ഡോ.എ.അച്യുതൻ അനുസ്മരണവും സെമിനാറും സംഘടിപ്പിച്ചു

0

കോഴിക്കോട്:  കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ മുൻ സംസ്ഥാന സെക്രട്ടറിയും പ്രസിഡണ്ടുമായിരുന്ന   ഡോ. എ.അച്യുതൻ മാഷുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ കോഴിക്കോട് പരിഷദ് ഭവനിൽ അദ്ദേഹത്തിൻ്റെ അനുസ്മരണവും സെമിനാറും നടന്നു.കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് അധ്യക്ഷതവഹിച്ച അനുസ്മരണ സമ്മേളനത്തിൽ പരിഷത്ത് നിർവാഹക സമിതി അംഗം കെ.ടി.രാധാകൃഷ്ണൻ  അച്യുതൻ മാഷ് അനുസ്മരണ പ്രഭാഷണം നടത്തി. സ്പെക് ഭാരവാഹി ഡോ.കെ.സുഗതൻ സംസാരിച്ചു.

ശാസ്ത്രവും പാരമ്പര്യവും ഇന്ത്യയിൽ സെമിനാര്‍ ഡോ.കെ.ജി പൗലോസ് ഉദ്ഘാടനം ചെയ്യുന്നു

ശാസ്ത്രവും പാരമ്പര്യവും ഇന്ത്യയിൽ എന്ന വിഷയത്തിൽ നടന്ന സെമിനാർ കലാമണ്ഡലം കല്പിത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ.കെ.ജി പൗലോസ് ഇന്ത്യയുടെ ജ്ഞാനോല്പാദന പാരമ്പര്യത്തെക്കുറിച്ചും അതിൻ്റെ ഇടമുറിയലിനെക്കുറിച്ചും അതിനു കാരണമായിട്ടുള്ള അധ്വാനവും ജ്ഞാനവും തമ്മിലുള്ള വിഛേദത്തെക്കുറിച്ചും ഇതിനൊക്കെ പിന്നിലുണ്ടായിരുന്ന തൊട്ടുകൂടായ്മകളെക്കുറിച്ചും പരാമർശിച്ച് സെമിനാർ ഉദ്ഘാടനം ചെയ്തു.

സെമിനാറിൽ ഇന്ത്യയില ശാസ്ത്ര വികാസത്തിൻ്റെ ചരിത്രം എന്ന വിഷയമവതരിച്ചു കണ്ണൂർ സർവകലാശാല ചരിത്ര വിഭാഗത്തിലെ അസി.പ്രൊഫ. ഡോ.മാളവിക ബിന്നി സംസാരിച്ചു. ഇന്ത്യയുടെ ശാസ്ത്രപാരമ്പര്യത്തിന്റെ യഥാർത്ഥ ചിത്രം ലഭ്യമാവാത്തവിധം ഒരു വരേണ്യ സംസ്കാരത്തിൻ്റെ ആശയ സ്വാധീനത്തിലുണ്ടായ തമസ്ക്കരണങ്ങളുടെ ചരിത്രം വരച്ചുകാട്ടി.ജാനോല്പാദനത്തിൽ നടക്കേണ്ടുന്ന ജനാധിപത്യവൽക്കരണം ഇല്ലാതിരിക്കുകയും അധ്വാനം ജ്ഞാനോല്പാദനത്തിൻ്റെ ഭാഗമായി പരിഗണിക്കപ്പെടാതിരിക്കുകയും മൂലം ശാസ്ത്ര വികാസം നടക്കാതെ പോയ ഒരു സമൂഹമായി ഇന്ത്യൻ സമൂഹം മാറി. ഈ നോളഡ്ജ് എക്സ്ക്ലൂസിവിറ്റി സ്വതന്ത്ര ഇന്ത്യയിലും തുടർന്നതിൻ്റെ ചിത്രം ഇന്ത്യയിലെ ഐ.ഐ.എം, ഐ.ഐ.ടി പോലുള്ള സ്ഥാപനങ്ങളിലെ ഫാക്കൽറ്റി മിക്സും സ്റ്റൂഡന്റ് മിക്സും പരിശോധിച്ചാൽ കാണും. മണ്ഡൽ കമ്മീഷൻ നടപ്പിലായതിനു ശേഷം മാത്രമാണ് ഇപ്പോൾ അതിൽ മാറ്റം വന്നുകൊണ്ടിരിക്കുന്നതായി കാണുന്നതെന്നും അവർ പറഞ്ഞു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണത്തിനും സെമിനാറിനും പരിഷത്ത് ജില്ല സെക്രട്ടറി പി.എം വിനോദ് കുമാർ സ്വാഗതവും സംഘാടക സമിതി ചെയർമാൻ പ്രഭാകരൻ കയനാട്ടിൽ നന്ദിയും പറഞ്ഞു. പ്രൊഫ.കെ.ശ്രീധരന്‍, പരിഷത്ത് ജില്ലാ പ്രസിഡണ്ട് ബി.മധു സംസാരിച്ചു. അനുസ്മരണ പരിപാടിയില്‍ അച്ച്യുതൻ മാഷുടെ ജീവിത പങ്കാളി സുലോചനയും കുടുംബാംഗങ്ങളും പങ്കെടുത്തു.കൂടാതെ പുരോഗമന ജനപക്ഷ സംഘടനകളടെ ഭാരവാഹികൾ,സ്പെക് പ്രവർത്തകർ, ഐക്യകേരള വായനശാല പ്രവർത്തകർ, അച്ച്യുതൻ മാഷുടെ സുഹൃത്തുക്കളും പരിഷദ് കുടുംബാംഗങ്ങളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *