളില്‍നിന്ന് പുനര്‍വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ലിംഗനീതിയുടെ മേഖലയിൽ വലിയ മാറ്റത്തിനു സഹായിക്കുന്ന ഈ തീരുമാനം പക്ഷെ മലയാള മാധ്യമങ്ങൾ അവഗണിക്കുകയായിരുന്നു. മന്ത്രിസഭാതീരുമാനങ്ങളിൽ അപ്രധാന സ്ഥാനമേ ഈ വാർത്തക്ക് ലഭിച്ചുള്ളൂ. വിവാദങ്ങൾക്കും സെൻസേഷണൽ വാർത്തകൾക്കും പുറകെ പായുമ്പോൾ വികസന വാർത്തകൾ എങ്ങനെ പുറംതള്ളപ്പെടുന്ന എന്നതിന്റെ നല്ല ഉദാഹരണമാണ് വനിതാ വകുപ്പിന്റേത്. നടി ആക്രമിക്കപ്പെട്ട സംഭവം പ്രധാനം തന്നെ ആണെങ്കിലും നടൻ ദിലീപിന്റെ പിന്നാലെ ആയിരുന്നു പാപ്പരാസികൾ പോലെ നമ്മുടെ മുഖ്യധാര മാധ്യങ്ങൾ പോലും. മുന്‍ പേജിൽ ദിലീപിനെ ചോദ്യം ചെയ്യുന്ന വാർത്ത നിറഞ്ഞു കവിഞ്ഞപ്പോൾ വനിതാവകുപ്പ് ഉൾപ്പേജിൽ എവിടെയോ മുങ്ങിപ്പോയി.
പത്രങ്ങൾ അവഗണിച്ചാലും വനിതാ വികസന വകുപ്പ് യാഥാർഥ്യമാകാതാവില്ല. കേരളത്തിലെ സ്‌ത്രീസമൂഹം നേരിടുന്ന സങ്കീർണ പ്രശ്നങ്ങൾക്കുള്ള ഒറ്റമൂലി ഒന്നുമല്ല പ്രത്യേക വകുപ്പ്. പക്ഷെ, ഒരു ജനാധിപത്യ രാജ്യത്തു സർക്കാർ തലത്തിൽ ലിംഗനീതിക്കായും ലിംഗതുല്യതക്കായും നിരവധി നടപടികൾ സ്വീകരിക്കാറുണ്ട്. ഇവ ഒന്നും തന്നെ ഫലപ്രദമായി പ്രയോഗതലത്തിൽ എത്തുന്നില്ല എന്നതാണ് നമ്മുടെ അനുഭവം. നിയമങ്ങളിലും ചട്ടങ്ങളിലും ഒതുങ്ങുന്നു. ‘ബോധവൽക്കരണം’ ഏതോ വഴിയിൽ നീങ്ങുന്നു. പോലീസ് സ്‌ത്രീവിരുദ്ധമായി തുടരുന്നു. പരാതികൾക്ക് ഒരിക്കലും പരിഹാരം ലഭിക്കുന്നില്ല. ഹെൽപ്‌ലൈനുകൾ കൂടുന്നതല്ലാതെ അവിടെ ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യുന്നതിന് സംവിധാനം ഇല്ല. സ്‌ത്രീസമൂഹം വലിയ മുറവിളി കൂട്ടി ആരംഭിച്ച വനിതാ കമ്മീഷന് അതിന്റെ ലക്ഷ്യ സാക്ഷാത്‌കരിക്കുന്നതിനുള്ള അധികാരമോ അവകാശമോ ലഭ്യമായിട്ടില്ല. ആദിവാസി, ദളിത്, മത്സ്യത്തൊഴിലാളി സ്‌ത്രീകൾ ഉൾപ്പെടുന്ന അതീവ പാർശ്വവത്കൃതരുടെ അടിസ്ഥാനാവശ്യങ്ങൾ പോലും നിരന്തരം ലംഘിക്കപ്പെടുന്നു.
പെൺകുട്ടികൾ ആകട്ടെ അതീവ ദയനീയമാംവിധത്തിലുള്ള അതിക്രമങ്ങൾക്കിരയാകുന്നു. ഇരയാക്കപ്പെടുന്ന പെൺകുട്ടികൾക്ക് ആശ്വാസം ആകുന്ന തരത്തിൽ ഒരു അഭയകേന്ദ്രം പോലും സ്ഥാപിതമായിട്ടില്ല. ഈ പെൺകുട്ടികൾ തടവറയിലെന്ന പോലെയാണ് പല സ്ഥാപനങ്ങളിലും ജീവിക്കുന്നത്.
പറഞ്ഞു വരുന്നത്, വനിതാ വകുപ്പിന് മുന്നിലുള്ള ചില വെല്ലുവിളികളെയും ചുമതലകളെയും കുറിച്ചാണ്. സാമൂഹ്യക്ഷേമം എന്ന വിശാലമായ തലക്കെട്ടിനു കീഴിൽ സ്‌ത്രീയെ ഒതുക്കിയാണ് ഇതുവരെ മുന്നോട്ടു പോയി കൊണ്ടിരുന്നത്. അതിന്റെതായ ചില പ്രശ്നങ്ങളാണ് കഴിഞ്ഞ കാലങ്ങളിൽ നേരിട്ടതും. ഒരു വലിയ പരിധിവരെ ,മേൽ സൂചിപ്പിച്ച അവസ്ഥക്ക് പരിഹാരം കാണാൻ പ്രത്യേക വകുപ്പിന് കഴിയും. മറ്റു വകുപ്പുകൾക്കൊപ്പം കൂട്ടി ക്കെട്ടാതെ തനിച്ചു ശക്തയായി നിൽക്കുന്ന ഒരു വനിതാ വികസന വകുപ്പിന് മാറ്റത്തിന്റെ ഗതിവേഗം കൂട്ടാൻ നിശ്ചയമായും കഴിയും.