ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബാലവേദി കാർട്ടൂൺ രചനാ ക്യാമ്പുകൾ സംഘടിപ്പിച്ചു.
പ്രമുഖ കാർട്ടൂണിസ്റ്റും ലിംക ബുക് ഓഫ് വേൾഡ് റെക്കോർഡ്സ് ജേതാവുമായ സജ്ജീവ് ബാലകൃഷ്ണൻ ക്യാമ്പുകൾക്ക് നേതൃത്വം നൽകി.
ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി രണ്ട് കാർട്ടൂൺ രചനാ ക്യാമ്പുകൾ സംഘടിപ്പിച്ചു. ഏപ്രിൽ 12നു അബുദാബി ചാപ്റ്ററിൻ്റെ ബാലവേദി കേരള സോഷ്യൽ സെൻ്ററിലും , ഏപ്രിൽ 13നു നോർത്തേൺ എമിറേറ്റ്സ് ചാപ്റ്ററിൻ്റെ ബാലവേദി ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിലുമാണ് കാർട്ടൂൺ ക്യാമ്പുകൾ സംഘടിപ്പിച്ചത്. പ്രമുഖ കാർട്ടൂണിസ്റ്റും ലിംക ബുക് ഓഫ് വേൾഡ് റെക്കോർഡ്സ് ജേതാവുമായ സജ്ജീവ് ബാലകൃഷ്ണൻ ക്യാമ്പിന് നേതൃത്വം നൽകി.
കാർട്ടൂൺ, കാരിക്കേച്ചർ വരകളുടെ ആദ്യ പാഠങ്ങളും അതിലെ നർമ്മവും ലൈവ് കാരിക്കേച്ചർ വരയുടെ മാന്ത്രികതയുമെല്ലാം സജ്ജീവ് ബാലകൃഷ്ണൻ കുട്ടികൾക്കായി പകർന്നു നൽകി. ക്യാമ്പിൽ പങ്കെടുത്തവരെല്ലാം വളരെ ആവേശത്തോടെ കാർട്ടൂണുകളും കാരിക്കേച്ചറുകളും വരച്ച്, വരയുടെ വിസ്മയ ലോകത്തേയ്ക്കെത്തുന്നത് കാണാൻ കൗതുകമുള്ള കാഴ്ചയായിരുന്നു. ഓരോ ക്യാമ്പിലും നൂറിൽപരം കുട്ടികളും അൻപതിലധികം മുതിർന്നവരും വീതം പങ്കെടുത്തു. പങ്കെടുത്ത രക്ഷിതാക്കളടക്കമുള്ളവരുടെ കാരിക്കേച്ചർ നിമിഷങ്ങൾക്കുള്ളിൽ വരച്ച് സജ്ജീവ് സദസ്സിനെ അ ൽഭുതപ്പെടുത്തി. റിട്ടയേഡ് IRS ഓഫീസറായ സഞ്ജീവ് കാർട്ടൂൺ വര തന്റെ ജീവിതത്തിന്റെ ഭാഗമായാണ് കൊണ്ടുനടക്കുന്നത്. 12 മണിക്കൂർ കൊണ്ട് 651 കാരിക്കേച്ചർ വരച്ചുകൊണ്ടാണു അദ്ദേഹം ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചത്.
അദ്ദേഹത്തിൻറെ ജീവിത പങ്കാളി പ്രമുഖ പിന്നണി ഗായിക ലേഖ ആർ നായരുടെ ഹൃദ്യമായ ഗാനാലാപനം കാർട്ടൂൺ കാർണിവലിൽ മാറ്റുകൂട്ടി. പ്രവർത്തകരുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്ന ക്യാമ്പുകൾക്ക് അബുദാബി ചാപ്റ്റർ ബാലവേദി കൺവീനർ സ്മിത ധനേഷും നോർത്തേൺ എമിറേറ്റ്സ് ചാപ്റ്റർ ബാലവേദി കൺവീനർ അരുൺ പരവൂറും നേതൃത്വം നൽകി.