ക്ലാസ്‌മുറിയിലെ അറിവു നിർമാണത്തിനു പുതുജീവൻ നൽകി പൂക്കോട് യൂണിറ്റ്
അളഗപ്പനഗർ പഞ്ചായത്ത് ഹൈസ്കൂളിലെ ക്ലാസ്സ് മുറികളെ അറിവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള ഇടപെടല്‍ പ്രവര്‍ത്തനത്തിലാണ് തൃശ്ശൂര്‍ ജില്ലയിലെ കൊടകര മേഖലയിലുള്‍പ്പെട്ട പൂക്കോട് യൂണിറ്റ്. ഇതിന്റെ ആദ്യഘട്ടമായി സ്കൂളിലെ 7,8,9,10 എന്നീ ക്ലാസ്സുമുറികളിൽ റഫറൻസ് പുസ്തകങ്ങളും പാഠഭാഗങ്ങളോട് ബന്ധപ്പെട്ട പുസ്‌തകങ്ങളും, സാഹിത്യം, കഥ, കവിതകൾ, ജീവചരിത്രം, ശാസ്ത്രം തുടങ്ങിയ വിഭാഗങ്ങളിയി നൂറിലധികം പുസ്‌തങ്ങളും ഇവ സുരക്ഷിതമായി സൂക്ഷിക്കാനായി അലമാരയും ഒരുക്കി. കൂടാതെ, ഒരോ ക്ലാസ്സിലും തിളപ്പിച്ചാറിയ കുടിവെള്ളം ദിവസം മുഴുവൻ സംഭരിക്കാവുന്ന ടാപ്പോടുകൂടിയ സ്റ്റീൽ പാത്രവും സജ്ജീകരിച്ചിട്ടുണ്ട്. ഒപ്പം ഓരോ ക്ലാസ്സിലും ഗ്ലോബ്, മാപ്പുകൾ ഡിക്‌ഷ്ണറികൾ, ചാർട്ട് പേപ്പറുകൾ, വൈറ്റ് ബോർഡ്, ക്ലോക്ക് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
നവംബര്‍ 26ന് ശനിയാഴ്ച നിർവാഹകസമിതി അംഗം മനോഹരൻ മാസ്റ്റർ “വായനയുടെ ആനന്ദം” എന്ന ക്ലാസ് കുട്ടികൾക്കായി എടുത്തു. പ്രധാനാധ്യാപകന്‍ രാജേന്ദ്രകുമാർ, സ്വാഗതവും യൂണിറ്റ് പ്രസിഡണ്ട് ഫ്രാങ്കോ മാസ്റ്റർ നന്ദിയും പറഞ്ഞു. എ.എസ്. ജിജി, സി.കെ. രത്നകുമാരി, കെ.എസ്. അർഷാദ്, ബി.പി.ഒ. നന്ദകുമാർ എന്നിവർ സംസാരിച്ചു. മേഖാല പ്രസിഡണ്ട് എസ്. ശിവദാസ് പദ്ധതി അവതരണം നടത്തി.