അരവിയേട്ടന്റെ ഡയറിക്കുറിപ്പ്
അരവിന്ദാക്ഷൻ (കോഴിക്കോട് ബാലുശ്ശേരി മേഖല- അറപ്പീടിക യൂണിറ്റ്)
അരവിന്ദാക്ഷൻ (കോഴിക്കോട് ബാലുശ്ശേരി മേഖല– അറപ്പീടിക യൂണിറ്റ്)
ജൂൺ 4 ന് രാവിലെ പരിഷത്ത് അറപ്പീടിക യൂണിറ്റ് അംഗങ്ങളുടെ വീട് സന്ദർശനമായിരുന്നു.
ലക്ഷ്യങ്ങൾ
1. മെമ്പർഷിപ്പ് ചേർക്കൽ
2. ഫലവൃക്ഷ തൈ വിതരണം
3. മാസിക ചേർക്കൽ
4. ജില്ലാ സമ്മേളന അനുബന്ധ പരിപാടി “ആവാസവ്യവസ്ഥയുടെ പുന:സ്ഥാപനം ”
ടി.ജി.യുടെ ക്ലാസ്സ് – അതിന്റെ പ്രചരണം.
പരിഷത്ത് മേഖലാ പ്രസിഡന്റ് ഇ എന്‍ പത്മനാഭൻ മാസ്റ്റർ, അറപ്പീടിക യൂണിറ്റ് സെക്രട്ടറി സുബീഷ് എന്നിവർ മൂവർ സംഘത്തിലെ മറ്റ് അംഗങ്ങൾ. പപ്പൻ മാഷ് രാവിലെ വീട്ടിലെത്തി. അവിടുന്ന് യുണിറ്റ് പ്രസിഡന്റ് പി പി ഗൗരി തയ്യാറാക്കിയ ഫലവൃക്ഷതൈകൾ (കൊടമ്പുളി, സ്റ്റാർ ഫ്രൂട്ട്, ചാമ്പ മുതലായവ) മേഖലാ പ്രസിഡന്റ് ഏറ്റുവാങ്ങി. നേരെ വട്ടോളി ബസാർ ഭാഗത്തേക്ക്, കിഴക്കെ അറ്റത്ത് സലീം എൻജിനീയറുടെ വീട്ടിലെത്തി. എൻജിനീയർ 8 മണിക്ക് കക്കയം പവ്വർ ഹൗസിലേക്ക് പോവും. തിരിച്ചെത്താൻ 8 മണിയാവും. അതിരാവിലെ ഞാൻ വിളിച്ചപ്പോൾ ഇക്കാര്യം എന്നോട് പറഞ്ഞിരുന്നു. പപ്പൻ മാഷെ വീട് പരിചയപ്പെടുത്താനാണ് പോയത്. വീട്ടിൽ ഉമ്മ മാത്രം. സൽക്കരിക്കാൻ കഴിയാത്തതിലെ പ്രയാസം വർത്തമാനത്തിൽ ഉടനീളമുണ്ടായിരുന്നു.
റോഡിന്റെ മറുവശത്താണ് വേണുവിന്റെ വീട്. വേണുവും ജോലിക്ക് പോയതാണ്. നേരത്തെ വിളിച്ച് പറഞ്ഞത് പ്രകാരം മെമ്പർഷിപ്പ് തുകയും ശാസ്ത്രഗതി വരിസംഖ്യയും ഭാര്യയെ ഏൽപ്പിച്ചിരുന്നു. അത് വാങ്ങിപ്പോരുമ്പോൾ മക്കൾ ശാസ്ത്രകേരളം വേണമെന്ന് പറഞ്ഞു. അച്ഛനോട് ചോദിച്ച് ചേർക്കാമെന്നേറ്റു. വളരെ അടുത്ത ബന്ധുക്കൾ ആയിട്ടു പോലും മാസ്ക് കാരണം സുബീഷിനേയും എന്നെയും തിരിച്ചറിയാൻ കഴിയാത്തതിൽ വേണുവിന്റെ അമ്മയുടെ സങ്കടവും പങ്കിട്ടു.
നേരെ പ്രഭാകരൻ മാഷിന്റെ വീട്ടിലേക്ക് – മാഷാണ് യുണിറ്റിലെ കാരണവർ. ഫലവൃക്ഷതൈ വിതരണ ഉൽഘാടനം മാഷ് നിർവ്വഹിച്ചു. മാഷിന്റെയും മകൻ നിഖിലിൻ്റേയും മെമ്പർഷിപ്പ് പുതുക്കി. ശാസ്ത്രഗതിയും ചേർത്തു.
തൊട്ടടുത്ത് ടി വി ബാലകൃഷ്ണേട്ടന്റെ വീട്, അത് സെക്രട്ടരിയുടെ അച്ഛനാണ്. സഹോദരി ആതിരയും പരിഷത് അംഗമാണ്. പിന്നെ, പോകേണ്ടത് ഷീല, മകൻ നിധിൻ, എന്നിവരുടെ വീട്, ശ്രീക്കുട്ടൻ, വൈഷ്ണവ്, ഹരികുട്ടൻ ഇത് മടങ്ങി വന്ന് ചേർക്കാമെന്ന ധാരണയിൽ നേരെ ഗോപാലൻ മാസ്റ്ററുടെ വീട്ടിലെത്തി. മാഷും ഭാര്യ ലളിത ടീച്ചറും, മകൾ ഡോ. ആദിത്യയും, മകൻ അഖിലും അംഗത്വം പുതുക്കി. ശാസ്ത്രഗതിയും ചേർത്തു.
അയൽപക്കത്താണ് ഹരിഹരനും മകൾ ദൃശ്യയും അവരുടെ മെമ്പർഷിപ്പ് പുതുക്കി. ഹരിഹരൻ ജോലിക്ക് പോയതാണ്.
രണ്ടാമത്തെ മകൾ അനുശ്രീ (ഡിഗ്രി ഒന്നാം വർഷം) പുതിയ അംഗമായി.
ഒരു തൈ നിർബ്ബന്ധമായും നടണമെന്ന് ഹരിഹരനോട് ഇന്നലെ രാത്രി ഫോണിൽ പറഞ്ഞിരുന്നു. “തൈ നടാൻ എനിക്കെവിടെയാ സ്ഥലം?”
ഹരിഹരന്റെ മനസ്സിനോളം വിശാലമല്ല പുരയിടം എന്ന് ഇന്ന് മനസ്സിലായി. വീടിന്റെ തറയും ചുറ്റുമതിലിനും ഇടയിലെ 6 ഇഞ്ച് ഭൂമിയിൽ ചാമ്പമരവും ഒരു കുഞ്ഞു ചതുരപ്പുളിയും കറിവേപ്പിലയും വളരുന്നു. മനസ്സുകൊണ്ട് സുഹൃത്തിന് ഒരു സലൂട്ട് നൽകി പോന്നു.
നേരെ, ഷൈൻ ബാലൻ മാസ്റ്ററുടെ വീട്ടിലേക്ക്. മാഷാണ് ഇന്ന് ഇ.എം.എസ്. ലൈബ്രറിയുടെ സർവ്വസ്വവും.
മെമ്പർഷിപ്പ് പുതുക്കി. മാഷ് ഒരു ശാസ്ത്രഗതിയും ചേർത്തു. ലൈബ്രറിക്ക് പരിഷത് മാസികകൾ സ്ഥിരമായി ലഭ്യമാക്കാമെന്ന് ഞങ്ങൾ ഏറ്റു.
പിന്നെ, കൊട്ടക്കാട്ട് ശശിയേട്ടന്റെ വീട്ടിലെത്തി. ശശിയേട്ടന്റെ വിയോഗശേഷം ഭാര്യ ലീന ഇന്ന് മെമ്പർഷിപ്പെടുത്തു. മക്കൾ അനുഗ്രഹ്, ആദർശ് എന്നിവർ മെമ്പർഷിപ്പ് പുതുക്കി.
ശാസ്ത്രഗതിയും ചേർത്തു.
ആലുള്ളതിൽ ബൈജു മെമ്പർഷിപ്പ് പുതുക്കി യുറീക്കയും ചേർത്തു. (ഗൂഗിൾ പേ വഴി)
പിന്നെ മരുതാട്ട് ഗോപിയേട്ടന്റെ വീട്ടിൽ എത്തി.
അവിടെ പല തരം പഴവർഗ്ഗ ചെടികൾ തയ്യാറാക്കി വെച്ചത് കണ്ടപ്പോൾ ആവേശം തോന്നി. ഗോപിയേട്ടനേയും വെച്ച് ഒരു സെൽഫി കാച്ചി. നിഷി കുമാരി ടീച്ചറും ഗോപിയേട്ടനും മെമ്പർഷിപ്പ് പുതുക്കി. ശാസ്ത്രഗതി ചേർത്തു.
തിരക്കിട്ട് റോഡിലേക്കിറങ്ങിയ പ്പോൾ കുറുകെ ചാടിയത് ഹരികൃഷ്ണൻ.
തടഞ്ഞുവെച്ച് മെമ്പർഷിപ്പ് പുതുക്കി ‘ ശാസ്ത്രഗതിയും ചേർത്തു.
പക്ഷെ, സുബീഷിനെ അവൻ റാഞ്ചി. രണ്ടാളും സഹകരണ ബേങ്ക് ജീവനക്കാരാണ്.
അല്പ സമയം പെർമിഷനെടുത്ത് വന്നതായിരുന്നു.
പിന്നെ, പ്രസിഡന്റും ഞാനും കൂടി അഡ്വ. അഭിജയുടെ വീട്ടിലെത്തി. അഭിജയും പ്രശാന്തും മെമ്പർഷിപ്പ് പുതുക്കി. നിഹാരക്ക് യുറീക്ക വേണം. ചേച്ചിക്ക് ശാസ്ത്ര കേരളവും പിന്നെ ശാസ്ത്രഗതിയും ചേർത്തു. കുന്നോത്ത് ബാബു വീടിനു മുമ്പിലെ റോഡിൽ തന്നെയുണ്ട്. വീതി കുറഞ്ഞ റോഡരികിലെ പുല്ലും കാടും നീക്കി വൃത്തിയാക്കുകയാണ്. വീട്ടുമുറ്റത്തു നിന്ന് മെമ്പർഷിപ്പ് പുതുക്കി. ശാസ്ത്രഗതി ചേർത്തു. പിന്നെ സഖാവ് വി വി ബാലൻ നായരുടെ വീട്ടിലേക്ക്. മക്കൾ ഷാലുവും ഷാജുവും രമ്യയും ഷിജിനയും യൂണിറ്റ് അംഗങ്ങളാണ്. സഖാവിനോട് കഥ പറഞ്ഞു നിൽക്കുമ്പോൾ മാഷിന്റെ വീട്ടിൽ നിന്ന് ഒരു വിളി. “ഊണ് കാലമായി ” . മകനോട് തൈരും വാങ്ങി വരാമെന്ന് ഏറ്റതാണ്. അമ്മയും കാത്തിരിക്കുന്നു. രാവിലെ ഇറങ്ങിയ ശേഷം വെള്ളം കുടിച്ചിട്ടില്ല. ഒരു Voice റിക്കാർഡ് അയക്കാനുമുണ്ട് “ഇന്നത് മതി ബാക്കി നാളെ ” ഞങ്ങൾ വീടുകളിലേക്ക് മടങ്ങി.
അതു കൊണ്ട്. ബാക്കി അംഗങ്ങൾ
ജാഗ്രതൈ പപ്പൻ മാഷ് വരുന്നുണ്ട്. മെമ്പർഷിപ്പ് 20 രൂപ വീതവും‘ ശാസ്തഗതി 200 രൂപയും വീട്ടിൽ ഏൽപ്പിച്ചേ പുറത്ത് പോകാവൂ.
നാളെ കാണാം. രാവിലെ നടീൽ ഉദ്ഘാടനം.
ശുഭരാത്രി – സ്വന്തം അരവിന്ദാക്ഷൻ