കേരള ശാസ്ത്രസാഹിത്യ പരിഷത്തും കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ വിവിധ ഡിപ്പാർട്ടുമെന്റുകളും സഹകരിച്ചുകൊണ്ട് ഡിസംബർ 10, 11 തീയതികളിൽ സംസ്ഥാന തലത്തിൽ നടത്തുന്ന നവസാങ്കേതിക തിങ്കത്തോൺ  സംഘടിപ്പിക്കുന്നതിനു വേണ്ടിയുള്ള സംഘാടകസമിതി ഒക്ടോബർ 27 ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ വച്ചു നടന്നു. ജില്ലാ പ്രസിഡണ്ട് ഡോ. എൻ ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ഐ ടി ഉപസമിതി കൺവീനർ അരുൺ രവി മുഖ്യാവതരണം നടത്തി. സാങ്കേതിക ലോകത്തെ മാറ്റങ്ങളെ ഉയർന്ന തലത്തിൽ മനസ്സിലാക്കുന്നതിനും അവ കേരള സമൂഹത്തിന്റെ വികസന കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിനായി എങ്ങനെ ഉപയോഗപ്പെടുത്തണമെന്നു ചർച്ച ചെയ്യുന്നതിനും തിങ്കത്തോൺ ലക്ഷ്യമിടുന്നു. തിങ്കത്തോണിൽ കൃഷി, ആരോഗ്യം, വ്യാവസായിക ഉത്പാദനം, തൊഴിൽ, ഭരണനിർവ്വഹണം തുടങ്ങിയ പ്രത്യേക വിഷയ മേഖലകൾ കേന്ദ്രീകരിച്ച് ഭാവിലോകത്തിലേക്കുള്ള തയ്യാറെടുപ്പുകൾ നടത്താൻ നവസാങ്കേതിക വിദ്യകളുടെ വിവിധ തലങ്ങൾ (ശക്തി, പരിമിതികൾ സാധ്യതകൾ, ഭീഷണികൾ) ചർച്ച ചെയ്യുന്നു. വളരെ വിഭിന്നങ്ങളായ ആശയങ്ങളുള്ള, ഒരു വിഷയത്തിന്റെ തന്നെ വിവിധ തലങ്ങളെ പറ്റി ചിന്തിക്കാൻ കഴിയുന്ന, ആ വിഷയത്തിൽ തല്പരരായ ഒരു കൂട്ടം ആൾക്കാർ ഒരുമിച്ചുകൂടി പുതിയ ചിന്താധാരകൾ ഉണ്ടാക്കുന്ന ഒരു പ്രവർത്തനമായാണ് തിങ്കത്തോൺ ലക്ഷ്യമിടുന്നത്.  മേക്കർ വില്ലേജ് , ഡി എ കെ എഫ് , ദർശന, എ ടി പി എസ് , സമൂഹം, എ കെ പി സി ടി എ, വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങി വിവരസാങ്കേതിക മേഖലയിലെ വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടേയും പ്രതിനിധികൾ ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു. ഡോ. ചന്ദ്രമോഹൻ കുമാർ (രക്ഷാധികാരി) പ്രൊഫ. ടൈറ്റസ് കെ മാത്യു ( ചെയർമാൻ) ഡോ. സന്തോഷ് കുമാർ ജി, ഡോ. ആൽഡ്രിൻ ആന്റണി , പി. കെ. അരവിന്ദാക്ഷൻ , സി. രാമചന്ദ്രൻ ( വൈസ് ചെർമാൻമാർ ) ടി എസ് മനോജ് കുമാർ (ജനറൽ കൺവീനർ) ഡോ. പി. ജലജ , ഡോ. പി. ഷൈജു, അനൂപ് വി എ (കൺവീനർമാർ) എന്നിവരടങ്ങുന്ന 17 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയും 51 പേരടങ്ങുന്ന സ്വാഗതസംഘവും രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *