ഗ്രാമശാസ്ത്രജാഥ കോലഴി മേഖല

0

07/12/23  തൃശ്ശൂർ

 കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഴി മേഖലയുടെ ആഭിമുഖ്യത്തിലുള്ള ഗ്രാമശാസ്ത്രജാഥ, ജില്ലാപ്രസിഡണ്ട് സി.വിമല ഉദ്ഘാടനം ചെയ്തു. ഡിസംബർ 8,9,10 തിയതികളിൽ മേഖലയിലെ 5 പഞ്ചായത്തുകളിലൂടെ പര്യടനം നടത്തുന്ന ജാഥയുടെ ഉദ്ഘാടനമാണ് നടന്നത്. “പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം ” എന്നതാണ് ജാഥ ഉയർത്തുന്ന മുദ്രാവാക്യം.
ഇന്ത്യയുടെ ബഹുസ്വരതയും ഫെഡറലിസവും അതിന്റെ അന്തർധാരയായ ജനാധിപത്യവും ഇല്ലാതാക്കലാണ് ഇന്ത്യയുടെ പേര് മാറ്റുന്നതിലൂടെ ഭരണകൂടം ശ്രമിക്കുന്നതെന്ന് ഗ്രാമശാസ്ത്രജാഥ ഉദ്ഘാടനം ചെയ്തു കൊണ്ട് സി.വിമല പറഞ്ഞു. ശാസ്ത്രാവബോധമുള്ള സമൂഹമാണ് സാക്ഷരകേരളത്തിലേത് എന്ന് പറയാനാവില്ല എന്ന് വിവിധ സമകാലികസംഭവങ്ങൾ ഉദാഹരിച്ചു കൊണ്ട് അവർ പറഞ്ഞു.
പരിഷത്ത് മേഖലാപ്രസിഡണ്ടും ജാഥാമാനേജരുമായ എം.എൻ.ലീലാമ്മ അധ്യക്ഷത വഹിച്ചു. കില ഡയറക്ടർ ജനറൽ ഡോ.ജോയ് ഇളമൺ മുഖ്യാതിഥി ആയിരുന്നു. കേരളത്തിന്റെ പരിവർത്തനത്തിൽ പരിഷത്ത് വഹിച്ച പങ്ക് നിസ്തുലമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജാഥയുടെ ജനറൽ കൺവീനർ ടി.എൻ.ദേവദാസ് , പരിഷത്ത് മേഖലാസെക്രട്ടറി ഐ.കെ.മണി, പരിഷത്ത് യൂണിറ്റ് പ്രസിഡണ്ട് പി.വി.റോസിലി, എ.പി.ശങ്കരനാരായണൻ , ജാഥയുടെ ക്യാപ്റ്റന്മാരായ മേരി ഹെർബർട്ട് , പ്രീത ബാലകൃഷ്ണൻ, പി.വി.സൈമി എന്നിവർ സംസാരിച്ചു.
ജിനോ ജോസഫ് , ഈ.ഡി.ഡേവിസ് എന്നിവർ രചനയും കെ.വി.ഗണേഷ് സംവിധാനവും നിർവഹിച്ച ‘ഇന്ത്യ ‘ , ‘പെൻഡുലം’ എന്നീ ലഘുനാടകങ്ങൾ പരിഷത്ത് കലാസംഘം അവതരിപ്പിച്ചു.ഡിസംബർ 8ന് ഉച്ചതിരിഞ്ഞ് 3.30ന് കോലഴി അത്തേക്കാട് സമാജം സെന്ററിൽ ഗ്രാമശാസ്ത്രജാഥ കോലഴി പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരൻ ഫ്ളാഗ് ഓഫ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *