നോട്ടം ആക്രമണം ആകുമ്പോൾ – ആർ പാർവതി ദേവി

0

bisexual-308666_1280ഒരു സ്ത്രീയെ 14 സെക്കന്റ് നോക്കിയാൽ പുരുഷനെതിരെ കേസ്സെടുക്കാം എന്ന് എക്സൈസ് കമ്മീഷണർ ഋഷി രാജ് സിംഗ് നടത്തിയ പ്രസ്താവന വൻ വിവാദത്തിനു തിരി കൊളുത്തി. കൊച്ചിയിൽ സി എ വിദ്യാര്‍ഥികളുടെ ഒരു സാംസ്‌കാരിക കൂട്ടായ്മയിലാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. സാമൂഹ്യ മാധ്യമങ്ങളിൽ പരിഹാസവും അമർഷവും പുകഞ്ഞു. മുഖ്യ ധാരാ മാധ്യമങ്ങളിൽ അഭിപ്രായ പ്രകടനങ്ങൾ നടന്നു. ചില സ്ത്രീകൾ ഉൾപ്പടെ ഋഷിരാജ് സിംഗിനെ എതിർത്തു .എതിർക്കുന്നതിനു വാദങ്ങൾ നിരത്താൻ വളരെ എളുപ്പമാണ്. നോക്കിയാൽ എന്താ കുഴപ്പം? സൗന്ദര്യം കണ്ടാൽ നോക്കിപ്പോവില്ലേ? ഒരു പുരുഷനും ഒരു സ്ത്രീയെയും ഇനി നോക്കാൻ ആവില്ലല്ലോ! സഹപ്രവർത്തകയെ എങ്ങനെ നോക്കാതിരിക്കും? പ്രണയികൾ ഇനി എന്ത് ചെയ്യും? 14 സെക്കന്റ് ആയാലേ കുറ്റം ആവുക ഉള്ളോ ? ഈ ചോദ്യങ്ങൾ ആർക്കും ചോദിക്കാനുള്ള അവകാശം ഉണ്ട്. എന്നാൽ ഋഷിരാജ് സിംഗ് ഉന്നയിച്ച പ്രശ്നത്തിന്റെ അന്ത:സത്തയാണ് നാം കണക്കിൽ എടുക്കേണ്ടത്. എന്തായാലും വിവാദത്തിലൂടെ എങ്കിലും പ്രശ്നം ചർച്ച ചെയ്യപ്പെട്ടു എന്നത് ശുഭോദർക്കമാണ്.

എത്ര സെക്കന്റ് എന്നതല്ല പ്രശ്നം. സ്ത്രീകൾക്ക് അസ്വസ്ഥത ഉണ്ടാകുന്നതരത്തിൽ തുറിച്ചു നോക്കുന്നതിനെ ക്കുറിച്ചാണ് സിംഗ് പറയുന്നത്. ഇന്ത്യയിൽ സ്ത്രീ സംരക്ഷണ നിയമങ്ങൾക്കു ഒരു കുറവും ഇല്ല. സ്ത്രീധനം മുതൽ ബലാൽസംഗം വരെ ഏതു കുറ്റ കൃത്യത്തിനും ശിക്ഷ കൊടുക്കാൻ ഇന്ത്യൻ നിയമം അനുശാസിക്കുന്നു. എന്നാൽ നാം ഈ നിയമങ്ങളെ ഉപയോഗിക്കുന്നില്ല എന്ന് മാത്രം. സ്ത്രീ ഇഷ്ടപ്പെടാതെ അവളെ ഒന്ന് നോക്കുന്നതു പോലും ശരിയല്ല എന്നത് നിയമം പറയുന്നത് തന്നെ ആണ്. ഇത്ര സെക്കന്റ് എന്നതല്ല കാര്യം. പൊതു ഇടങ്ങൾ ഏറ്റവും സ്ത്രീ വിരുദ്ധമായ ഒരു രാജ്യമാണ് ഇന്ത്യ. കേരളം ആകട്ടെ അക്കാര്യത്തിൽ ഏറെ പിന്നിലാണ്. തുറിച്ചു നോട്ടവും പിന്തുടർന്ന് ശല്യം ചെയ്യലും മറ്റും സ്ത്രീകൾ അനുഭവിക്കുന്ന ഗുരുതര പ്രശ്നങ്ങൾ ആണ്. വൃത്തികെട്ട ഒരു നോട്ടം എന്ന് പറഞ്ഞു തള്ളിക്കളയാൻ കഴിയില്ല. അത്രക്ക് ലളിതവൽക്കരിക്കുവാൻ കഴിയുന്നതല്ല അത്. ഒരാളെ കണ്ണെടുക്കാതെയും ആഭാസഭാവത്തിലും നോക്കി ഇരിക്കുന്നത് എത്രമാത്രം അമാന്യമാണ് ! ഒരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം തന്നെ ആണത്. പുരുഷന്മാരെ പുരുഷന്മാർ തുറിച്ചു നോക്കുന്നത് വലിയ സംഘട്ടനങ്ങൾക്കു ഇടവരുത്താറില്ലേ? സ്ത്രീയെ സംബന്ധിച്ചിടത്തോളം ഭയപ്പെടുത്തുന്ന ആക്രമണം തന്നെ ആണ് ഇത്തരം തുറിച്ചു നോട്ടങ്ങൾ. ഒരു പെണ്ണായതു കൊണ്ട് ഈ രീതിയിലെ തുറിച്ചു നോട്ടങ്ങൾ സഹിക്കണം എന്നും പെണ്ണിന്റെ സൗന്ദര്യം ആണ് ഇതിന്റെ കാരണം എന്നും ആധുനിക നൂറ്റാണ്ടിൽ പറയുന്നവരോട് എന്ത് പറയാനാണ്!

പ്രണയത്തോടെ ഉള്ള നോട്ടത്തെ കുറിച്ചാണ് പലർക്കും വാദിക്കുവാൻ ഉള്ളത്. തന്നെ സ്നേഹിക്കുന്ന ഒരു വ്യക്തിയുടെ സ്നേഹത്തോടെ ഉള്ള നോട്ടവും ആക്രമണോത്സുകമായ ഒരു അപരിചിതന്റെ തുറിച്ചു നോട്ടവും രണ്ടും രണ്ടായി കാണണം എന്ന് പ്രത്യേകം പറയേണ്ടതുണ്ടോ ? ഇത്തരം നോട്ടങ്ങളും ആഭാസകരമായ സ്പർശങ്ങളും വാക്കുകളും സ്ത്രീയുടെ ചലനാത്മകതയെ പ്രതികൂലമായി ബാധിക്കുന്നു. നിർഭയ നിയമം നിലവിൽ വന്നതോടെ പൂവാല ശല്യം എന്ന പ്രയോഗം തന്നെ ഇല്ലാതായി. പൂവാലശല്യം എന്നത് യഥാർത്ഥത്തിൽ പ്രശ്നത്തെ ചെറുതാക്കൽ ആണ്. പിന്നാലെ നടന്നു ശല്യം ചെയ്യുന്നത് stalking എന്ന പേരിൽ അന്താരാഷ്ട്ര തലത്തിൽ തന്നെ കുറ്റകരമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സ്പർശവും നോട്ടം പോലെ തന്നെ ആണ്. ശരിയായ സ്പർശവും തെറ്റായ സ്പർശവും സ്ത്രീക്ക് തിരിച്ചറിയാൻ കഴിയും. യാത്രക്കിടയിൽ അറിയാതെ സംഭവിക്കുന്ന തട്ടലോ മുട്ടലോ പോലെ അല്ല മന:പൂർവം നടത്തുന്നത്.

