ജില്ലകളിൽ ആവേശമുണർത്തി ജനകീയ ശാസ്ത്രസാംസ്കാരികോത്സവം

0

ജനകീയ ശാസ്ത്ര സാംസ്കാരികോത്സവം ജില്ലാ തലങ്ങളില്‍

ജനകീയ ശാസ്ത്ര സാംസ്കാരികോത്സവം ജില്ലാ തല ഉദ്ഘാടനം കാഞ്ഞങ്ങാട് വെച്ച് കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ ഡോ. എ എം ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു.

കാസറഗോഡ്

ജനകീയ ശാസ്ത്ര സാംസ്കാരികോത്സവം ജില്ലാ തല ഉദ്ഘാടനം കാഞ്ഞങ്ങാട് വെച്ച് കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ ഡോ. എ എം ശ്രീധരൻ ഉദ്ഘാടനം ചെയ്തു.
നമ്മുടെ രാജ്യം ഭരണകൂടവും പരിസ്ഥിതിയും തീർക്കുന്ന പല വിധ വെല്ലുവിളികൾ നേരിടുന്ന കാലത്ത് ഭരണഘടനയും, ഫെഡറിലിസവും മാനവികതയും ജനാധിപത്യവും തകർത്ത്, യുക്തിരാഹിത്യവും ഏകാധിപത്യ പ്രവണതകളും അരങ്ങിലെത്തുന്ന കാലത്ത്, ഇവയെ ചെറുക്കാൻ സംസ്കാരത്തിൽ ഇടപെട്ടുകൊണ്ടുള്ള കൂട്ടായ്മയുടെ ജനാധിപത്യ വേദി വളർത്തിയെടുക്കാനാണ് ജനകീയ ശാസ്ത്ര സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നത്. നമ്മുടേത് പങ്കുവെക്കലിന്റെ സംസ്കാരമാണ്. ഈ സംസ്കാരത്തെ അരികുവത്ക്കരിക്കാനുള്ള ശ്രമങ്ങൾ ദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുന്നു.ഹൈന്ദവർ എന്നത് പോലെ ബൗദ്ധരും സിഖുകാരും പർസികളും മുസ്ലിങ്ങളും ഇന്ത്യയെ നിർമിക്കുന്നതിൽ പങ്കു വഹിച്ചിട്ടുണ്ട്. ഡോ. എ എം ശ്രീധരൻ അഭിപ്രായപ്പെട്ടു.
മുനിസിപ്പൽ ചെയർപേഴ്സൻ കെ വി സുജാത അധ്യക്ഷയായ യോഗത്തിൽ സി എം വിനയചന്ദ്രൻ, ജയൻ നീലേശ്വരം, വി ടി കാർത്യായണി, എ എം ബാലകൃഷ്ണൻ, കെ കെ രാലവൻ, പി കുഞ്ഞിക്കണ്ണൻ, എം രമേശൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ പ്രേംരാജ് സ്വാഗതവും ജില്ലാ കൺവീനർ പി പി രാജൻ നന്ദിയും പറഞ്ഞു.

ചൊട്ടത്താലിൽ നടന്ന ശാസ്ത്ര സാംസ്കാരികോത്സത്തിൽ പരിഷത്ത് സംഘം അവതരിപ്പിച്ച “പിഞ്ഞാണ് ‍പാണനാർ’ എന്ന നാടകത്തിൽ നിന്ന്.

കാസറഗോഡ്: മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ശാസ്ത്ര സാംസ്കാരികോത്സവത്തിന് ചൊട്ടത്താലിൽ സ്വീകരണം നൽകി. സി.പി.എം. ഏരിയാ കമ്മിറ്റിയംഗം കെ സുധീഷ് ഉദ്ഘാടനം ചെയ്തു.
പി പ്രസന്നൻ അധ്യക്ഷനായി. നിർവാഹകസമിതി അംഗം എ എം ബാലകൃഷ്ണൻ ശാസ്ത്ര ക്ലാസ് എടുത്തു.
ലോഹിതാക്ഷൻ പെരിങ്ങാനം, നാരായണൻ പയ്യങ്ങാനം എന്നിവർ അവതരിപ്പിച്ച “നാട്ടുപയമ’, പരിഷത്ത് സംഘം അവതരിപ്പിച്ച നാടകം “പിഞ്ഞാണ് പാണനാർ’ തുടങ്ങിയവ നടന്നു. കെ സജീഷ്, ടി കൃഷ്ണൻ, കെ ടി സുകുമാരൻ എന്നിവർ സംസാരിച്ചു.

 

തൃക്കരിപ്പൂർ മേഖലാ തല ഉദ്ഘാടനം നിടുംബ യൂണിറ്റിൽ നിർവാഹക സമിതിയംഗം എ എം ബാലകൃഷ്ണൻ നിർവ്വഹിക്കുന്നു.

തൃക്കരിപ്പൂർ: കാർഷിക നിയമങ്ങളും ഭക്ഷ്യ സുരക്ഷയും, അപകടത്തിലാകുന്ന ഭരണഘടനാ മൂല്യങ്ങൾ, മാറുന്ന കാലാവസ്ഥയും കേരള വികസനവും തുടങ്ങിയ വിഷയങ്ങൾ ഏറ്റെടുത്തുകൊണ്ട് തൃക്കരിപ്പൂർ മേഖലയിൽ ജനകീയ ശാസ്ത്ര സാംസ്കാരികോത്സവത്തിന് തുടക്കമായി.
വീട്ടുമുറ്റ നാടകങ്ങൾ, വീട്ടുമുറ്റ ക്ലാസ്സുകൾ, പരിഷത്ത് ബാന്റുകൾ, പോസ്റ്റർ എക്സിബിഷനുകൾ , ഡിജിറ്റൽ കലാജാഥ എന്നിവയിലൂടെയാണ് വിഷയങ്ങൾ അവതരിപ്പിക്കുന്നത്. മേഖലാ തല ഉദ്ഘാടനം നിടുംബ യൂണിറ്റിൽ നിർവാഹക സമിതിയംഗം എ എം ബാലകൃഷ്ണൻ നിർവ്വഹിച്ചു. തുടർന്ന് കർഷക സമരം ആസ്പദമാക്കിയുളള നാടകം അവകാശികൾ അരങ്ങിലെത്തി.
സംഘാടക സമിതി ചെയർമാൻ കെ.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രേമരാജൻ, പി.പി.രാജൻ, വിജേഷ് കാരി എന്നിവർ സംസാരിച്ചു. ബിനേഷ് മുഴക്കോം സ്വാഗതവും കെ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. മേഖലയിലെ 16 കേന്ദ്രങ്ങളിൽ വീട്ടുമുറ്റ നാടകവും ക്ലാസുകളും സംവാദങ്ങളും നടക്കും.

മലപ്പട്ടം: ജനകീയ ശാസ്ത്രസാംസ്കാരിക കലാസദസ്സുകളുടെ മേഖലാതല ഉദ്ഘാടനം മലപ്പട്ടം സെന്ററിൽ മുൻ പഞ്ചായത്ത് പ്രസിഡണ്ട് പി പുഷ്പജൻ ഉദ്ഘാടനം ചെയ്തു.
കണ്ണൂർ യൂണിവേഴ്സിറ്റി അക്കാദമിക് കൗൺസിൽ അംഗവും ഭൂമിശാസ്ത്ര വിഭാഗം പ്രൊഫസറുമായ ഡോ. ടി കെ പ്രസാദ് കാലാവസ്ഥാ വ്യതിയാനവും കേരളവികസനവും എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.
സംഘാടക സമിതി കൺവീനർ കെ നാരായണൻ മാസ്റ്റർ സ്വാഗതം പറഞ്ഞ പരിപാടിയിൽ ചെയർമാൻ വി പി വത്സരാജൻ മാസ്റ്റർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി അംഗം മലപ്പട്ടം പ്രഭാകരൻ പരിഷത്ത് ഉത്പന്ന പ്രദർശനം ഉദ്ഘാടനം ചെയ്തു. നിർവാഹക സമിതി അംഗം ഒ സി ബേബിലത ക്യാമ്പയിൻ പരിപാടികൾ വിശദീകരിച്ചു. ശ്രീകണ്ഠാപുരം മേഖല പ്രസിഡണ്ട് കെ രഞ്ജിത്ത് പരിഷത്ത് ചൂടാറാപെട്ടി ഡെമോൺസ്ട്രേഷൻ ക്ലാസ്സ് നയിച്ചു.
മലപ്പട്ടം യൂണിറ്റ് സെക്രട്ടറി കെ കെ ഗോപിനാഥൻ നന്ദി പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർമാരായ ഇ രവീന്ദ്രൻ, ടി കെ സുജാത, ലൈബ്രറി കൗൺസിൽ താലൂക്ക് കൗൺസിൽ അംഗം വി സഹദേവൻ, മേഖലാ സെക്രട്ടറി അജയൻ വളക്കൈ, ട്രഷറർ ഉണ്ണികൃഷ്ണൻ വയലപ്ര, മേഖലാ കമ്മിറ്റി അംഗങ്ങളായ ബിന്ദു സി, കെ കെ കൃഷ്ണൻ, യൂണിറ്റ് പ്രസിഡണ്ട് എം വി പുരുഷോത്തമൻ, നേതൃസമിതി കൺവീനർ എ പ്രേമരാജ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് അജയൻ വളക്കൈയും സംഘവും അവതരിപ്പിച്ച പാട്ടുകൂട്ടം പരിപാടിയും അരങ്ങേറി.

കണ്ണൂര്‍

സാംസ്കാരികോത്സവത്തിന്റെ ഭാഗമായി പേരാവൂർ മേഖലയിൽ പര്യടനം തുടങ്ങിയ വീട്ടുമുറ്റ നാടകയാത്രയില്‍ നിന്നും.

പേരാവൂർ: നാളെയാവുകിൽ ഏറെ വൈകീടും എന്ന മുദ്രാവാക്യമുയർത്തി വിവിധ ശാസ്ത്ര സാംസ്കാരിക സംഘടനകളുടെ സഹായത്തോടെ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജനകീയ ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന വീട്ടുമുറ്റ നാടകയാത്ര പേരാവൂർ മേഖലയിൽ പര്യടനം തുടങ്ങി.
ഇരട്ടേങ്ങൽ, തോലമ്പ്ര,ആര്യ പറമ്പ‌് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം കണിച്ചാർ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ നാടകം അവതരിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ വി കെ കുഞ്ഞികൃഷ്ണൻ, കെ ഗോപി, വിജന പി, അഡ്വ. റജി, കെ വിനോദ് കുമാർ, എം വി മുരളീധരൻ എന്നിവർ സംസാരിച്ചു.
ശാസ്ത്രബോധം, അപകടത്തിലാവുന്ന ഭരണഘടനാ മൂല്യങ്ങൾ, കാലാവസ്ഥ വ്യതിയാനം, കർഷക സമരത്തിന്റെ പശ്ചാലത്തിൽ അപകടത്തിലാവുന്ന ഭക്ഷ്യ സുരക്ഷ എന്നീ ആശയങ്ങളാണ് കലാജാഥയിലെ പ്രമേയം.
മാർച്ച് അഞ്ച് വരെ പേരാവൂർ മേഖലയിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു. ഷൈജു തോലമ്പ്ര, സുവർണ പി, ജോബിഷ് കെ‌, സന്ധ്യ ബിജു എന്നിവരാണ് വീട്ടുമുറ്റ നാടകയാത്രയിലെ അംഗങ്ങൾ.

വീട്ടുമുറ്റ നാടകയാത്ര പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു.

പേരാവൂർ: വിവിധ ശാസ്ത്ര സാംസ്കാരിക സംഘടനകളുടെ സഹായത്തോടെ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജനകീയ ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന വീട്ടുമുറ്റ നാടകയാത്ര പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ ഉദ്ഘാടനം ചെയ്തു.
ടി സുരേന്ദ്രൻ അധ്യക്ഷനായി. പി വി ദിവാകരൻ ക്ലാസ്സെടുത്തു. കെ വിനോദ് കുമാർ, പി കെ സുധാകരൻ, എം വി മുരളീധരൻ, വി വി വത്സല, വി കെ കുഞ്ഞികൃഷ്ണൻ, കെ ഗോപി, വിജന പി, അഡ്വ. റജി, കെ വിനോദ് കുമാർ എന്നിവർ സംസാരിച്ചു.
ശാസ്ത്രബോധം, അപകടത്തിലാവുന്ന ഭരണഘടനാ മൂല്യങ്ങൾ, കാലാവസ്ഥ വ്യതിയാനം, കർഷക സമരത്തിന്റെ പശ്ചാലത്തിൽ അപകടത്തിലാവുന്ന ഭക്ഷ്യ സുരക്ഷ എന്നീ ആശയങ്ങളാണ് കലാജാഥയിലെ പ്രമേയം. പേരാവൂർ മേഖലയിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ പരിപാടികൾ അവതരിപ്പിക്കും. ഷൈജു തോലമ്പ്ര, സുവർണ പി, ജോബിഷ് കെ, സന്ധ്യ ബിജു എന്നിവരാണ് വീട്ടുമുറ്റ നാടകയാത്രയിലെ അംഗങ്ങൾ.
ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ ഭാഗമായി വീട്ടുമുറ്റ നാടകങ്ങൾ, ഓൺലൈൻ കലാജാഥ, ശാസ്ത്ര ക്ലാസ്സുകൾ, പുസ്തക പ്രചരണം എന്നിവ നടക്കും.

വയനാട്

ബഹുജന സമ്പർക്ക പരിപാടിയായ ശാസ്ത്ര സാംസ്‌കാരികോത്സവം ആരംഭിച്ചു. തിരഞ്ഞെടുത്ത ഏഴ് കേന്ദങ്ങളിലാണ് സാംസ്കാരികോത്സവം നടക്കുന്നു. മാർച്ച് 5, 6, 7 തീയതികളിൽ ആണ് പ്രധാന പരിപാടികൾ നടന്നത്.
പുൽപ്പള്ളി (വാടാനക്കവല), വൈത്തിരി (പൂക്കോട്), കൽപ്പറ്റ (മുണ്ടേരി), തിരുനെല്ലി (കാട്ടിക്കുളം), വെള്ളമുണ്ട, മീനങ്ങാടി, ബത്തേരി (കുപ്പാടി) എന്നിവിടങ്ങളില്‍ പ്രധാന പരിപാടികൾ അരങ്ങേറി.
രാജ്യത്തിന്റെ ഫെഡറലിസം ചോദ്യം ചെയ്യപ്പെടുകയും ഭരണഘടന തന്നെ വെല്ലുവിളി നേരിടുകയും കോർപറേറ്റ് താൽപ്പര്യങ്ങൾക്ക് വേണ്ടി കർഷകർ വഞ്ചിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇവക്കെതിരെ പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്ര സാംസ്‌കാരികോത്സവം സംഘടിപ്പിക്കുന്നത്.
വ്യാപകമായി ശാസ്ത്ര ക്ലാസുകളും ഒപ്പം ലഘുനാടകങ്ങൾ, സ്കിറ്റുകൾ, പാട്ട് അവതരണങ്ങൾ, ഡിജിറ്റൽ കലാജാഥ, ശാസ്ത്ര പുസ്തക പ്രചാരണം, മാലിന്യ സംസ്കരണവും ഊർജ സംരക്ഷണവും എന്നിവ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ബദൽ ഉൽപ്പന്നങ്ങളുടെ പ്രചാരണം എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി ഒരുക്കി.
ലഘുനാടകങ്ങൾ, സംഗീത ശിൽപ്പങ്ങൾ, ഡിജിറ്റൽ കലാജാഥ എന്നീ പരിപാടികൾ കോർത്തിണക്കി കൊണ്ടുള്ള കലാ ടീമിന്റെ സാംസ്ക്കാരിക യാത്ര പുൽപ്പള്ളി വാടാനക്കവലയിൽ നിന്നാണ് ആരംഭിച്ചത്.

കോഴിക്കോട്

സാംസ്കാരിക കലാസദസ്സുകളുടെ നാദാപുരം മേഖലാതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: ജനകീയ ശാസ്ത്രസാംസ്കാരിക കലാസദസ്സുകളുടെ മേഖലാതല ഉദ്ഘാടനം നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മുൻ ജനറൽ സെക്രട്ടറി കെ ടി രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി ശശിധരൻ മണിയൂർ, പതിമൂന്നാം വാർഡ് മെമ്പർ ടി ലീന, മേഖലാ സെക്രട്ടറി ഇ ടി വത്സലൻ തുടങ്ങിയവർ സംസാരിച്ചു.
മേഖലാ പ്രസിഡന്റ് എ കെ പീതാംബരൻ മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സ്വാഗതസംഘം കൺവീനർ കെ പി ശ്രീധരൻ സ്വാഗതവും കേളോത്ത്‌ രാജൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
ആർ കെ പ്രകാശൻ, എ കെ ഹരിദാസൻ, ലിനീഷ് കെ സി തുടങ്ങിയവർ സാംസ്‌കാരികോ ത്സവത്തിന് നേതൃത്വം നൽകി.
രവി ഏഴോം രചന നിർവഹിച്ച് ശിവദാസ് ചെമ്പ്ര സംവിധാനം ചെയ്ത അവകാശികൾ എന്ന നാടകവും അരങ്ങേറി. പരിപാടിയുടെ ഭാഗമായി വീടുകൾ കയറി ബോധവൽകരണവും നടത്തി.

ജനകീയ ശാസ്ത്ര സാംസ്കാരികോത്സവം വരിക്കോളിയിൽ പ്രൊഫ. കെ പാപ്പൂട്ടി പരിപാടി ഉദ്ഘാടനം ചെയ്യുന്നു.

വരിക്കോളി: ജനകീയ ശാസ്ത്ര സാംസ്കാരികോത്സവം വരിക്കോളിയിൽ
നാദാപുരം മേഖലാ കമ്മിറ്റിയുടെയും പ്രതിഭ ആർട്സ് & സ്പോർട്സ് ക്ലബ് വരിക്കോളിയുടെയും നേതൃത്വത്തിൽ ജനകീയ ശാസ്ത്ര സാംസ്കാരികോത്സവം സംഘടിപ്പിച്ചു.
കർഷകസമരവും ഭക്ഷ്യസുരക്ഷയും, അപകടത്തിലാകുന്ന ഭരണഘടനാ മൂല്യങ്ങൾ, കാലാവസ്ഥാവ്യതിയാനവും കേരളത്തിന്റെ വികസനവും തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള പ്രഭാഷണങ്ങൾ, പോസ്റ്റർ പ്രദർശനം, വീട്ടുമുറ്റ നാടകം തുടങ്ങിയവ അരങ്ങേറി.
പ്രൊഫ. കെ പാപ്പൂട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. കേളോത്ത് രാജൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ബൈജു അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി ലീന, ലിനീഷ് കെ സി, ഹരിദാസൻ എ കെ തുടങ്ങിയവർ സംസാരിച്ചു. മേഖലാ സെക്രട്ടറി ഇ ടി വത്സലൻ, അജിൻ രാജ്, നാണു അരൂര് എന്നിവർ അഭിനയിച്ച നാടകം അവകാശികൾ അരങ്ങേറി.ലഘുലേഖ വിതരണവും നടന്നു.

തൃശൂര്‍

ദേശീയ ശാസ്ത്രദിനത്തില്‍ ഗുരുവായൂരിൽ ഉദ്ഘാടനം ചെയ്ത കലാസദസ്സ്

തൃശ്ശൂർ: ജനകീയ ശാസ്ത്രസാംസ്കാരിക കലാസദസ്സുകൾ തരംഗമാകുന്നു. ദേശീയ ശാസ്ത്രദിനത്തില്‍ ഗുരുവായൂരിൽ ഉദ്ഘാടനം ചെയ്ത കലാസദസ്സ് എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ രണ്ടു വീതം കേന്ദ്രങ്ങളിൽ പരിപാടികൾ അവതരിപ്പിക്കുന്നു. നാലുപേരടങ്ങുന്ന അ‍ഞ്ച് കലാസംഘങ്ങളാണ് ജില്ലയിൽ ഒരേസമയം പര്യടനം നടത്തുന്നത്.
കോവിഡ് സൃഷ്ടിച്ച പ്രതികൂലസാഹചര്യം വിപുലമായ തോതിലുള്ള കലാജാഥാപര്യടനം അസാധ്യമാക്കിയതിനാലാണ് ഇക്കുറി പരിഷത്ത് വീട്ടുമുറ്റങ്ങളിലെ ചെറു സദസ്സുകളിലേയ്ക്ക് കലാവിരുന്നുമായി എത്തിയിരിക്കുന്നത്. കർശനമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന കലാസദസ്സിൽ മാനവ ഗാനങ്ങൾ, ലഘുനാടകങ്ങൾ, ആനുകാലിക വിഷയങ്ങളിൽ വിദഗ്ധർ നയിക്കുന്ന ശാസ്ത്രക്ലാസുകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
റഫീഖ് അഹമ്മദ് രചിച്ച കവിതയുടെ സംഗീതാവിഷ്ക്കാരവും ഇന്ത്യൻ ഭരണഘടന അട്ടിമറിക്കപ്പെടുന്ന സാഹചര്യവും സംവാദാത്മകമായി കലാകാരന്മാർ തന്മയത്വത്തോടെ അവതരിപ്പിച്ചുകൊണ്ടാണ് പരിപാടി ആരംഭിക്കുന്നത്. ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ ചാട്ടുളിപോലെ തറച്ചു കയറുന്ന സാമൂഹികവിമർശനമുയർത്തി കലാസംഘം അരങ്ങുതകർക്കുമ്പോൾ വീട്ടുമുറ്റ സദസ്സുകളിൽ നിന്ന് നിലയ്ക്കാത്ത കയ്യടിയാണ് ഉയരുന്നത്.
കൊവിഡ് കാലത്ത്, രക്ഷാമാർഗ്ഗം ആയത് ശാസ്ത്രം മാത്രമാണെന്ന് നാടകം വിളിച്ചുപറയുന്നു. ശാസ്ത്രത്തിന്റെ ലേബലൊട്ടിച്ച് അന്ധവിശ്വാസവും കപടശാസ്ത്രവും ഒളിച്ചു കടത്തുന്നതിനെതിരെ നാടകം കണക്കറ്റ് കളിയാക്കുന്നുണ്ട്. ജനാധിപത്യം, ഫെഡറലിസം, മതനിരപേക്ഷത, വിദ്യാഭ്യാസത്തിന്റെ പുരോഗമനസ്വഭാവം, എന്നിവ നേരിടുന്ന വെല്ലുവിളികളും കർഷകർ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയും നാടകത്തിൽ ചർച്ച ചെയ്യുന്നുണ്ട്.
അനുബന്ധ പരിപാടിയായി വിവിധ വിഷയങ്ങളിൽ വിദഗ്ധർ നയിക്കുന്ന 500 ശാസ്ത്രക്ലാസുകൾ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇതോടൊപ്പം നടക്കും.
എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഡോ. എൻ മോഹൻദാസ്, വി എസ് ഗിരീശൻ, ബിലു സി നാരായണൻ, എന്നിവരുടെ രചനകൾക്ക് സുമേഷ് മണിത്തറ, അഖിലേഷ് തയ്യൂർ, ശശി ആഴ്ചത്ത് എന്നിവരാണ് നാടകരൂപം ഒരുക്കിയിട്ടുള്ളത്.
60 കേന്ദ്രങ്ങളിലെ അവതരണങ്ങൾക്ക് ശേഷം കൊടുങ്ങല്ലൂരിനടുത്ത് പൊയ്യയിൽ സമാപിക്കുമെന്ന് ജില്ലാ സെക്രട്ടറി ടി സത്യനാരായണനും കലാ- സംസ്കാരം ഉപസമിതി ജില്ലാ കൺവീനർ ഈ ഡി ഡേവിസും പറഞ്ഞു.

എറണാകുളം

“ജീവിതമാണ് ലഹരി” എന്ന വിഷയത്തെ ആസ്പദമാക്കി തൃപ്പൂണിത്തുറ റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ കെ രമേശൻ സംസാരിക്കുന്നു.

മുളന്തുരുത്തി യൂണിറ്റ് പെരുമ്പിള്ളി ഗ്രാമീണ വായനശാലയുടെ സഹകരണത്തോടെ ജനകീയ ശാസ്ത്ര സാംസ്കാരികോത്സവം സംഘടിപ്പിച്ചു.
പെരുംമ്പിള്ളി തിരുവോണം ഓഡിറ്റോയത്തിൽ നടന്ന പരിപാടിയിൽ മുളന്തുരുത്തി യൂണിറ്റിലെ മൂന്ന് ബാലവേദികളിലെ അംഗങ്ങൾ ശാസ്ത്ര/ പരിസ്ഥിതി ഗാനാലാപനവും ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനവും നടത്തി. “ജീവിതമാണ് ലഹരി” എന്ന വിഷയത്തെ ആസ്പദമാക്കി തൃപ്പൂണിത്തുറ റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ കെ രമേശൻ സംസാരിച്ചു. തുടർന്ന് മണ്ട്രോത്തുരുത്ത് ലഘു സിനിമ പ്രദർശനം നടന്നു.
പ്രൊഫ. എം വി ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായ ചടങ്ങിൽ കെ എൻ സുരേഷ് സ്വാഗതം പറഞ്ഞു. വായനശാല സെക്രട്ടറി വി എ ശിവരാജൻ, ഗവ യുപി സ്‌കൂൾ ഹെഡ് മിസ്ട്രെസ്സ് സീന തോമസ്, മേഖല പ്രസിഡണ്ട് ജോസി വർക്കി എന്നിവർ സംസാരിച്ചു. അജിത കെ എ, ഗിരിജ എം, ജിതിൻ സി എസ് തടങ്ങയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

കൊല്ലം

കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ ബി മുരരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

ജനകീയ ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ കൊല്ലം ജില്ലാ തല ഉദ്ഘാടനം തട്ടാമല ജ്ഞാനോദയം വായനശാലയിൽ ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണൻ നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി കാർഷിക നിയമവും ഭക്ഷ്യ സുരക്ഷയും, കാലാവസ്ഥ മാറ്റവും കേരള വികസനവും തകർക്കപ്പെടുന്ന ഭരണഘടനാ മൂല്യങ്ങൾ എന്നീ വിഷയങ്ങളെ അധികരിച്ച് ജില്ലയിൽ 1000 ശാസ്ത്ര ക്ലാസുകൾ, വീട്ടുമുറ്റ നാടകം, ഡിജിറ്റൽ നാടകം, പോസ്റ്റർ പ്രദർശനം, ഗായകസംഘങ്ങൾ എന്നിവ ഗ്രന്ഥശാലാസംഘം ഉൾപ്പെടെയുള്ള പുരോഗമന സംഘടനകളുമായി സഹകരിച്ച് 40 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കും.
ജില്ലാ പ്രസിഡണ്ട് ടി ലിസിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബി വേണു, ജി രാജശേഖരൻ, എൽ ഷൈലജ, ആർ ജയകുമാർ, ഡി പ്രസന്നകുമാർഎന്നിവർ സംസാരിച്ചു. ഷീലാബൈജു കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന്  കലാപരിപാടികളും നടന്നു.

കാർഷിക നിയമവും ഭക്ഷ്യ സുരക്ഷയും എന്ന വിഷയത്തിൽ എൽ ഷൈലജ ക്ലാസ്സെടുക്കുന്നു.

കരുനാഗപ്പള്ളി: മേഖലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ജനകീയ ശാസ്ത്ര സാംസ്കാരികോത്സവം വേങ്ങ വടക്ക് യൂണിറ്റിലെ കാഞ്ഞിരംവിള ലക്ഷം വീട് കോളനിയിൽ നടന്നു.
മേഖലാ പ്രസിഡൻറ് കെ മോഹനന്റെ അധ്യക്ഷതയിൽ നിർവ്വാഹക സമിതിയംഗം എൽ ഷൈലജ കാർഷിക നിയമവും ഭക്ഷ്യ സുരക്ഷയും എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു‌. ജില്ലാ ട്രഷറർ ഡി പ്രസന്നകുമാർ, മേഖലാ സെക്രട്ടറി ആർ മോഹനദാസൻ പിള്ള, മുൻ നിർവാഹക സമിതി അംഗം പി എസ് സാനു എന്നിവർ സംസാരിച്ചു.
സംഘാടക സമിതി കൺവീനർ മോഹൻദാസ് തോമസ് സ്വാഗതവും യൂണിറ്റ് സെക്രട്ടറി രേണുക നന്ദിയും പറഞ്ഞു. തുടർന്ന് ചെഹിമയും രാധാകൃഷ്ണനും ശാസ്ത്ര ഗാനങ്ങൾ ആലപിച്ചു. അലൻ, സൂര്യൻ ,ഡാൻസർ ആനന്ദ് എന്നിവരുടെ നേതൃത്വത്തിൽ ലഘു നാടകവും അരങ്ങേറി.

ഇടുക്കി

തൊടുപുഴയിൽ സംഘടിപ്പിച്ച “വരയും പാട്ടും”പരിപാടിയില്‍ നിന്നും.

തൊടുപുഴ: ജനകീയശാസ്ത്ര സാംസ്കാരികോത്സവം തൊടുപുഴയിൽ “വരയും പാട്ടും”പരിപാടികളായി അവതരിപ്പിച്ചു.
തൊടുപുഴയിലെ ചിത്രകാരന്മാരെയും സാഹിത്യ പ്രവർത്തകരേയും സംഘടിപ്പിച്ചു കൊണ്ടുള്ള “വരയും പാട്ടും” മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. വഴിത്തല രവീന്ദ്രൻ നായർ, പി ഡി രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
ഗ്രന്ഥശാല സംഘം താലൂക്ക് സെക്രട്ടറി പി കെ സുകുമാരന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് അനൂപ് എസ് സ്വാഗതവും പി എം സുകുമാരൻ നന്ദിയും പറഞ്ഞു. ചിത്രകാരന്മാരായ ടോം ജോസഫ്, രതീഷ് ചന്ദ്രൻ, റിനോജ് ജോൺ, അഖില, ദേവനന്ദ, അനുരൂപ്, കൗസല്യ കൃഷ്ണൻ, ഇന്ദിര രവീന്ദ്രൻ എന്നിവർ കവിതകളും അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി വി വി ഷാജി, എ എൻ സോമദാസ്, ഡി ഗോപാലകൃഷ്ണൻ തുടങ്ങിയവർ ശാസ്ത്രോത്സവത്തിന് നേതൃത്വം നൽകി.

 

 

Leave a Reply

Your email address will not be published. Required fields are marked *