പുസ്തകപ്രകാശനം-ഇ.കുഞ്ഞിക്കൃ ഷ്ണൻ മാസ്റ്റർ

പുസ്തകപ്രകാശനം-ഇ.കുഞ്ഞിക്കൃ ഷ്ണൻ മാസ്റ്റർ

കേരള ശാസ്ത്ര സാഹിത്യപരിഷത്ത്
സംയുക്ത ജില്ലാ കമ്മിറ്റി യോഗം ചേർന്നു

ജില്ലാ വാർഷികത്തിനു ശേഷമുള്ള ആദ്യത്തെ ജില്ലാ കമ്മിറ്റി പരിഷത്ത് ഭവനിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കണ്ണൂർ NGO യൂണിയൻ ഹാളിലാണ് ചേർന്നത്. പുസ്തക പ്രകാശനം, അനുമോദനം എന്നിവയാണ് ആദ്യം നടന്നത്.
സംസ്ഥാന അധ്യാപക ജേതാവും കലാ പ്രവൃത്തി പഠന വിഷയത്തിൽ ദേശീയ, സംസ്ഥാന പരിശീലകനുമായ ശ്രീ പ്രമോദ് അടുത്തില രചിച്ച നിർമ്മിക്കാം പഠിക്കാം – നിർമാണ കലയുടെ രസതന്ത്രം എന്ന പുസ്തകത്തിൻ്റെ ജില്ലാ തല പ്രകാശനം പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം പി.വി. ജയശ്രീ ടീച്ചർക്ക് നൽകിക്കൊണ്ട് മുതിർന്ന ബാലവേദി പ്രവർത്തകൻ ഇ. കുഞ്ഞികൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു. ശ്രീ പ്രമോദ് അടുത്തില പുസ്തകം പരിചയപ്പെടുത്തി. തുടർന്ന് ഐ.ആർ കൃഷ്ണൻ മേത്തല സാഹിത്യ പുരസ്ക്കാരം നേടിയ പരിഷത്ത്ജില്ലാ കമ്മിറ്റി അംഗം ടി.വി. വിലാസിനി ടീച്ചർ, ലേണിംഗ് ടീച്ചേർസ് കേരളയുടെ ശാസ്ത്രാചാര്യ അവാർഡ് നേടിയ പരിഷത്ത് ജില്ലാ വിജ്ഞാനോൽസവ സമിതി കൺവീനർ പി.വി. പ്രസാദ് എന്നിവർക്ക് അനുമോദനം നൽകി. ഒ എം ശങ്കരൻ മാസ്റ്റർ രണ്ടു പേരുടെയും പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി. ചടങ്ങിൽ ബിജു നിടുവാലൂർ സ്വാഗതവും കെ.പി. പ്രദീപ്കുമാർ അധ്യക്ഷതയും വഹിച്ചു.
10.45 ന് നടന്ന കമ്മിറ്റി യോഗത്തിൽ പരിഷത്ത് സംസ്ഥാന ജനറൽ സിക്രട്ടറി പി.വി. ദിവാകരൻ മാസ്റ്റർ കേന്ദ്ര നിർവാഹക സമിതി റിപ്പോർട്ടിംഗ് നടത്തി. സംസ്ഥാന സമ്മേളന അവലോകനം, പാസ്സാക്കിയ പ്രമേയങ്ങൾ, വിവിധ വിഷയ, സബ് കമ്മിറ്റികൾ എടുത്ത തീരുമാനങ്ങൾ എന്നിവ അവതരിപ്പിച്ചു. ഏപ്രിൽ 15 നകം നടത്തേണ്ട യൂണിറ്റ് തല ശാസ്ത്രാവബോധ ക്യാമ്പയിൻ പ്രവർത്തനങ്ങൾ പ്രത്യേകമായി ചർച്ച ചെയ്തു. തുടർന്ന് ജില്ലാ റിപ്പോർട്ടിംഗ് ബിജു നിടുവാലൂർ അവതരിപ്പിച്ചു. അവതരണങ്ങൾക്കു ശേഷം മേഖലാ സിക്രട്ടറിമാർ, ജില്ലാകമ്മിറ്റി അംഗങ്ങൾ എന്നിവർ പ്രതികരണങ്ങൾ നടത്തി.
കൂത്തു പറമ്പ് മേഖലയിൽ വച്ച് നടന്ന 61-മത് ജില്ലാ വാർഷികത്തിൻ്റെ അവലോകനം സംഘാടക സമിതി ജനറൽ കൺവീനർ എ. പവിത്രൻ മാസ്റ്റർ നിർവഹിച്ചു.
ഉച്ചഭക്ഷണത്തിനു ശേഷം വിവിധ വിഷയ സമിതി കൺവീനർമാർ ഈ വർഷം നടത്താനാഗ്രഹിക്കുന്ന പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തു. ക്രോഡീകരിച്ചു കൊണ്ട് ജില്ലാ സിക്രട്ടറി ആസന്ന ഭാവി പ്രവർത്തനങ്ങൾ നിർദ്ദേശിച്ചു. നിർദ്ദേശങ്ങൾ അംഗീകരിച്ചു കൊണ്ട് 4.15 ന് യോഗം അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *