‍സ്വാശ്രയ കോളേജുകള്‍ക്ക് കടുത്ത നിയന്ത്രണം അനിവാര്യം

0

16 വര്‍ഷങ്ങള്‍ക്കു മുമ്പ്, കൃത്യമായിപ്പറഞ്ഞാല്‍ പരിഷത്തിന്റെ നാല്‍പതാം വാര്‍ഷികസമ്മേളനത്തില്‍ വച്ച് സ്വാശ്രയ കോളേജുകള്‍ അടച്ചുപൂട്ടണമെന്ന പ്രമേയം പാസ്സാക്കിയവരാണ് നമ്മള്‍. എന്നാല്‍ ഇന്ന് 500നടുത്ത് സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ പ്രൊഫഷണല്‍ കോളേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളെക്കാള്‍ അനേകമിരട്ടി കുട്ടികള്‍ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ പഠിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ട് മാത്രം ഇത്തരം സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചുപൂട്ടുന്നത് പ്രായോഗികമായിരിക്കണമെന്നില്ല. മറിച്ച് ഇവയ്ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന കാര്യത്തില്‍ കൂടുതല്‍ ബോധ്യം വന്നുകൊണ്ടിരിക്കുകയാണ്.
50:50 എന്ന പ്രമാദമായ സൂത്രവാക്യത്തിലൂടെയാണ് കേരളത്തില്‍ സ്വാശ്രയ കോളേജുകള്‍ തുടങ്ങിയത്. പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനായി കേരളത്തിന് പുറത്തേക്ക് പോകുന്നവര്‍ക്ക് ഇവിടെ സൗകര്യം ചെയ്ത് കൊടുക്കുകയും അത്തരക്കാരില്‍ നിന്ന് കോളേജ് നടത്തിക്കൊണ്ട് പോകാനുള്ള ഫീസ് വാങ്ങി അത്രതന്നെ വരുന്ന പാവപ്പെട്ട കുട്ടികളെ സര്‍ക്കാര്‍ ഫീസില്‍ പഠിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു മോഹനസുന്ദര ലക്ഷ്യം. എന്നാല്‍ ചെറുകിട കച്ചവടസ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ എടുക്കുന്ന മുന്‍കരുതല്‍ പോലും സ്വീകരിക്കാതെ വളരെ ലാഘവത്തോടെ സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങളെ വളര്‍ത്തുന്നതിന്  ആവശ്യമായ സംവിധാനം ഒരുക്കിക്കൊടുക്കുകയാണ് ഭരണകൂടം ചെയ്തുകൊണ്ടിരുന്നത്. കോടതി വിധികളും പലപ്പോഴും ഇത്തരക്കാര്‍ക്ക് അനുകൂലമായിരുന്നു. മധ്യവര്‍ഗ മലയാളിയുടെ അധമബോധത്തിന്റെ പ്രതീകമായി ഉയര്‍ന്നുവന്നതാണ് സ്വാശ്രയകോളേജുകള്‍. പൊതുസമൂഹത്തിന്റെയും ഗവണ്‍മെന്റുകളുടെയും നാമമാത്രമായ നിയന്ത്രണമാണ് ഇന്ന് ഇവയ്ക്കുള്ളത്. ഭസ്മാസുരന് വരം നല്‍കിയതുപോലെയായി ഇന്ന് സ്വാശ്രയ വിദ്യാഭ്യാസ മേഖല. ഭാവിതലമുറയുടെ ഭാഗഥേയം സൃഷ്ടിക്കേണ്ടവരെ ബോധപൂര്‍വം ഒരുക്കിയെടുക്കുന്ന ചുമതല വഹിക്കേണ്ട പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന്  ബ്രോയിലര്‍ കോഴി ഉല്പാദന കേന്ദ്രത്തേക്കാള്‍ തരംതാണിരിക്കുന്നു എന്നാണ് സമകാലീന വാര്‍ത്തകളിലൂടെ നമ്മളെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നത്.
പാമ്പാടി നെഹ്റു കോളേജിലെ ജിഷ്ണുവിന്റെ മരണം കേരളത്തിലെ പൊതു സമൂഹത്തിന്റെ കണ്ണ് തുറക്കേണ്ടതിന്റെ ആവശ്യം കൂടുതല്‍ ബോധ്യപ്പെടുത്തുകയാണ്. ലോകത്തൊരിടത്തും ഇമ്മാതിരി സ്വാശ്രയ കച്ചവടം നടക്കുന്നില്ല. ഈ സ്ഥാപനങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള പരിശോധനകള്‍ നടത്താനോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനോ ആര്‍ക്കും അധികാരമില്ല. കുട്ടികളെ പ്രവേശിപ്പിക്കല്‍, ഫീസ് നിശ്ചയിക്കല്‍, അക്കാദമിക്ക് കാര്യങ്ങള്‍, പരീക്ഷാനടത്തിപ്പ്, കൂട്ടികളുടെ ഹോസ്റ്റല്‍ സൗകര്യങ്ങള്‍, സംഘടനാ സ്വാതന്ത്ര്യം, അച്ചടക്കം പാലിക്കല്‍, അധ്യാപകരുടെ യോഗ്യത, നിയമനം, ശമ്പളം തുടങ്ങി ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും പാലിക്കേണ്ട യാതൊരുവിധ നടപടിക്രമങ്ങളും ബാധകമല്ലാത്ത തികഞ്ഞ കച്ചവടസ്ഥാപനങ്ങളാണ് ഇവ.
ഈ സാഹചര്യത്തില്‍ സ്വാശ്രയവിദ്യാഭ്യാസ കച്ചവടം തടയാനുള്ള ഫലപ്രദമായ നിയമനിര്‍മാണമുണ്ടാവണം. കോടതികള്‍ കയറിയിറങ്ങാത്ത വിധത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും പൊതു സമൂഹത്തിന്റെയും ഗൗരവപൂര്‍ണമായ ഇടപെടലുകളുണ്ടായാലേ അത്തരത്തിലൊന്ന് ഉണ്ടാക്കിയെടുക്കാന്‍ കഴിയുകയുള്ളൂ. സ്വാശ്രയകോളേജുകളിലേക്ക് മാര്‍ച്ച് നടത്തിയതുകൊണ്ടും കെട്ടിങ്ങള്‍ തല്ലിപ്പൊളിച്ചതുകൊണ്ടും മാത്രം തീരാവുന്ന പ്രശ്നമല്ല ഇത് എന്ന ബോധ്യം നമുക്കുണ്ടാകണം. കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തെ ശുദ്ധീകരിച്ചെടുക്കുന്നതിന് കക്ഷിരാഷ്ട്രീയ ഭേദമന്യേ  മുഴുവന്‍ മനുഷ്യസ്നേഹികളും അണിനിരക്കേണ്ട സമയമാണിത്.

പി.മുരളീധരന്‍
ജനറല്‍സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *