അങ്കമാലി – നായത്തോട് മഹാകവി ജി മെമ്മോറിയൽ ഹൈസ്‌കൂൾ : പഠന – ഇടപെടൽ പ്രവർത്തനങ്ങൾക്കു തുടക്കമായി.

0

Ankmly Nayathod pathanam

അങ്കമാലി : ആഗോളവൽക്കരണത്തിന്റെ ഭാഗമായി രൂപപ്പെട്ടു വന്ന വിദ്യാഭ്യാസത്തിന്റെ വിപണിവൽക്കരണം മൂലം പ്രതിസന്ധിയിലായ പൊതുവിദ്യാലയത്തെ കൈ പിടിച്ചുയർത്തുന്നത്തിനായി എറണാകുളം ജില്ലാ വികസന ഉപസമിതി അങ്കമാലി മുനിസിപ്പാലിറ്റിയുമായി കൈകോർക്കുന്നു. കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ വജ്രജൂബിലി പ്രവർത്തനങ്ങളോടനുബന്ധിച്ച് “ശാസ്ത്രം നവകേരളത്തിന്, ശാസ്ത്രം ജനനന്മയ്ക്ക്” എന്ന പേരിൽ സംഘടിപ്പിക്കുന്ന ജനകീയ ക്യാമ്പയിന്റെ ഭാഗമായി അങ്കമാലി മേഖലാ വികസന ഉപസമിതിയും, പരിഷത്ത് മേഖലാ – യൂണിറ്റ് കമ്മിറ്റികളും ചേർന്നു നായത്തോട് മഹാകവി ജി മെമ്മോറിയൽ ഗവ: ഹൈസ്കൂളിലെ പഠന- ഇടപെടൽ പദ്ധതിക്ക് രൂപം നൾകി. ഈ വിഷയവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 22 ന് സ്‌കൂളിലെ അധ്യാപകരുമായി പ്രാഥമിക ആലോചനായോഗം സ്കൂളിൽ വച്ചു ചേർന്നിരുന്നു. ഈ യോഗത്തിൽ സ്‌കൂൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്തു. കുട്ടികളുടെ എണ്ണത്തിലുള്ള കുറവ് , കോവിഡ് കാലത്തെ സ്‌കൂൾ അടച്ചിടൽ മൂലമുണ്ടായിട്ടുള്ള അക്കാദമിക്ക് വിടവ് , ഭൗതിക സൗകര്യങ്ങളിലെ അപര്യാപ്തത, രക്ഷകർത്താക്കളുടെ പങ്കാളിത്ത കുറവ് തുടങ്ങി വിവിധ പ്രശ്നങ്ങൾ ഉയർന്നു വന്നു. തുടർന്നു സ്‌കൂളിലെ ഭൗതിക സൗകര്യങ്ങളെക്കുറിച്ചു വിവരങ്ങൾ സമാഹരിച്ചു . ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട് തയ്യാറാക്കുകയുണ്ടായി.

ഒക്ടോബർ 29, ശനിയാഴ്ച വൈകീട്ട് 3 ന് സ്കൂളിൽ വച്ചു ചേർന്ന യോഗത്തിൽ ഈ റിപ്പോർട്ട് അവതരിപ്പിച്ചു തുടർ പ്രവർത്തന പരിപാടികൾ ചർച്ച ചെയ്തു. നഗരസഭാ ചെയർമാൻ റെജി മാത്യു ഈ പ്രത്യേക ഇടപെടൽ പ്രവർത്തനത്തിന്റെ പ്രാധാന്യവും അതിൽ അദ്ധ്യാപകരുടെ ആത്മാർത്ഥമായ ഇടപെടലിന്റെ പ്രാധാന്യവും എടുത്തു പറഞ്ഞു. പരിഷത്ത് ഇടപെടലിൽ ഉള്ള പ്രതീക്ഷയും സ്‌കൂളിന്റെ പുരോഗതിയിലുള്ള മുനിസിപ്പാലിറ്റിയുടെ നിർബന്ധവും അദ്ദേഹം പങ്കു വച്ചു. എല്ലാ വിധ സഹായങ്ങളും വാഗ് ദാനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം എസ് എസ് മധു പഠന വിവരങ്ങളും ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളും അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി തോമസ്, വാർഡ് കൗൺസിലറും പ്രതിപക്ഷ നേതാവുമായ റ്റി വൈ എലിയാസ്, നഗരസഭാ ആസൂത്രണ സമിതിയംഗം പി. ശശി, പി ടി എ പ്രസിഡന്റ് രാജു ലാസർ , എസ്.എം.സി ചെയർമാൻ സജീവ്, ഹെഡ്മിസ്ട്രസ്സ് ശ്രീമതി ലീലാമ്മ കെ പി, അദ്ധ്യാപകർ, വികസന ഉപസമിതി പ്രതിനിധികൾ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. മേഖലാ വികസന സമിതി കൺവീനർ എ എസ് ഹരിദാസ് തുടർ പ്രവർത്തനങ്ങൾ ക്രോഡീകരിച്ചു സംസാരിച്ചു. മേഖലാ പ്രസിഡന്റ് നന്ദകുമാർ വി , യൂണിറ്റ് സെക്രട്ടറി വേലായുധൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *