ആരോഗ്യ സർവകലാശാല യൂണിറ്റ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.

0
15/09/23 തൃശ്ശൂർ  കോലഴിമേഖല
2021ലെ ഓസ്കാർ അവാർഡ് നേടിയ My Octopus Teacher എന്ന ഡോക്യുമെന്ററി ഫീച്ചർ ചിത്രം പരിഷത്ത് ആരോഗ്യ സർവകലാശാല യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രദർശിപ്പിച്ചു.
കടലാഴങ്ങളുടെ മാസ്മരികതയിലേക്ക് ഊളിയിട്ട് പോവുന്ന അനുഭൂതി ഓരോ കാഴ്ചക്കാരനും പകർന്നുതരാനാകും വിധം അതിമനോഹരമായാണ് ഓരോ ഫ്രെയിമും സിനിമയിൽ ഒരുക്കിയിരിക്കുന്നത്. സിനിമയിലെ നായകനായ Craig Fosterഉം സൗത്ത് ആഫ്രിക്കൻ Kelp ഫോറസ്റ്റിലെ ഒരു ഒക്ടോപസും തമ്മിലുടലെടുക്കുന്ന സൗഹൃദവും അതിനെത്തുടർന്ന് ഒരു വർഷത്തോളം ഒക്ടോപസ്സിനെ കാണാൻ നായകൻ ദിവസവും നടത്തുന്ന ആഴക്കടൽ യാത്രകളും അതിലൂടെ മനസിലാക്കുന്ന ഒക്ടോപസിന്റെ ജീവിതചക്രത്തിലൂടെയുമെല്ലാമാണ് സിനിമ മുന്നോട്ട് നീങ്ങുന്നത്. ഒക്ടോപസ് തന്റെ നീളമുള്ള tendacles നീട്ടി നായകനെ തൊടുമ്പോൾ സിനിമ കാണുന്ന ഓരോ മനുഷ്യന്റെയും വൈകാരികതയിൽ കൂടി തൊടാൻ അതിനാവുന്നുണ്ട്.!
Kelps ഫോറസ്റ്റിന്റെയും അഴക്കടലിന്റെയും മാസ്മരിക കാഴ്ചകൾപ്പുറം Mollusc പോലുള്ള ഒരു കുഞ്ഞുജീവിക്ക് മനുഷ്യനിൽ ചെലുത്താനാവുന്ന മാറ്റത്തെക്കുറിച്ചും, പ്രകൃതിയുമായി സംവദിക്കുമ്പോൾ നമുക്കെത്തിച്ചേരാവുന്ന ശാന്തതയെക്കുറിച്ചും സിനിമ സംവദിക്കുന്നുണ്ട്. നമ്മുടെ നിത്യേനയുള്ള ജീവിതപ്പാച്ചിലിന്റെ വേഗത അല്പമൊന്നു കുറച്ച് ചുറ്റുമുള്ള പ്രകൃതിയിലേക്ക് കണ്ണോടിച്ച്, അതിനോടൊന്ന് സംവദിച്ച്, ആ ശാന്തതയെ പുൽകാനുള്ള ഒരു സ്ഫുരണം കാഴ്ചക്കാരുടെ ഉള്ളിൽ തെളിയിച്ചു കൊണ്ടാണ് സിനിമ അവസാനിക്കുന്നത്.!
പ്രദർശനശേഷമുള്ള ചർച്ചയിൽ, പരിഷത്ത് മേഖലാസെക്രട്ടറി ഐ.കെ. മണി, യൂണിറ്റ് അംഗങ്ങളായ ഡോ.വി.എം. ഇക്ബാൽ, ഡോ.സുഭദ്ര , ലെസ്ലി, അഭിജാത്, പി.വി.ഗ്രീഷ്മ എന്നിവർ സംസാരിച്ചു. പരിഷത്ത് ജില്ലാകമ്മിറ്റി അംഗം പി.വി. സൈമി, മേഖലാകമ്മിറ്റി അംഗം വി.കെ. മുകുന്ദൻ , സർവകലാശാലാ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ നൂറോളം പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *