വേറിട്ട അനുഭവമൊരുക്കി അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിന സംഗമം
വേറിട്ട അനുഭവമൊരുക്കി അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിന സംഗമം
ഒക്ടോബർ 15 അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനം , യു.എൻ 2007 മുതൽക്കുതന്നെ ഈ ദിനാചരണം പ്രഖ്യാപിച്ചെങ്കിലും മുഖ്യധാരാ രാഷ്ടീയ പ്രസ്ഥാനങ്ങളോ സ്ത്രീസംഘടനകളോ ഈ ദിനാചരണം വേണ്ട രീതിയിൽ ഏറ്റെടുത്ത് കണ്ടിട്ടില്ല. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ശാസ്ത്രം നവകേരളത്തിന് ക്യാമ്പയിന്‍റെ ഒരു ഘടകമെന്ന നിലയിൽ ഈ വർഷത്തെ ഗ്രാമീണ വനിതാ ദിനം ആഘോഷിക്കുവാൻ തീരുമാനിക്കയുണ്ടായി. നൂറ്റാണ്ടുകളായിത്തന്നെ കാർഷിക മേഖലയിലും ഭക്ഷ്യോൽപ്പാദന മേഖലയിലും നിരന്തരം പ്രവർത്തിക്കുന്ന എന്നാൽ അർഹമായ കൂലിയോ അംഗീകാരമോ ലഭിക്കാതെ പോയ സ്ത്രീകൾ , സംവരണത്തിന്‍റെ പിന്തുണയിൽ അധികാര സ്ഥാനങ്ങളിലെത്തി മികവുറ്റ പ്രവർത്തനം നടത്തിയിട്ടും പിന്നീട് അവഗണിക്കപ്പെട്ടവർ, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, പുരുഷന്മാർക്ക് മാത്രം കഴിയുന്ന എന്ന പൊതുബോധത്തിനെ വെല്ലുവിളിച്ച് സ്വയം തൊഴിൽ കണ്ടെത്തിയവർ ഇങ്ങനെ വലിയൊരു വിഭാഗം ഗ്രാമീണ സ്ത്രീകളുടെ കൂട്ടായ്മയും സംവാദവുമാണ് ഇതിലൂടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിഭാവനം ചെയ്തത്.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് മേഖലയുടെയും ഒളവണ്ണ ഗ്രാമ പഞ്ചായത്തിന്‍റെയും സംയുക്താഭിമുഖ്യത്തിൽ മാത്തറ ഇ.എം.എസ് ഹാളിൽ നടന്ന വനിതാ സംഗമം വേറിട്ട ഒരനുഭവമായി.കയർ തൊഴിലാളികളായി ജീവിതത്തിന്‍റെ വസന്തകാലം മുഴുവൻ പിന്നിട്ട കല്യാണി , രാധ, തങ്കമ്മ, ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പോറ്റുന്ന സലീമ ,ഗ്യാസ് റിപ്പയർ ചെയ്യുന്ന സാബിറ, തെങ്ങുകയറ്റ തൊഴിലാളി ബിജിത , എതിർപ്പുകളെയും പരിഹാസങ്ങളെയും അവഗണിച്ചു കൊണ്ട് പഞ്ചായത്ത് പ്രസിഡന്റും CDS ചെയർ പേഴ്സണും നിലവിൽ സി പി ഐ (എം) ഏരിയാക്കമ്മിറ്റിയംഗവുമായ തങ്കമണി, യുവസമിതി – യുവജന പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയ സാംസ്കാരിക പ്രവർതനങ്ങൾക്ക് നേതൃത്വം നൽകി ചെറുപ്രായത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റായ ശാരുതി തുടങ്ങി ഗ്രാമീണ ജീവിതത്തിന്‍റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ കാണുവാനും കേൾക്കുവാനും കഴിഞ്ഞത് ഗ്രാമീണ വനിതാ സംഗമത്തിന് വേറിട്ട അനുഭവമായി.
മാത്തറ ഇ.എം.എസ് ഹാളിൽ നടന്ന പരിപാടി ശ്രീ. പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരിഷത് ജില്ലാ പ്രസിഡണ്ട് പി.എം.ഗീത ആമുഖാവതരണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.പി. ശാരുതി അധ്യക്ഷത വഹിച്ചു.പരിഷത്ത് ജില്ലാ സെക്രട്ടറി പി.എം.വിനോദ് കുമാർ, എൻ.ജയപ്രശാന്ത്, കെ. തങ്കമണി, സാബിറ, ബിജിത , കല്യാണി രാധ, തങ്കമ്മ, സെലീമ എന്നിവർ സംസാരിച്ചു. കെ.ബാലാജി സ്വാഗതവും പി. മിനി നന്ദിയും പറഞ്ഞു.