ആയിരാമത് പുസ്തകം പ്രകാശിപ്പിച്ചു.

0

1000book_tcr

പരിഷത്ത് പ്രസിദ്ധീകരണമാരംഭിച്ചിട്ട് 40 വര്‍ഷം പിന്നിട്ടു. പരിഷത്തിന്റെ പല പുസ്തകങ്ങളും ഒരു ലക്ഷത്തിലധികം കോപ്പികള്‍ ചെലവായവയാണ്. കേരളീയ സമൂഹത്തില്‍ ശാസ്ത്രാവബോധവും പാരിസ്ഥിതികാവബോധവും യുക്തിചിന്തയും വളര്‍ത്തുന്നതില്‍ പരിഷത്ത് പ്രസിദ്ധീകരണങ്ങള്‍ വഹിച്ച പങ്ക് നിസ്തുലമാണ്. പരിഷത്ത് പ്രസിദ്ധീകരണങ്ങളെ പൊതുവെ സാമാന്യ ശാസ്ത്രഗ്രന്ഥങ്ങള്‍, അക്കാദമിക ഗ്രന്ഥങ്ങള്‍, ബാലശാസ്ത്രഗ്രന്ഥങ്ങള്‍, സഹായക ഗ്രന്ഥങ്ങള്‍ എന്നിങ്ങനെ നാലായി വര്‍ഗീകരിക്കാവുന്നതാണ്. വായനക്കാര്‍ക്ക് അറിവു പകരുക, അവരില്‍ ശാസ്ത്രീയമായ ലോകവീക്ഷണം വളര്‍ത്തുക, അശാസ്ത്രീയതകള്‍ക്കെതിരെയും ജനവിരുദ്ധതതകള്‍ക്കെതിരെയും പ്രതികരിക്കുന്നതിനും പ്രക്ഷോഭം നടത്തുന്നതിനും പ്രേരിപ്പിക്കുക ഇതൊക്കെയാണ് പരിഷത്ത് ഗ്രന്ഥങ്ങള്‍ ലക്ഷ്യമിടുന്നത്. ‘നമ്മുടെ പശ്ചിമഘട്ടം’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതോടെ പരിഷത്ത് ആയിരം തലക്കെട്ടിലുള്ള പുസ്തകങ്ങള്‍ പുറത്തിറക്കിക്കഴിഞ്ഞു. ആയിരാമത് പുസ്തകമായ ‘നമ്മുടെ പശ്ചിമഘട്ടം’ ഇക്കഴിഞ്ഞ ജൂലൈ 27ന് 5 മണിക്ക് തൃശ്ശൂരിലെ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ വച്ച് ഡോ.എസ്.ശ്രീകുമാര്‍ മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്കൂള്‍ വിദ്യാര്‍ഥി ആശാ തോമസിന് നല്‍കി പ്രകാശിപ്പിച്ചു. ഡോ.കാവുമ്പായി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ച പ്രകാശനച്ചടങ്ങില്‍ തൃശ്ശൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട് കെ.എസ്.ജയ സ്വാഗതമാശംസിച്ചു. പുസ്തകം രചിച്ച ഡോ.ജിജു പി. അലക്സ്, ഡോ.പി.ഇന്ദിരാദേവി, ഡോ.ടി.എ.സുരേഷ് എന്നിവര്‍ പുസ്തകത്തെ സംബന്ധിച്ച് സംസാരിച്ചു. പ്രകാശന ചടങ്ങിനോടനുബന്ധിച്ച് രണ്ട് വിഷയങ്ങളില്‍ പ്രബന്ധാവതരണങ്ങളുണ്ടായി. തണ്ണീര്‍ത്തടങ്ങളും കണ്ടല്‍വനങ്ങളും എന്ന വിഷയത്തില്‍ ഡോ.കെ.വിദ്യാസാഗറും, പശ്ചിമഘട്ടത്തിലെ ഖനനവും പാരിസ്ഥിതികപ്രശ്നങ്ങളും എന്ന വിഷയത്തില്‍ ഡോ.സി.ജെ.അലക്സും വിഷയാവതരണങ്ങള്‍ നടത്തി. തൃശ്ശൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.സത്യനാരായണന്‍ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *