രണ്ടാം കേരളപഠനത്തിലേക്ക്
രണ്ടാം
കേരളപഠനത്തിലേക്ക്
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഠനപ്രവര്‍ത്തനങ്ങളില്‍ വളരെ വിപുലവും ജനകീയവും ശാസ്ത്രീയവുമായ ഒന്നായിരുന്നു 2004 ലെ ‘കേരളപഠനം’. ഈ പഠനം പരിഷത്തിനും സമൂഹത്തിനും കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ച് വലിയ ഉള്‍ക്കാഴ്ചയാണ് നല്‍കിയത്. പണ്ഡിതരും സാമാന്യജനങ്ങളും സാമൂഹികരാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും പഠന കണ്ടെത്തലുകളെ വലിയ രീതിയില്‍ ഉപയോഗപ്പെടുത്തി. പഠനം നടത്തി ഒരു പതിറ്റാണ്ട് പിന്നിട്ട ഈ സന്ദര്‍ഭത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കേരളസമൂഹം വിധേയമായിട്ടുണ്ട് എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഈ മാറ്റങ്ങളെ ഭൗതികമായി വിലയിരുത്തി ശാസ്ത്രീയമായി വിശകലനം ചെയ്തുകൊണ്ടു മാത്രമേ പുതിയ വെല്ലുവിളികളെ നേരിടാനുള്ള കരുക്കള്‍ തയ്യാറാക്കാനാകൂ.
രണ്ടാം കേരളപഠനത്തിനായുള്ള സംസ്ഥാനപരിശീലനം മാര്‍ച്ച് 10,11 തിയതികളിലായി ഐആര്‍ടിസി യില്‍ വച്ച് നടന്നു. നിര്‍വാഹകസമിതി അംഗങ്ങളടക്കം 112 പേര്‍ പരിശീലനത്തില്‍ പങ്കെടുത്തു. മാര്‍ച്ച് 30ാം തിയതിക്കകം ജില്ലാപരിശീലനങ്ങളും പൂര്‍ത്തിയാകും. ഏപ്രില്‍ മാസത്തില്‍ സര്‍വേ പൂര്‍ത്തീകരിച്ച് ആഗസ്റ്റ് മാസത്തോടെ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനാണ് നാം ഉദ്ദേശിച്ചിട്ടുള്ളത്. കേരളപഠനം അത്ര എളുപ്പമുള്ള പ്രവര്‍ത്തനമല്ല എന്ന് നമുക്ക് ബോധ്യമുള്ള കാര്യമാണ്. ആത്മസമര്‍പ്പണത്തിലൂടെ വളരെ ചിട്ടയോടെയുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ സമയബന്ധിതമായി ഇത് പൂര്‍ത്തീകരിക്കാന്‍ കഴിയുകയുള്ളു.
കഴിഞ്ഞ കേരളപഠനത്തില്‍ നിന്നും വ്യത്യസ്തമായി സര്‍വേ തുടങ്ങുന്നതിനു മുന്‍പായി മേഖലകളില്‍ പഠനസംഘങ്ങള്‍ രൂപീകരിക്കണം. ഓരോ പഞ്ചായത്തിലും ചെറുപഠനഗ്രൂപ്പുകള്‍ ഉണ്ടാവണം. പ്രാദേശിക പഠനങ്ങള്‍ നടത്തുന്നതിനും കേരളപഠനത്തിലെ ഉപപഠനങ്ങള്‍ക്കുമെല്ലാം അതതുമേഖലകളില്‍ വൈദഗ്ധ്യമുള്ളവരുടെ സേവനം കൂടിയേ തീരു. അതിനുള്ള ഒരു മാര്‍ഗമായാണ് നാം പഠനഗ്രൂപ്പുകളെ കാണുന്നത്. ഈ വിദഗ്ധരെ പഠനസംഘത്തിന്റെ ഭാഗമാക്കുന്നതോടൊപ്പം താല്പര്യമുള്ളവരെ സംഘടനയിലേക്ക് കൊണ്ടുവരാനുള്ള ശ്രമവും നടക്കേണ്ടതുണ്ട്. പുതിയ ശാസ്ത്രസാങ്കേതികവിദ്യകളുടെ പ്രയോഗം രണ്ടാം പഠനത്തെ കുറച്ചുകൂടി ലളിതമാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
നാം നടത്തിയിട്ടുള്ള പഠനങ്ങളുടെ ഏറ്റവും വലിയ സവിശേഷത ജനകീയമായ വിഭവ സമാഹരണ രീതിയാണ്. ഓരോ അംഗത്തില്‍ നിന്നും 50 രൂപാ വീതം ശേഖരിക്കണമെന്നാണ് നമ്മള്‍ തീരുമാനിച്ചിട്ടുള്ളത്. പഠനപ്രവര്‍ത്തനങ്ങള്‍ക്ക് ഈ വിധത്തിലും സാമ്പത്തിക സമഹരണം നടത്താന്‍ കഴിയും എന്നത് നാം ഇതിനകം തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ ഏറ്റവും വലിയ വെല്ലുവിളി സമയബന്ധിതമായി ഡാറ്റ ശേഖരിക്കുക എന്നതാണ്. യൂണിറ്റില്ലാത്ത സ്ഥലങ്ങളിലും നഗരപ്രദേശങ്ങളിലും ഡാറ്റാശേഖരണം എളുപ്പമാകില്ല. ഇതൊക്കെ മുന്‍കൂട്ടി കണ്ടുകൊണ്ടു തന്നെ വലിയ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നമ്മള്‍ നടത്തണം. കഴിയുന്നത്ര യുവാക്കളെയും മറ്റു സന്നദ്ധപ്രവര്‍ത്തകരെയും ഡാറ്റാശേഖരണത്തില്‍ പങ്കാളികളാക്കാന്‍ കഴിയണം. ഈ വിധം വിവരശേഖ രണത്തിന്റേതായ ആദ്യഘട്ടം വിജയിപ്പിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് അഭ്യര്‍ഥിക്കുന്നു.
സ്നേഹത്തോടെ
ടി.കെ.മീരാഭായ്
ജനറല്‍ സെക്രട്ടറി