സൗമ്യാക്കേസ് ഉയർത്തുന്ന ചോദ്യങ്ങൾ

0

 [author title=”ആര്‍.പാര്‍വതി ദേവി” image=”http://parishadvartha.in/wp-content/uploads/2016/10/Parvathydevi_R.jpg”][/author]

സൗമ്യാസംഭവം പല സവിശേഷതകളാൽ ശ്രദ്ധ അർഹിക്കുന്നു. തൃശൂരിൽ നിന്നും കൊച്ചിയിൽ പോയി ചെറിയ ജോലി ചെയ്തു കുടുംബം പുലർത്തുന്ന ഒരു പെൺകുട്ടിക്ക് സംഭവിച്ച ദാരുണ അന്ത്യം എന്നത് മാത്രമല്ല പ്രത്യേകത. അസമയത്തല്ലാതെ, തീവണ്ടിയിൽ യാത്ര ചെയ്തപ്പോഴാണ് സൗമ്യ ആക്രമിക്കപ്പെട്ടതും ബലാൽസംഗം ചെയ്യപ്പെട്ടതും കൊല്ലപ്പെട്ടതും. സാധാരണക്കാർ യാത്ര ചെയ്യുന്ന ഒരു ലോക്കൽ തീവണ്ടിയിലെ ജനറൽ കമ്പാർട്മെന്റിലാണ് ആക്രമണം നടന്നത്. സ്ത്രീകളുടെ കമ്പാർട്മെന്റിൽ നിന്നും ആളുകൾ ഉള്ള കമ്പാർട്മെന്റിലേക്ക് സൗമ്യ മാറി ഇരുന്നതാണ്. എന്നിട്ട് സംഭവിച്ചതെന്താണ്? ഗോവിന്ദച്ചാമി തീവണ്ടിക്കുള്ളിൽ വെച്ച് ആക്രമിച്ചപ്പോൾ അവൾ നിലവിളിച്ചെങ്കിലും തൊട്ടടുത്ത കമ്പാർട്മെന്റിലിരുന്ന ഒരാളും സഹായിച്ചില്ല. അവളുടെ നിലവിളി അവർ പൂർണമായി അവഗണിച്ചു. സൗമ്യ വീഴുന്നത് കണ്ടിട്ടും ചങ്ങല വലിക്കാൻ പോലും കൂട്ടാക്കിയില്ല. എങ്കിൽ ഒരുപക്ഷെ അവൾ ബലാൽസംഗം ചെയ്യപ്പെടില്ലായിരുന്നു. കാരണം ചെറുത്തുനിന്ന സൗമ്യയെ വാതിൽ ചേർത്തടച്ചു ഉപദ്രവിച്ച ഗോവിന്ദച്ചാമി അവൾ താഴെ വീണു കഴിഞ്ഞപ്പോൾ ഒപ്പം ചാടി ഇറങ്ങി കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി ബലാൽസംഗം ചെയ്യുകയാണുണ്ടായത്. തീവണ്ടി എത്രമാത്രം സ്ത്രീ യാത്രക്കാർക്ക് അരക്ഷിതമാണെന്നു സൗമ്യാ സംഭവം ബോധ്യപ്പെടുത്തുന്നു. യാത്രക്കാരുടെ സുരക്ഷ എന്നത് റെയിൽവെയുടെ അജണ്ടയിലേ ഇല്ല. റെയിൽവെയെ ആരെങ്കിലും ആക്രമിക്കുന്നതിനെതിരെ മാത്രം ആണ് നിയമം നിലവിലുള്ളത്. സൗമ്യ സംഭവത്തിൽ ആരും റെയിൽവെയെ കക്ഷി ചേർക്കുന്നില്ല. റെയിൽവെയുടെ ഭാഗത്തുനിന്നും എന്ത് നടപടി ആണ് യാത്രക്കാരുടെ സുരക്ഷക്ക് ഉള്ളത് എന്നോ അവരുടെ എന്ത് പാളിച്ച ആണ് സൗമ്യക്ക് ഈ അനുഭവം ഉണ്ടാക്കിയത് എന്നോ അന്വേഷണം ഇല്ല. സൗമ്യാസംഭവത്തിന് ശേഷം വനിതാ സംഘടനകൾ നിരവധി തവണ റെയിൽവെ അധികൃതരെ കാണുകയും നിവേദനങ്ങൾ കൊടുക്കുകയും ചെയ്‌തെങ്കിലും ഒട്ടും സഹകരണം ഉണ്ടായിട്ടില്ല. വലിയ സമ്മർദത്തിന് ശേഷമാണ് കമ്പാർട്മെന്റുകളിൽ ഹെൽപ് ലൈൻ നമ്പർ എഴുതി വയ്ക്കാൻ തയ്യാറായത്. അല്ലാതെ, കൂടുതൽ സ്ത്രീകൾ യാത്ര ചെയ്യുന്ന ഇക്കാലത്ത് എടുക്കേണ്ട അടിയന്തിരമായ ഒരു നടപടിയും ഇതുവരെയും ഉണ്ടായില്ല.

[box type=”note” align=”” class=”” width=””]മറ്റൊന്ന് സഹയാത്രികരുടെ അലംഭാവം ആണ്. മലയാളികൾ എങ്ങനെ ചിന്തിക്കുന്നു എന്നത് സംബന്ധിച്ച് ഒട്ടനവധി ചർച്ചകൾ ചാനലുകളിൽ ഉൾപ്പെടെ നടന്ന സാഹചര്യത്തിൽ വിശദീകരിക്കുന്നില്ല. എങ്കിലും പൊതു സമൂഹം അനീതിയെ സഹിഷ്ണുതയോടെയും നിസ്സംഗതയോടെയും കാണുന്നതിന്റെ ഉദാഹരണമായി സൗമ്യാസംഭവം സാമൂഹ്യശാസ്ത്ര വിദ്യാർഥികൾ പഠിക്കാതിരിക്കില്ല. ഈ സംഭവത്തോടെ നമ്മുടെ ഏവരുടെയും ഉള്ളിൽ ഉയർന്നിട്ടുള്ള ചോദ്യമാണ് ഗോവിന്ദച്ചാമി ആരാണെന്നത്? അതിനു് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. വെറും ഒറ്റക്കയ്യനായ പിച്ചക്കാരൻ അല്ല അയാൾ എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. കാരണം അയാൾക്ക്‌ വേണ്ടി വാദിക്കാൻ എത്തിയത് മുംബൈ ഹൈക്കോടതിയിലെ പ്രമുഖനായ വക്കീൽ ബിജു ആന്റണി ആളൂർ ആണ്. ആരാണ് ഗോവിന്ദച്ചാമിക്ക് വേണ്ടി പണം കൊടുക്കുന്നത്? ആർക്കാണ് അയാളെ രക്ഷപ്പെടുത്തേണ്ടതിന്റെ ആവശ്യം? [/box]48 മണിക്കൂറിനുള്ളിൽ പോലീസ് ഗോവിന്ദച്ചാമിയെ പിടികൂടുകയും 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കുകയും നാലര മാസത്തിനകം പ്രതിക്ക് വധശിക്ഷ വിധിക്കുകയും ചെയ്തുകൊണ്ട് നമ്മുടെ നീതിന്യായ സംവിധാനം നമ്മെ ഞെട്ടിച്ചതും സൗമ്യാക്കേസ്സിന്റെ പ്രത്യേകതയാണ്. (ഇനിയും നീതി കിട്ടാത്ത സൂര്യനെല്ലി പെൺകുട്ടിയും ഭൻവാരി ദേവിയും നമ്മുടെ മുന്നിൽ നിൽക്കുന്നത് ഈ സാഹചര്യത്തിൽ ഓർക്കണം). എന്നാൽ ഗോവിന്ദച്ചാമി ആരാണ് എന്ന അന്വേഷണം നടന്നിട്ടില്ല. അയാളുടെ പേര് തമിഴ്‌നാട് പോലീസ് രേഖകളിൽ ചാർളി തോമസ് എന്നാണെന്നു പറയപ്പെടുന്നു. ഭിക്ഷാടന മാഫിയ ആണ് തന്നെ കേസ് ഏൽപ്പിച്ചത് എന്നോ മറ്റോ ആളൂർ പറഞ്ഞിട്ടുണ്ടത്രെ! ഇതെല്ലാം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതാണ് എന്ന് പറഞ്ഞാൽ അതിന്റെ ആധികാരികതക്ക് ഉറപ്പില്ല. കാരണം സൗമ്യാക്കേസ്സിലെ സുപ്രീംകോടതിവിധിയുടെ വാർത്ത നമ്മുടെ മാധ്യമങ്ങൾ എത്രമാത്രം നിരുത്തരവാദിത്തത്തോടെ ആണ് നൽകിയത് എന്നത് ഏറ്റവും പ്രതിഷേധാർഹമാണ്. ആ രീതിയിലും സൗമ്യാക്കേസ് പ്രത്യേകത ഉള്ളതായി. കീഴ്‌ക്കോടതി നൽകിയ വധശിക്ഷ ഇല്ലാതാക്കിക്കൊണ്ട് ഏഴ് വർഷത്തെ തടവ് മാത്രമായി ചുരുക്കി എന്നും പറഞ്ഞു രാവിലെ മുതൽ ചാനലുകൾ ചർച്ച തുടങ്ങി. ഇതിനെ തുടർന്ന് സ്വാഭാവികമായും ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. വലിയ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ലെന്ന് മാത്രം. ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ആണ് യഥാർഥ വിവരം പുറത്തു വരുന്നത്. ബലാൽസംഗം നടത്തിയതിനു തെളിവുണ്ടെന്നും അതിനു പുതിയ നിർഭയ നിയമപ്രകാരം ജീവപര്യന്തം തടവ് കൊടുക്കാനാണ് സുപ്രീംകോടതി വിധിച്ചത്. വധശിക്ഷ എന്നത് അത്യപൂർവ കേസിൽ വിധിക്കുന്നതാണ്. ഗോവിന്ദച്ചാമി കൊല നടത്തിയതായി തെളിഞ്ഞിട്ടില്ല എന്ന് കോടതി പറയുന്നു. അല്ലെങ്കിൽ അങ്ങനെ തെളിയിക്കാൻ പ്രോസിക്ക്യൂഷന്‌ കഴിഞ്ഞില്ല. നിയമപരമായ സംവാദങ്ങൾ ഇപ്പോഴും ഇത് സംബന്ധിച്ച് നടന്നു കൊണ്ടിരിക്കുന്നുണ്ട്. എന്നാൽ തങ്ങൾക്കു പറ്റിയ ഗുരുതരമായ തെറ്റ് നിരുപാധികം എടുത്തുപറയാൻ ഒരു മാധ്യമം പോലും തയ്യാറായില്ല. ആരെയൊക്കെയോ പഴിചാരി രക്ഷപ്പെടാനാണ് മാധ്യമ ചർച്ചക്കാർ ശ്രമിച്ചത്. എന്തുകൊണ്ട് കേസുമായി ബന്ധപ്പെട്ട അഭിഭാഷകർ പോലും വിധി ശരിയായി പഠിച്ചില്ല ? ഒരു മാധ്യമ പ്രവർത്തകൻ പോലും വിധി വായിച്ചിട്ടല്ല വാർത്ത നൽകിയത്. കീഴ്‌ക്കോടതി വിധി എന്തായിരുന്നു എന്ന് ഒരാൾക്കും അറിയില്ലായിരുന്നു.

ഇനി വധശിക്ഷയുമായി ബന്ധപ്പെട്ട വിവാദം ആണ്. ഗോവിന്ദച്ചാമിക്ക് കൊലപാതകം നടത്താൻ ഉദ്ദേശ്യം ഉണ്ടായിരുന്നോ എന്നത് സംശയം തന്നെ ആണ്. ബലാൽസംഗം മാത്രമായിരിക്കണം അയാളുടെ ലക്‌ഷ്യം. എങ്കിലും സൗമ്യയുടെ മരണത്തിനുത്തരവാദി അയാൾ അല്ലെന്നു പറയാൻ നിയമം അറിയാത്തവർക്ക്‌ പോലും കഴിയില്ല. ഇവിടെ പോലീസ് അന്വേഷണ റിപ്പോർട്ട് ആണ് പ്രതിസ്ഥാനത്തു വരുന്നത്. പക്ഷെ വധശിക്ഷ അംഗീകരിക്കാൻ ആവില്ല. ഭരണകൂടത്തിന് വ്യക്തികളുടെ ജീവൻ എടുക്കാൻ അനുമതി നൽകുന്നത് ഒരു പരിഷ്കൃത സമൂഹത്തിനും ഭൂഷണമല്ല. എന്നാൽ ഇന്ത്യൻ നിയമ വ്യവസ്ഥയിൽ ഏറ്റവും വലിയ ശിക്ഷ വധശിക്ഷയായി നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാരിന് അതിനു വേണ്ടി ശ്രമിക്കാവുന്നതാണ്. ജനകീയ സംഘടനകള്‍ വധശിക്ഷയെ എതിർക്കുകയും നിയമവ്യവസ്ഥയിൽ നിന്നും അത് എടുത്തു മാറ്റാൻ ആവശ്യപ്പെടുകയും ചെയ്യണം. എന്നാൽ ഒരു സർക്കാർ ഒരു കേസുമായി മുന്നോട്ട് പോകുമ്പോൾ പരമാവധി ശിക്ഷക്കായി ശ്രമിക്കേണ്ടി വരും. അത് മറ്റൊരു വശം. മാത്രമല്ല , ഗോവിന്ദച്ചാമിയെ പോലെയുള്ളവർക്ക് ജീവപര്യന്തം തടവ് ആയിരിക്കും കൂടുതൽ കഠിനം. അയാളുടെ കാഴ്ചയിൽ ജയിൽ ജീവിതം സുഖകരമാണെന്ന തോന്നൽ നമുക്ക് ഉണ്ടാകുമെങ്കിലും സർവതന്ത്ര സ്വതന്ത്രൻആയി നിയമ വ്യവസ്ഥയുടെ പോലും നിയന്ത്രണം ഇല്ലാതെ, സാമൂഹ്യമായ ബന്ധനങ്ങൾ ഇല്ലാതെ ആണല്ലോ ഗോവിന്ദച്ചാമിമാർ ജീവിക്കുന്നത്. മരണത്തെ ഏതു നിമിഷവും ഗോവിന്ദച്ചാമി പ്രതീക്ഷിച്ചിരിക്കാം. അതുകൊണ്ടുതന്നെ മരണത്തോടെ അയാൾ രക്ഷപ്പെടുകയാണ് എന്നത് വ്യക്തിപരമായ അഭിപ്രായം മാത്രം. എന്തായാലും ഇനിയും ആഴത്തിലുള്ള പഠനം സൗമ്യാക്കേസ്സിൽ വേണ്ടി വരും. പൊതു ഇടങ്ങളുടെ സ്ത്രീ വിരുദ്ധത, ദുരൂഹമായി പ്രവർത്തിക്കുന്ന മാഫിയകൾ, മലയാളിയുടെ മാറുന്ന പൊതുബോധം, നീതിന്യായ വ്യവസ്ഥയുടെ ദൗർബല്യം, വധശിക്ഷയുടെ ശരിതെറ്റുകൾ, റെയിൽവെ നിയമ ഭേദഗതിയുടെ ആവശ്യകത, പോലീസ് അന്വേഷണ രീതിയുടെ അശാസ്ത്രീയത തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യപ്പെടുക തന്നെ വേണം.

Leave a Reply

Your email address will not be published. Required fields are marked *