പനിയെ നമുക്ക് പ്രതിരോധിക്കാം
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ജൂണ്‍മാസത്തെ പത്രവാര്‍ത്തകളുടെ പ്രധാനതലവാചകം “പനിയില്‍ വിറങ്ങലിച്ച് കേരളം”, “പനി പിടിച്ച കേരളം”, “പനി മരണസംഖ്യ ഏറുന്നു” എന്നൊക്കെയാണ്. കാലാവസ്ഥയിലുണ്ടാവുന്ന മാറ്റങ്ങള്‍ സ്വാഭാവികമായും നമ്മുടെ ശരീരത്തെ ബാധിക്കുകയും ശരീരത്തിന്റെ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പനി, ജലദോഷം തുടങ്ങിയ വൈറല്‍ അസുഖങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ഓരോരുത്തരുടെയും ശരീരത്തിന്റെ പ്രത്യേകതയും പ്രതിരോധശേഷിയും അനുസരിച്ച് ഇതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നത് സാധാരണമാണ്. അതുകൊണ്ടാണ് ജലദോഷം വരുമ്പോള്‍ മരുന്നുകഴിച്ചാല്‍ ഏഴുദിവസം മരുന്ന് കഴിച്ചില്ലെങ്കില്‍ ഒരാഴ്ച എന്ന് പറയുന്നത്. എന്നാല്‍ ഇപ്പോള്‍ പനി വന്നാല്‍ സൂക്ഷിക്കണം എന്നാണ് പറയുന്നത്. പനി ശരീരത്തിന്റെ പ്രതികരണമല്ല മറിച്ച് പനി തന്നെ ഒരു അസുഖമായി മാറുന്നു. അത് മരണകാരണമായി മാറുന്നു. ഇവിടെ പ്രധാനവില്ലനും രോഗവാഹകനും കൊതുകാണ്. ജലജന്യരോഗങ്ങള്‍ ഒരു പരിധിവരെ തിളപ്പിച്ചാറ്റിയ വെള്ളംകൊണ്ടും ജലശുദ്ധീകരണം കൊണ്ടും തടയാനാകും. എന്നാല്‍ കൊതുക് പരത്തുന്ന രോഗങ്ങള്‍ നിയന്ത്രിക്കുക അത്ര എളുപ്പമല്ല. കൊതുക് എവിടെ വച്ചും നമ്മെ കടിക്കാം. രോഗം വരികയും ചെയ്യും. പറഞ്ഞുവന്നത് നമ്മുടെ വീട് മാത്രം വൃത്തിയായതുകൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല എന്നാണ്. നാടാകെ വൃത്തിയായാലേ കൊതുക് നാടൊഴിഞ്ഞ് പോവുകയുള്ളൂ. നാടാകെ വൃത്തിയാകണമെങ്കില്‍ എല്ലാവരും ഒന്നിച്ച് തുനിഞ്ഞിറങ്ങണം. ആരോഗ്യവകുപ്പ് മുതലുള്ള സര്‍ക്കാര്‍ വകുപ്പുകളും സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, പാരിസ്ഥിതക സംഘടനകളും, രാഷ്ട്രീയ പാര്‍ട്ടികളും തുനിഞ്ഞിറങ്ങണം. നമ്മോടൊത്ത് പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള എല്ലാവരെയും ഒന്നിപ്പിക്കാനുള്ള അവസരമൊരുക്കുകയാണ് നമ്മുടെ കടമ. നമ്മുെട യൂണിറ്റിന്റെ നേതൃത്വത്തില്‍ വാര്‍ഡ് തലത്തില്‍ ധാരാളം ക്യാമ്പും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കാന്‍ നമുക്ക് കഴിയും. കൊതുക് വളര്‍ത്തുകേന്ദ്രങ്ങള്‍ ഇല്ലാതാക്കുന്ന സാമൂഹ്യ ശുചിത്വ പദ്ധതികളും പരിപാടികളും വാര്‍ഡ് തലത്തില്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കാനും നമുക്ക് കഴിയും. കൊതുകിനെ ക്സക്കുറിച്ചും കൊതുകുജന്യരോഗങ്ങളെക്കുറിച്ചും നമ്മള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളും മാസികകളും പരിഷദ് വാര്‍ത്തയും ഇതിനായി ഉപയോഗപ്പെടുത്താം. പനിയില്‍ വിറങ്ങലിക്കാത്ത വാര്‍ഡുകളും പഞ്ചായത്തുകളുമായിരിക്കണം നമ്മുടെ ലക്ഷ്യം. പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് എനിക്കും പരിഷദ് വാര്‍ത്തയിലേക്കും വിശദാംശങ്ങള്‍ അയക്കുമല്ലോ..
സ്നേഹപൂര്‍വം
ടി.കെ.മീരാഭായ്
ജനറല്‍ സെക്രട്ടറി