ഷാർജ പുസ്തകമേളയിൽ പരിഷത്ത് പവലിയൻ
യുഎഇ: ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിച്ച ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിന്റെ മുപ്പത്തിഎട്ടാമത് എഡിഷനിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുസ്തക പവലിയൻ ഒരുക്കി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടര്‍ ഡോ. പി കെ പോക്കർ പവലിയൻ ഉദ്ഘാടനം ചെയ്തു. യു എ ഇ യിലുള്ള FoKSSP പ്രവർത്തകരാണു തുടർച്ചയായി അഞ്ചാം തവണയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
സന്ദർശകർക്ക് പുസ്തകം പരിചയപ്പെടുത്തുകയും ആശയസംവാദം നടത്തുകയും ചെയ്തു. പരിഷത്ത് പുസ്തകങ്ങൾക്ക് പുറമേ നാഷണൽ ബുക് ട്രസ്റ്റ് പ്രസിദ്ധീകരിച്ച കുട്ടികൾക്കുള്ള പുസ്തകങ്ങളും സ്റ്റാളിലുണ്ടായിരുന്നു. പരിഷത്ത് ആനുകാലികങ്ങൾക്ക് നാട്ടിലേക്ക് വരിസംഖ്യ അടയ്ക്കുന്നതിനുള്ള സംവിധാനവും സ്റ്റാളിൽ ഒരുക്കിയിരുന്നു. മുൻ വർഷങ്ങളിലേപ്പോലെ പരിഷത്ത് പുസ്തകങ്ങൾക്ക് വമ്പിച്ച സ്വീകാര്യതയായിരുന്നു പുസ്തകോത്സവത്തിൽ ലഭിച്ചത്. മുൻ കാല പരിഷത്ത് പ്രവർത്തകരായ നിരവധി പ്രവാസികൾ പവലിയൻ സന്ദർശിച്ചു.
പുസ്തകമേളയുടെ ഔദ്യോഗിക പരിപാടികളുടെ ഭാഗമായി പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ രചിച്ച നെഹ്‍റുവിയൻ ഇന്ത്യ -പുനർവായനയുടെ രാഷ്ട്രീയം എന്ന പുസ്തകം ബിനോയ് വിശ്വം എം പി പ്രകാശനം ചെയ്തു. ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി സംഘടന പ്രസിഡന്റ് ധനേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടര്‍ ഡോ. പി കെ പോക്കർ പുസ്തകം ഏറ്റുവാങ്ങി. പുസ്തകോത്സവത്തിന്റെ ഔദ്യോഗിക അതിഥിയായി യു എ ഇയിൽ എത്തിയ മുന്‍ പ്രസിഡന്റ് പ്രൊഫ ടി പി കുഞ്ഞിക്കണ്ണൻ വിവിധ ദിവസങ്ങളിൽ പുസ്തകോത്സവ വേദിയിൽ നടന്ന പരിപാടികളിൽ പങ്കെടുക്കുകയുണ്ടായി. ഗിന്നസ് ബുക്ക് ഓഫ് റെകോർഡിനായി 1502 എഴുത്തുകാർ ഒരേസമയം പുസ്തകങ്ങളിൽ ഒപ്പുചാർത്തി പ്രകാശനം ചെയ്ത പരിപാടിയിലും ടി പി കുഞ്ഞിക്കണ്ണൻ പങ്കെടുത്തു.
ഫുജൈറയില്‍ കൈരളി സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ ബഹുസ്വരത നേരിടുന്ന വെല്ലുവിളികളും പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രസക്തിയും എന്ന വിഷയത്തിൽ പ്രഭാഷണം, ദുബായ് പരിഷത്ത് ഭവനിൽ ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി പ്രവർത്തകർക്കായി സംഘടന ക്യാമ്പ്, അബുദാബി കേരള സോഷ്യൽ സെന്ററിൽ നെഹ്‍റുവിയൻ ഇന്ത്യ- പുനർവായനയുടെ രാഷ്ട്രീയം പുസ്തക ചർച്ച, ഷാർജ എമിറേറ്റ്സ് നാഷണൽ സ്ക്കൂളില്‍ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമുള്ള ക്ലാസ്, അബുദാബിയിൽ സംഘടിപ്പിച്ച മെഡി കോൺഗ്രസ്സില്‍ പരിഷത്ത് ആരോഗ്യനയത്തെ കുറിച്ച് വിഷയാവതരണം എന്നീ പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തു.