ഇത്തരം നോട്ടവും സ്പർശവും സ്ത്രീയുടെ അവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റം ആണെന്ന പൊതു ബോധം ഉണ്ടാക്കി എടുക്കുക എന്നതും നിയമത്തിന്റെ ഉദ്ദേശ്യം ആണ്. നോട്ടം ആയാലും സ്പർശം ആയാലും അത് ഏതു രീതിയിൽ ഉള്ളതാണെന്ന് അളക്കാൻ കഴിയുന്ന ഒരു യന്ത്രവും ഇല്ലാത്ത സാഹചര്യത്തിൽ സ്ത്രീയുടെ അഭിപ്രായം മാത്രമാണ് പ്രധാനം .എന്നാൽ

നോക്കി എന്നതിന്റെ പേരിൽ എത്ര കേസ് ആണ് കോടതിയിൽ വരാൻ പോകുന്നത്! ബലാത്സംഗം പോലും പുറത്തു പറയാൻ മടിക്കുന്ന സമൂഹമാണ് നമ്മുടേത്. അഥവാ കേസ് കൊടുത്താൽ തന്നെ പതിറ്റാണ്ടുകൾ ആണ് അതിന്റെ പിന്നാലെ നടക്കേണ്ടി വരുക. എത്ര സ്ത്രീകൾക്കാണ് അതിനു കഴിയുക. നിർഭയ കേസ് പോലും പൂർത്തിയായിട്ടില്ലല്ലോ. തൊഴിലിടങ്ങളിലെ ലൈംഗിക പീഡനത്തിനെതിരെ ഉള്ള നിയമം വരാനിടയായത് ഭൻവാരി ദേവി എന്ന ഗ്രാമീണസ്ത്രീയുടെ നിശ്ചയദാർഢ്യമാണ്. 20 വർഷമായിട്ടും ഭൻവാരി ദേവിക്ക് പക്ഷെ നീതി ലഭിച്ചിട്ടില്ല.

ഈ സാഹചര്യത്തിൽ ഋഷിരാജ് സിംഗ് പറഞ്ഞ വാക്കുകൾ തലമുടി നാരിഴ കീറി പരിശോധിച്ച് പരിഹസിച്ചു തള്ളേണ്ട ഒന്നല്ല തന്നെ! സ്ത്രീ എന്ന സ്വതന്ത്ര വ്യക്തിത്വത്തെ സമൂഹം എങ്ങനെ കാണണം എന്ന ഓർമപ്പെടുത്തൽ ആയി കണക്കാക്കിയാൽ മതി. ഇത്രയൊക്കെ ചർച്ച നടന്നിട്ടും ഇപ്പോഴും സ്ത്രീകൾ അനുഭവിക്കുന്ന വ്യത്യസ്ത തരം ആക്രമണങ്ങൾ തെളിയിക്കുന്നത് പുരുഷന്മാർ തങ്ങൾ ചെയ്യുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് തിരിച്ചറിയുന്നില്ല എന്നും സ്ത്രീകൾ നിയമങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ബോധവതികൾ അല്ല എന്നും തന്നെ ആണ്. നോട്ടത്തെക്കുറിച്ച് നിമിഷങ്ങൾക്കകം അസംഖ്യം ട്രോളുകൾ പടച്ചുവിട്ടവർ ഇനി എങ്കിലും സ്വന്തം നോട്ടത്തെ ക്കുറിച്ച് വിലയിരുത്തും എന്ന് കരുതാം. സൗന്ദര്യം ആസ്വദിക്കാൻ ഉള്ളതാണെന്നും പെണ്ണ് ഉപയോഗിക്കാൻ ഉള്ളതാണെന്നും ടി വിയിലും മറ്റും ഇരുന്നു പ്രഖ്യാപിക്കുന്ന “സാംസ്‌കാരിക വീരന്മാരും” ഒന്നാലോചിക്കട്ടെ , ഇതിനൊക്ക പെണ്ണിന്റെ അനുവാദം കൂടി വേണം എന്ന്!

Leave a Reply

Your email address will not be published. Required fields are marked *