[author title=”അഡ്വ.കെ.പി.രവിപ്രകാശ്” image=”http://”][/author]

കഴിഞ്ഞ നവംബര്‍ എട്ടാം തിയതി രാത്രി എട്ടുമണിക്ക് ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു “രാജ്യത്തിനകത്തുള്ള കള്ളപ്പണ ഇടപാടുകള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചിരിക്കുന്നു. നമ്മെ തകര്‍ക്കുന്നതിനായി വിദേശത്തുനിന്നുപോലും കള്ളനോട്ടുകള്‍ ഇവിടേക്ക് വരുന്നുണ്ട്. ഈ സാഹചര്യത്തല്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ഇപ്പോള്‍ പ്രചാരത്തിലുള്ള 500,1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുകയാണ്. പകരം പുതിയ സംവിധാനങ്ങളുണ്ടാകും. പുതിയ 500ന്റെയും 2000 ത്തിന്റെയും നോട്ടുകള്‍ നാളെമുതല്‍ നിങ്ങള്‍ക്ക് ലഭ്യമാകും. രാജ്യസ്നേഹം മുന്‍നിര്‍ത്തി നിങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ സഹിക്കണമെന്നും ഗവണ്‍മെന്റിനോട് സഹകരിക്കണമെന്നും അഭ്യര്‍ഥിച്ചുകൊണ്ടാണ് അദ്ദേഹം വിടചൊല്ലിയത്. കേട്ടപാതി കേള്‍ക്കാത്തപാതി ഇന്ത്യയിലെ ബുദ്ധിജീവികളടക്കമുള്ളവര്‍ ഗവണ്‍മെന്റിന്റെ ധീരമായ നടപടികള്‍ അഭിനന്ദിച്ചു.
നൂറ് ദിവസം കൊണ്ട് സ്വദേശത്തും വിദേശത്തുമുള്ള ഇന്ത്യക്കാരുടെ കറുത്ത പണ ഇടപാടുകള്‍ അവസാനിപ്പിക്കുമെന്ന് പറഞ്ഞുകൊണ്ട് അധികാരത്തിലേറിയതാണ് ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍. 700 ദിവസങ്ങള്‍ക്കൊണ്ടെങ്കിലും നടപടി ആയല്ലോ എന്നാണ് പാവം ജനം ചിന്തിച്ചത്. എല്ലാവരും ദേശസ്നേഹികളായി സഹിക്കാന്‍ തന്നെ തീരുമാനിച്ചു. 50 ദിവസം കൊണ്ട് പണം വെളുപ്പിച്ചെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ജനങ്ങള്‍ ദേശസ്നേഹികളായി ബാങ്കിന്റെ ക്യൂവില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.

എന്താണ് കറുത്ത പണം (BackMoney)

സാധാരണ ജനത്തെ സംബന്ധിച്ച് കള്ളപ്പണം അഥവാ കറുത്ത പണമെന്നാല്‍ വ്യാഖ്യാനം പലതാണ്. തന്റെ അയല്‍പ്പക്കക്കാരനാരെങ്കിലും വലിയ വീട് വയ്ക്കുകയോ പറമ്പു വാങ്ങുകയോ വാഹനം വാങ്ങുകയോ മറ്റ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് വലിയതോതില്‍ പണം ചെലവഴിക്കുകയോ ചെയ്താല്‍ അയാളുടെ കയ്യില്‍ പൂത്ത കാശുണ്ട്, കള്ളപ്പണമുണ്ട് എന്നൊക്കെ പറയും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെങ്കില്‍ ഞങ്ങള്‍ കൃത്യമായി ആദായനികുതി വകുപ്പിന് കണക്കുകൊടുക്കുന്നവരാണ്, ഞങ്ങളുടെ കയ്യില്‍ വെളുത്ത പണം മാത്രമേ ഉള്ളൂ എന്ന് അവകാശപ്പെടുകയും ശരിയാംവണ്ണം നികുതിയടക്കാത്ത കൂട്ടരെ പിടികൂടാനും ആവശ്യപ്പെടും. ഇത്തരത്തില്‍ തങ്ങളുടെ സാമാന്യബോധത്തില്‍ നിന്നുകൊണ്ട് അവിഹിതമായി പണമുണ്ടാക്കുന്നവരും ചിലവഴിക്കുന്നവരും മാത്രമാണ് കള്ളപ്പണത്തിന് ഉടമകള്‍ എന്നാണ് പൊതുധാരണ. അതുകൊണ്ട് പണം വലിയതോതില്‍ കൈവശം വയ്ക്കുന്നവരൊഴിച്ച് ബാക്കിയെല്ലാവരും മോദിസര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് മുഖപുസ്തകത്തില്‍ രേഖപ്പെടുത്തി. എന്നാല്‍ നമ്മള്‍ ധരിക്കുന്നതുപോലെ കറുത്തപണമെന്നാല്‍ കളവുചെയ്യുന്നവന്റെ കയ്യിലെ പണം മാത്രമല്ല. നമ്മുടെ എല്ലാവരുടെയും കയ്യില്‍ ഏറിയും കുറഞ്ഞും കറുത്ത പണമുണ്ട്. കറുത്ത പണവും വെളുത്ത പണവും വേര്‍പ്പെടുത്താന്‍ കഴിയാത്തവിധം സമ്പദ്‌വ്യവസ്ഥയില്‍ ചെലുത്തിയ സ്വാധീനമാണ് നാട്ടിലുള്ള മൊത്തം വികസനം.
[box type=”info” align=”” class=”” width=””]”നികുതി കൊടുക്കാതിരിക്കുക എന്ന ഉദ്ദേശത്തോടെ കണക്കില്‍പ്പെടുത്താതെ വ്യവഹാരം നടത്തുന്ന പണത്തിനെയാണ് കള്ളപ്പണം എന്നുപറയുന്നത്. ” അതായത് ഒരു ചെറുകിട കച്ചവടക്കാരന്‍ അയാള്‍ നടത്തുന്ന വില്പനയ്ക്കും വാങ്ങലിനും പ്രത്യേകിച്ച് കണക്കൊന്നും വയ്ക്കുന്നില്ല എങ്കില്‍ അതില്‍നിന്നും അയാള്‍ എത്ര ലാഭം ഉണ്ടാക്കിയെന്ന് കൃത്യമായി അറിയാന്‍ കഴിയില്ല. കണക്ക് രേഖപ്പെടുത്താത്തതിനാല്‍ സ്വാഭാവികമായി വേണ്ടരീതിയില്‍ നികുതിയുമടക്കില്ല. ഇനി കണക്കൊക്കെ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കുന്ന ഒരു വ്യാപാരിയാണ് എന്ന് കരുതുക. അയാള്‍ നികുതി അടയ്ക്കാതിരിക്കാന്‍ ചിലപ്പോള്‍ പലതരം കൃത്രിമങ്ങള്‍ കണക്കില്‍ ചേര്‍ത്തുവെന്നും വരാം. ഇത്തരം കൃത്രിമകണക്കിലൂടെ ബിസിനസിന്റെ ലാഭത്തില്‍നിന്ന് ഒരു വിഹിതം മാറ്റിവയ്ക്കുന്നു. മേല്‍വിവരിച്ച രണ്ട് ഉദാഹരണങ്ങളിലും കണക്കില്‍ രേഖപ്പെടുത്താത്ത തുകയുണ്ട് എന്നുള്ളതുകൊണ്ട് ഈ രണ്ട് വിഭാഗത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ കറുത്ത പണത്തിന്റെ ഭാഗമായി മാറുന്നു. [/box]
റിയല്‍ എസ്റ്റേറ്റ് രംഗത്ത് നടക്കുന്ന വില്‍പനയിലും വാങ്ങലിലും 50 ശതമാനത്തിലധികം തുകയും കറുത്ത പണമിടപാടുകളിലൂടെയാണ് നടക്കുന്നത്. നമ്മളില്‍ പലരുടെയും കയ്യില്‍ വന്നുചേരുന്ന പണം കൃത്യമായി വരുമാന നികുതി കൊടുത്ത് രേഖപ്പെടുത്തിയതില്‍നിന്നും മാത്രമാകണമെന്നില്ല. ചെറിയരീതിയുലുള്ള പലിശവരുമാനം മറ്റ് ഇടപാടുകളിലൂടെ കിട്ടുന്ന വരുമാനങ്ങളെല്ലാം income tax return ല്‍ ഉള്‍പ്പെടുത്താറുമില്ല. ഇതും കറുത്തപണമായി വ്യവഹരിക്കപ്പെടുകയാണ്.
അങ്ങനെ നോക്കുമ്പോള്‍ പാക്കിസ്ഥാനില്‍നിന്നും അച്ച ടിച്ചുവരുന്ന കള്ളനോട്ട് ഉള്‍പ്പെടാതെത്തന്നെ GDP യുടെ 30 മുതല്‍ 40 ശതമാനം വരെ കറുത്ത പണ ഇടപാടുകള്‍ ആണ്. ഇത് ഔദ്യോഗികമായിത്തന്നെ വിലയിരുത്തിയിട്ടുള്ളതുമാണ്. ഈപറഞ്ഞതിന്റെ അര്‍ഥം സാമ്പത്തികരംഗത്തെ ചലിപ്പിക്കുന്നതില്‍ വെളുത്ത പണത്തിന് മാത്രമല്ല കറുത്ത പണത്തിനും നിര്‍ണായകമായ സ്വാധീനമാണുള്ളത് എന്നാണ്. ഒരു ഉദാഹരണം നമുക്ക് നോക്കാം. A തന്റെ 10 സെന്റ് ഭൂമി B ക്ക് വിറ്റു. C യും D യും ഇടനിലക്കാരനാണ്. 10 സെന്റ് ഭൂമി വിറ്റത് 20 ലക്ഷം രൂപയ്ക്കാണ്. പക്ഷേ ആധാരം രജിസ്റ്റര്‍ ചെയ്തത് 6 ലക്ഷം രൂപയ്ക്കും. 14 ലക്ഷം കണക്കില്‍പ്പെടാത്ത കറുത്ത പണമായി മാറി. ഇതില്‍ ഒരു ലക്ഷം കമ്മീഷനായി ഇടനിലക്കാര്‍ക്ക് നല്‍കി. ഭൂമി വിറ്റത് നല്ല ലാഭത്തിനായതിനാല്‍ ഒരു ലക്ഷം രൂപ തന്റെ സഹോദരങ്ങള്‍ക്ക് നല്‍കി. കുറച്ച് പണം ഹോട്ടലിലും ഷോപ്പിംഗ് മാളിലും മറ്റും ചിലവാക്കി. കുറച്ച് പണം വീട് നന്നാക്കാനും പുതിയ ഫര്‍ണിച്ചറിനുമായി ചെലവാക്കി. കുറച്ച് പണം സഹകരണ സംഘത്തില്‍ നിക്ഷേപിച്ചു. ഇപ്പോള്‍ കറുത്ത പണം ആയ 14 ലക്ഷം പോയവഴി കണ്ടുവല്ലോ? ആര്‍ക്കൊക്കെയാണ് ഇതിന്റെ ഗുണം ലഭിച്ചത്. സഹോദരന്മാര്‍ക്ക് ലഭിച്ചു. അതവര്‍ പലവര്‍ക്കായി വിതരണം ചെയ്തു. ഇടനിലക്കാര്‍ക്ക് ലഭിച്ചതും അങ്ങനെത്തന്നെ. ഹോട്ടല്‍ നടത്തിപ്പുകാര്‍ക്കും അവിടത്തെ തൊഴിലാളിക്കും അതുമായി ബന്ധപ്പെട്ട് എല്ലാവര്‍ക്കും കിട്ടി ഒരു വിഹിതം. ഷോപ്പിംഗ് മാളിനും അതുമായി ബന്ധപ്പെട്ടവര്‍ക്കും ഫര്‍ണിച്ചര്‍ കമ്പനിയുമാിയ ബന്ധപ്പെട്ടവര്‍ക്കും വീടുമായി ബന്ധപ്പെട്ടവര്‍ക്കും സഹകരണസംഘത്തില്‍നിന്ന് ലോണെടുത്തവര്‍ക്കും ലോണുപയോഗിച്ച് നടത്തിയ സാമ്പത്തിക ഇടപാടുകള്‍ക്കും ഗുണം ലഭിച്ചു. അങ്ങനെ ഒറ്റ കള്ളപ്പണ ഇടപാടുകൊണ്ട് ഗുണം ലഭിച്ചത് നൂറോ ഇരുന്നൂറോ പേര്‍ക്കാണ്. ഇനി പറയൂ കറുത്ത പണം മോശമാണോ? ഇത്തരത്തില്‍ കറുത്തതാണോ വെളുത്തതാണോ എന്ന് നോക്കിയല്ല പല കൈകളിലേക്കും പണം ഒഴുകുന്നത്. ഈ ഒഴുക്ക് പെട്ടന്നങ്ങ് നിലച്ചാല്‍ നേരത്തെ സൂചിപ്പിച്ച കൈവഴികളിലേക്കുള്ള ഒഴുക്കുകളൊക്കെ നിലയ്ക്കും. കറുത്ത പണത്തിനെതിരെ അടിയന്തിര നടപടിയെടുത്താല്‍ സാമ്പത്തികരംഗം തകരും. ജനങ്ങള്‍ ബുദ്ധിമുട്ടിലാകും. കാരണം ധനിക ദരിദ്ര അന്തരമില്ലാതെ സാമ്പത്തികരംഗത്തെ താങ്ങിനിര്‍‌ത്തുന്നത് വെളുത്തതും കറുത്തതുമായ പണമാണ്.
മോദിസര്‍ക്കാര്‍ ഒരൊറ്റ രാത്രികൊണ്ട് കറുത്ത പണം ഇല്ലാതാക്കുന്നതിനുവേണ്ടി പണം പിന്‍വലിച്ചപ്പോള്‍ വലഞ്ഞത് മുഴുവന്‍ ജനങ്ങളുമാണ്. അല്ലാതെ കറുത്ത പണമിടപാടുകാരും കള്ളപ്പണക്കാരും മാത്രമല്ല. പണം പിന്‍വലിക്കല്‍ കറുത്ത പണം ഇല്ലാതാക്കുന്നതിനു വേണ്ടിയുള്ള പലമാര്‍ഗങ്ങളില്‍ ഒന്നുമാത്രമാണ്. അത് ധൃതിപിടിച്ച് ചെയ്യേണ്ടതുമല്ല. ആറ് മാസമെങ്കിലും എടുത്ത് സാവധാനത്തില്‍ പിന്‍വലിച്ചാലും ഉദ്ദേശം സാധിക്കും.
സേവനമേഖലയുടെ വ്യാപനം, റിയല്‍ എസ്റ്റേറ്റ്, ഹവാല ഇടപാടുകള്‍, സ്വര്‍ണം എന്നിവ കറുത്ത പണം ഒളിപ്പിക്കാനുള്ള ഇടങ്ങളാണ്.പ്രത്യക്ഷ പരോക്ഷ നികുതികള്‍ കൊടുക്കാതിരിക്കാനുള്ള വിലകുറച്ച് വില്‍പന, വര്‍ധിച്ചുവരുന്ന ബിസിനസിലെ മത്സരങ്ങള്‍, പൊതുപണം ചിലവിടുന്നതിലെ സുതാര്യമില്ലായ്മ,സിനിമാ വ്യവസായം പോലുള്ള ഇന്‍ഫോര്‍മല്‍ ബിസിനസുകള്‍, കള്ളക്കടത്ത്, ഹവാല ഇടപാടിലൂടെ വിദേശത്തുള്ള പണ നിക്ഷേപം, റിയല്‍ എസ്റ്റേറ്റ്, സെക്കന്ററി മാര്‍ക്കറ്റ്, മാഫിയ ഇടപാടുകള്‍, വലിയ നിരക്കിലുള്ള നികുതിഘടന തുടങ്ങിയവെല്ലാം കറുത്ത പണം ഉണ്ടാകാനുള്ള സാഹചര്യങ്ങളാണ്. ഇത്തരം സാഹചര്യങ്ങളിലൂടെ ഉണ്ടാകുന്ന പണം എവിടെയും അട്ടിയിട്ടിരിക്കുകയല്ല. ഇത് സമ്പദ് വ്യവസ്ഥയില്‍ കറങ്ങിക്കൊണ്ടിരിക്കുക തന്നെയാണ്. സര്‍ക്കാരിന് ഒഴിച്ച് ബാക്കിയുള്ളവര്‍ക്കെല്ലാം അതിന്റെ ഗുണഫലം ലഭിക്കുന്നുമുണ്ട്. ഇതിനര്‍ഥം കള്ളപ്പണം നിലനില്‍ക്കണമെന്നല്ല. കള്ളപ്പണത്തെ നിയന്ത്രിച്ചില്ലെങ്കില്‍ ധനിക-ദരിദ്ര അന്തരം വര്‍ധിക്കും. സര്‍ക്കാര്‍ പാപ്പരാകും. പൊതു ചെലവുകള്‍ക്ക് വരുമാനം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. വിലവര്‍ധനവ് നിയന്ത്രണാതീതമാകും. സാമ്പത്തികരംഗം മാഫിയകളുടെ കൈകളിലാകും. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏശാതെ വരും. പോലീസ്, ജുഡീഷ്യറി, മാധ്യമം എന്നീ രംഗങ്ങളില്‍ കെടുകാര്യസ്ഥത വിളയാടും. ജനങ്ങള്‍ക്ക് ജനാധിപത്യത്തല്‍ വിശ്വാസവും പ്രതീക്ഷയും ഇല്ലാത്ത സാഹചര്യം ഉണ്ടാകും. അതുകൊണ്ട് കറുത്ത പണത്തെ നിയന്ത്രിക്കാതിരിക്കാന്‍ ആവില്ല. എന്നാല്‍ അത് രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനപരിപാടികളിലൂടെ ആകണം എന്നു മാത്രം.
500 ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പൂര്‍ണമായും പിന്‍വലിച്ച് പുതിയ നോട്ട് നല്‍കുക എന്നത് ഒരു കള്ളപ്പണ നിയന്ത്രണ ഉപാധിയാണ്. അതോടൊപ്പം നികുതി ഘടന പരിഷ്കരിച്ച് ബാങ്കിംഗ് ഇടപാടുകള്‍ക്ക് നികുതി ഈടാക്കുക എന്നത് ഒരു നിര്‍ദേശവുമാണ്. നികുതിയാണല്ലോ കറുത്ത പണം ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം. ഇടപാടുകള്‍ ബാങ്ക് വഴിയാവുകയും പ്രസ്തുത ഇടപാടുകള്‍ക്ക് നകുതി ഏര്‍പ്പെടുത്തുകയും ചെയ്താല്‍ കള്ളപ്പണം ഉണ്ടാകില്ല. പ്രത്യേക അടിയന്തിര പദ്ധതി (amnesty scheme) കൊണ്ടുവന്ന് പഴയ കറുത്തപണം വെളുപ്പിക്കാനുള്ള അവസരമുണ്ടാക്കുക. ലൈസന്‍സ് രാജ് ഇല്ലാതെ എല്ലാരംഗവും സുതാര്യമാക്കുക, നികുതി ഘടനയില്‍ മാറ്റം വരുത്തി നികുതി നിരക്ക് കുറയ്ക്കുക, സാമ്പത്തിക കുറ്റങ്ങള്‍ ക്രിമിനല്‍ കുറ്റമാക്കി കണക്കാക്കി ജയില്‍ശിക്ഷ നല്‍കുന്ന വിധത്തില്‍ നിയമം നിര്‍മിയ്ക്കുക തുടങ്ങി ദീര്‍ഘകാലമെടുത്ത് ചെയ്യേണ്ട ഒട്ടേറെ നിര്‍ദേശങ്ങള്‍ സാമ്പത്തിക വിദഗ്ധര്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അടുത്ത മൂന്നോ നാലോ വര്‍ഷം കൊണ്ട് ഇത്തരം നടപടികള്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ചുകൊണ്ട് നടപ്പില്‍ വരുത്തിയിരുന്നുവെങ്കില്‍ അതൊരു ഉത്തമ ജനാധിപത്യ സര്‍ക്കാരിന്റെ കടമനിര്‍വഹണമായേനെ. ഇതിപ്പോള്‍ എലിയെ പേടിച്ച് ഇല്ലം ചുട്ടപോലെയായി. സഹകരണ സംഘത്തില്‍ പണം നിക്ഷേപിച്ചവര്‍ വരെ തങ്ങളുടെ പണം നഷ്ടപ്പെടുമോയെന്ന അങ്കലാപ്പിലാണ്. ഈ അങ്കലാപ്പ് പെട്ടെന്ന് അവസാനിക്കുകയുമില്ല. ആളുകള്‍ ഒന്നിച്ച് പണം പിന്‍വലിക്കാന്‍ ചെന്നാല്‍ വലിയ ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്കാകും അത് എത്തിച്ചേരുക. എന്തായാലും വരും ദിവസങ്ങളില്‍ ഇത് സമ്പദ്‌വ്യവസ്ഥയെ ബാധിക്കുക തന്നെ ചെയ്യും.