ഉന്നത വിദ്യാഭ്യാസം നേടിയവരിലും അന്ധവിശ്വാസം വളരുന്നു: പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ

0

ഉന്നത വിദ്യാഭ്യാസം നേടി യവരിലും അന്ധവിശ്വാസം വളർന്ന് കൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെ കോളേജുകളിലും സർവ്വകലാശാലകളിലും ശക്തമായി ഇടപെടണമെന്നും കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ

പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ജനകീയ ശാസ്ത്രസാംസ്‌കാരികോത്സവത്തിന്റെ സമാപന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

കണ്ണൂർ: ഉന്നത വിദ്യാഭ്യാസം നേടി യവരിലും അന്ധവിശ്വാസം വളർന്ന് കൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെ കോളേജുകളിലും സർവ്വകലാശാലകളിലും ശക്തമായി ഇടപെടണമെന്നും കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. ജനകീയ ശാസ്ത്രസാംസ്‌കാരികോത്സവത്തിന്റെ സമാപന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോളേജുകളിലെ പരിപാടികളുടെ തുടക്കം തന്നെ പ്രർത്ഥനയോടെയാണ്. പ്രാർത്ഥന വീടുകളിലോ ആരാധാനാലയങ്ങളിലോ നടത്താം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശാസ്ത്ര ബോധം വളർത്താനുള്ള ഇടമാണ്. 1946ൽ ജവഹർലാൽ നെഹ്‌റുവാണ് സയന്റിഫിക് ടെമ്പർ ശക്തമായി മുന്നോട്ട് കൊണ്ടു പോയത്. എന്നാൽ ഇന്ന് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പോലും അന്ധ വിശ്വാസ കേന്ദ്രമായി മാറുന്നു. ഡിജിറ്റൽ ഡിവൈഡ് ഇന്ത്യയിലും ശക്തമാണ്. ഓൺലൈൻ ക്ലാസുക ൾ വന്നപ്പോൾ കേരളത്തിലും കുട്ടികൾ ഏറെ വിഷമിക്കുന്നുണ്ട്. വർക്ക് ഫ്രം ഹോം എന്ന സംവിധാനം കോവിഡ് കാലത്താണ് ഇവിടെ പ്രചാരം നേടിയത്. എന്നാൽ കോർപ്പറേറ്റുകൾ നേരത്തെ തന്നെ ഇത് തുടങ്ങിയതാണ്. കുറഞ്ഞ ശമ്പളത്തിലുള്ള കരാർ ജോലിയാക്കി ഇതിനെ മാറ്റാമെന്നാണ് കോർപ്പറേറ്റുകൾ ഇതിനെ കാണുന്നതെന്നും വിസി പറഞ്ഞു.
“കെ ഫോണും കേരള വികസനവും” എന്ന വിഷയത്തിൽ കെഎസ്ഇബി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനിയർ (ഐടി) പി വി ലതീഷ് വിഷയാവതരണം നടത്തി. 35000 കിലോമീറ്റർ ദൂരത്തിൽ ഒപ്റ്റിക്കൽ ഫൈബർ നെറ്റ് വർക്ക് സംവിധാനമാണ് വരുന്നത്. കേരളത്തിലെ മുക്കിലും മൂലയിലും ഫൈബർ ലൈൻ വലിക്കുകയാണ്. ഏതെങ്കിലും ഒരു ഭാഗത്ത് നെറ്റ് വർക്ക് തകരാർ വന്നാൽ മറ്റ് ഭാഗത്ത് നിന്ന് കണക്ട് ചെയ്യാൻ സാധിക്കും എന്നുള്ളത് കൊണ്ട് ഒരിക്കലും നെറ്റ് വർക്ക് നഷ്ടപ്പെടാതെ ഇത് വഴി ഇന്റർനെറ്റ് സേവനം ലഭ്യമാകും. കൊച്ചി ഇൻഫോപാർക്കിലെ നെറ്റ് വർക്ക് ഓപ്പറേറ്റിംഗ് സിസ്റ്റവും തിരുവനന്തപുരം കെഎസ്ഇബിയിലെ ഡാറ്റ റിക്കവറി സെന്ററും ഉപയോഗിച്ചാണ് സംസ്ഥാനത്താകെയുള്ള സംവിധാനത്തെ ഏകോപിപ്പിക്കുക എന്നും ലതീഷ് പറഞ്ഞു.
ജില്ലാ സെക്രട്ടറി എം സുജിത്ത് അധ്യക്ഷനായി. പി മനോഹരൻ, വി വി ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. നാടക പ്രവർത്തക കൂട്ടായ്മയിൽ കലാകാരൻമാരെ കെ വിനോദ് കുമാർ ആദരിച്ചു. എം ദിവാകരൻ സ്വാഗതവും പി കെ സുധാകരൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *