സിൽവർലൈൻ പദ്ധതി ജനകീയ പരിസരാഘാത പഠനം – ചര്‍ച്ചകള്‍ തുടരണം

0

കോട്ടയം
2023 മേയ് 30

സുഹൃത്തുക്കളെ ,

സിൽവർ ലൈൻ പദ്ധതിയെ സംബന്ധിച്ച് നമ്മൾ പുറത്തുവിട്ട ജനകീയ പരിസരാഘാത പഠനത്തെ സംബന്ധിച്ച് നിരവധി അഭിപ്രായങ്ങൾ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്.അവയിൽ റിപ്പോർട്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലതരം അഭിപ്രായപ്രകടനങ്ങൾ വരുന്നുണ്ട്. നമ്മൾ പുറത്തുവിട്ട ഒരു റിപ്പോർട്ടിനെപ്പറ്റി ഇങ്ങനെ ചർച്ചകൾ നടക്കുന്നുവെന്നത്, നമ്മുടെ റിപ്പോർട്ടിനെയും സിൽവർലൈൻ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകളേയും ജനങ്ങൾ എത്രമാത്രം ഗൗരവത്തോടെയാണ് കാണുന്നത് എന്നതിൻ്റെ സൂചനയാണ്. പരിഷത്തിന്റെ പഠനത്തെയും അതിലെ ശുപാർശകളെയും പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഗൗരവപൂർവ്വം കണക്കിലെടുത്ത് വിശകലനത്തിന് വിധേയമാക്കുന്നു എന്നതും ഈ സംവാദങ്ങൾ സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ ചർച്ചകളെയൊക്കെ നമ്മൾ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.

ഇവിടെ ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്. സിൽവർ ലൈൻ സംബന്ധിച്ച പരിസരാഘാത പഠനം നടത്താൻ പരിഷത്ത് ഒരു വിദഗ്ധസമിതിയെ നിയോഗിക്കുകയുണ്ടായി. ആ വിദഗ്ധസമിതി ആയിരത്തിലേറെ പരിഷത്ത് പ്രവർത്തകരുടെ സഹായത്തോടെ 530 കിമീ വരുന്ന സിൽവർ ലൈൻ പാതയിലും ഇരു വശങ്ങളിലുമുള്ള വിവരങ്ങൾ ശേഖരിക്കുകയും ഒരു വർഷത്തോളം സമയമെടുത്ത് അത് വിശകലനം ചെയ്ത് ഒരു റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു. 60-ാം സമ്മേളനത്തിൽ വച്ച് ആ റിപ്പോർട്ട് വിദഗ്ധ സമിതി പരിഷത്തിന് സമർപ്പിച്ചു. അതിലെ ശുപാർശകൾ തള്ളുകയോ കൊള്ളുകയോ ചെയ്യാൻ പരിഷത്തിന് സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ ശാസ്ത്രീയമായ പഠനം എന്ന നിലയിൽ അത്തരം ഒരു തീരുമാനമെടുക്കണമെങ്കിൽ പരിഷത്തിന് ഉള്ളിലും പുറത്തും റിപ്പോർട്ട് വിശദമായ ചർച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് നമ്മൾ കരുതി. അതുകൊണ്ടാണ് അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് ആദ്യം റിപ്പോർട്ടിൻ്റെ ലഭ്യമായ സംക്ഷിപ്തവും പിന്നീട് പൂർണ്ണരൂപവും റിപ്പോർട്ടിനായി ശേഖരിച്ച ഡാറ്റയും പരസ്യപ്പെടുത്തണം എന്ന് കേന്ദ്രനിർവ്വാഹക സമിതി തീരുമാനിച്ചത്. ഇതനുസരിച്ച് തൃശ്ശൂരിൽ ചേർന്ന സംസ്ഥാനവാർഷിക സമ്മേളനത്തിൽ അവതരിപ്പിക്കുകയും അതേ തുടർന്ന് അത് ജനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്തു.തുടർന്ന് റിപ്പോർട്ടിൻ്റെ പൂർണ്ണരൂപം നമ്മുടെ വെബ്‌സൈറ്റിൽ അപ് ലോഡ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

ചർച്ചയ്ക്കായി അവതരിപ്പിക്കുന്നത് നമ്മുടെ നിലപാടുകളല്ല, വിദഗ്ദ്ധ സമിതിയുടെ ശുപാർശകളാണ്. അതു കൊണ്ട് തന്നെ സംസ്ഥാന കൗൺസിലിൽ റിപ്പോർട്ട് അവതരിപ്പിച്ചതേയുള്ളു, അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല. അങ്ങനെ ചെയ്യുന്നതിന് മുമ്പ് റിപ്പോർട്ട് വിവിധ തലങ്ങളിൽ ജനങ്ങൾക്കിടയിൽ ചർച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ആ ചർച്ചകൾ കൂടി കണക്കിലെടുത്ത് റിപ്പോർട്ടിനെക്കുറിച്ചുള്ള നിലപാട് രൂപപ്പെടുത്തുന്നതാവും ശരി. അത്തരമൊരു പ്രക്രിയയ്ക്ക് സഹായകരമാവും വിധം ജനങ്ങൾക്കിടയിൽ ചർച്ച രൂപപ്പെടുന്നതിനാണ് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്താൻ തീരുമാനിച്ചത്. ജനകീയ പഠനം എന്ന നിലയിൽ പ്രാഥമികമായും റിപ്പോർട്ട് ജനങ്ങളുടേതാണല്ലൊ. പരിഷത്ത് ഒരു നിലപാട് എടുക്കുന്നത് വരെ റിപ്പോർട്ട് രഹസ്യമാക്കി വയ്ക്കേണ്ടതാണ് എന്ന് നമ്മൾ കരുതുന്നില്ല. കഴിഞ്ഞ സംസ്ഥാന വാർഷിക സമ്മേളനത്തിൽ റിപ്പോർട്ട് അംഗീകരിക്കുന്നതായി നമ്മൾ പ്രഖ്യാപിച്ചില്ല എന്ന കാര്യം ഓർമ്മിക്കണം. ഒരു ശാസ്ത്രീയ പഠനത്തെ അംഗീകരിക്കുകയോ തള്ളുകയോ എന്നതിലുപരി നമ്മുടെ നിലപാട് രൂപീകരണത്തിന് അതിലെ വിവരങ്ങൾ കൂടി ഉപയോഗിക്കുകയാണല്ലൊ വേണ്ടത്.

അടുത്ത വർഷത്തേയ്ക്ക് വിപുലമായ ഒരു ഭാവി പരിപാടി വാർഷികസമ്മേളനം അംഗീകരിച്ചിട്ടുണ്ട്. അം‌ഗങ്ങളെ കാണൽ ,ബഹുജനങ്ങളെ കാണൽ, സംഘടനാ വിദ്യാഭ്യാസ ക്യാമ്പുകൾ, ശാസ്താവബോധ പ്രചരണം എന്നിങ്ങനെയുള്ള നിരവധി പ്രവർത്തനങ്ങൾ.അതിനായുള്ള ആസൂത്രണത്തിൽ മുഴുകേണ്ടതുണ്ട്.നിർവ്വാഹകസമിതിയംഗങ്ങളും യൂണിറ്റുമേഖലാ ജില്ലാ ഭാരവാഹികളും കമ്മിറ്റിയംഗങ്ങളും അടക്കം മുഴുവൻ പ്രവർത്തകരുടേയും ശ്രദ്ധ അവയിൽ ഊന്നണം. ഒട്ടും ഉത്പ്പാദനപരമല്ലാത്ത വിവാദങ്ങളിൽ മുഴുകി നാം നമ്മുടെ ഊർജ്ജം പാഴാക്കരുത്.

ജൂൺ 10, 11 തീയതികളിൽ പുതിയ നിർവ്വാഹക സമിതി യോഗം ചേരുന്നുണ്ട്. അതു കഴിയുമ്പോഴേക്കും വിശദമായി എഴുതാം. ഈ സന്ദേശം നമ്മുടെ എല്ലാ അംഗങ്ങളിലും എത്തും വരെ ജില്ലാ മേഖലാ യൂണിറ്റ് ഗ്രൂപ്പുകളിലേക്കും അംഗങ്ങൾക്ക് വ്യക്തിപരമായുംപങ്കു വയ്ക്കണേ.

പാരിഷത്തികാഭിവാദനങ്ങളോടെ

ജോജി കൂട്ടുമ്മേൽ
ജനറൽ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *