യൂണിറ്റ് വാര്‍ഷികങ്ങള്‍ ജനകീയമാക്കുക

0

അമ്പത്തിനാലാം വാര്‍ഷികസമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ കണ്ണൂരില്‍ സജീവമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. വലിയ ജനപങ്കാളിത്തത്തോടെയാണ് അനുബന്ധപരിപാടികള്‍ നടന്നുകൊണ്ടിരിക്കുന്നത്. പതിനൊന്ന് സംസ്ഥാനങ്ങളില്‍നിന്നുള്ള 200ലധികം യുവാക്കള്‍ പങ്കെടുത്ത ദേശീയ യുവസമിതിക്യാമ്പ് വന്‍വിജയമായിരുന്നു. അതിഥികളായി എത്തിയ യുവാക്കള്‍ക്ക് കണ്ണൂരിലെ മേഖലാ പ്രവര്‍ത്തകര്‍ ആവേശോജ്വലമായ സ്വീകരണമാണ് നല്കിയത്. വര്‍ധിച്ച ആത്മവിശ്വാസത്തോടെയാണ് പ്രതിനിധികള്‍ പിരിഞ്ഞത്. വിഭവസാമഹരണത്തിനായുള്ള പുസ്തകപ്രചാരണവും മറ്റുപരിപാടികളുടെ സംഘാടന പ്രവര്‍ത്തനങ്ങളും പ്രതീക്ഷിച്ചപോലെ മുന്നേറുന്നു.
സമ്മേളനങ്ങളില്‍ ഏറ്റവും പ്രാധാന്യത്തോടെ നടക്കേണ്ടത് യൂണിറ്റ് സമ്മേളനങ്ങളാണ്. ഫെബ്രുവരി മാസമാണ് യൂണിറ്റ് സമ്മേളനങ്ങള്‍ക്കായി മാറ്റിവെച്ചിട്ടുള്ളത്. കലാജാഥാ പര്യടനം അവസാനിക്കുന്നതോടെ യൂണിറ്റ് സമ്മേളനം ആരംഭിക്കണം. ചില ജില്ലകളില്‍ ജാഥാപരിപാടി ഫെബ്രുവരി അവസാനത്തേക്ക് മാറുന്നതിനാല്‍ അവിടങ്ങളില്‍ ജാഥക്ക് മുമ്പായി സമ്മേളനം ആസൂത്രണം ചെയ്യണം. നോട്ടുനിരോധനം, ജലസുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്സ് എടുത്തുകൊണ്ട് ഉദ്ഘാടനം നിര്‍വഹിക്കാന്‍ കഴിയുന്ന വിദഗ്ധരെ പ്രാദേശികമായി കണ്ടെത്തണം. സമ്മേളനത്തിന് അനുബന്ധമായി സയന്‍സ് ഡയലോഗുകള്‍, തുല്യതാസംഗമങ്ങള്‍, വിദ്യാഭ്യാസ സംവാദങ്ങള്‍, ശാസ്ത്രക്ലാസുകള്‍ എന്നിവ സംഘടിപ്പിച്ച് ജനകീയമാക്കാം.
പരിഷത്തിന്റെ ദൗത്യം ഓരോ പ്രവര്‍ത്തകനും സ്വാംശീകരിക്കാന്‍ കഴിയുന്നവിധത്തിലാണ് സംഘടനാ രേഖ. അതുകൊണ്ടുതന്നെ അതിന്റെ ചര്‍ച്ചയില്‍ പരമാവധിപേരെ പങ്കാളികളാക്കണം. ഈ ലക്കം വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള രേഖ യൂണിറ്റിലെ എല്ലാ അംഗങ്ങളെക്കൊണ്ടും വായിപ്പിക്കാന്‍ പ്രത്യേക ശ്രമം നടത്തണം. വാര്‍ത്ത ഓണ്‍ലൈനില്‍ ലഭ്യമാണെന്നകാര്യം ഓര്‍ക്കുമല്ലോ. എഴുതി തയ്യാറാക്കി യൂണിറ്റ് നിര്‍വാഹകസമിതി അംഗീകരിച്ചറിപ്പോര്‍ട്ടും കണക്കുമാണ് സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ടതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ആകര്‍ഷകമായ കയ്യെഴുത്ത് പോസ്റ്ററുകളിലൂടെ സമ്മേളനം നടക്കുന്നകാര്യം യൂണിറ്റ് പ്രദേശത്താകെ പ്രചരിപ്പിക്കണം. കത്തിലൂടെയോ മെയില്‍ വഴിയോ മറ്റേതെങ്കിലും വിധത്തിലോ സമ്മേളനം നടക്കുന്ന വിവരം എല്ലാ അംഗങ്ങളേയും അറിയിച്ചുവെന്ന് യൂണിറ്റ് ഭാരവാഹികള്‍ ഉറപ്പുവരുത്തുകയും വേണം. നിലവിലുള്ള അംഗങ്ങള്‍ക്കൊപ്പം അംഗങ്ങളാകാന്‍ താല്പര്യമുള്ള വിവിധരംഗങ്ങളിലെ വിദഗ്ധര്‍, ജനപ്രതിനിധികള്‍, ജനകീയാസൂത്രണപ്രവര്‍ത്തകര്‍, യുവതീയുവാക്കള്‍, തുടങ്ങിയവരെയെല്ലാം സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നത് ഫലപ്രദമാകും. ഇപ്രകാരം വിപുലമായ ജനപങ്കാളിത്തവും ആഴത്തിലുള്ള ചര്‍ച്ചകളുംകൊണ്ട് യൂണിറ്റ് സമ്മേളനം വന്‍വിജയമാക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

പി.മുരളീധരന്‍
ജനറല്‍സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *