അന്തര്‍സംസ്ഥാനബാലോത്സവം ഒന്നാംഘട്ടം ആവേശകരം
രണ്ടാംഘട്ട പ്രവര്‍ത്തനം ആരംഭിച്ചു
പാലക്കാട് : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചിറ്റൂര്‍ മേഖലയും തമിഴ്‌നാട് സയന്‍സ്‌ഫോറം തിരുപ്പൂര്‍ ജില്ലയും സംയുക്തമായി സംഘടിപ്പിച്ച കുട്ടികളുടെ വിദ്യാഭ്യാസ സാംസ്‌കാരിക കൈമാറ്റ പരിപാടിയായ ബാലോത്സവം ഒന്നാംഘട്ടം ചിറ്റൂരില്‍ ആവേശകരമായി സമാപിച്ചു. ഒക്‌ടോബര്‍ 1,2 തിയതികളില്‍ ചിറ്റൂര്‍ മേഖലയിലെ അഞ്ച് കേന്ദ്രങ്ങളിലായാണ് (ചിറ്റൂര്‍, തത്തമംഗലം, നല്ലേപ്പിളളി, പൊല്‍പ്പുളളി, നന്ദിയോട്) ബാലോത്സവം നടന്നത്. സെപ്റ്റംബര്‍ 30ന് വൈകുന്നേരം ചിറ്റൂരില്‍ വിവിധ കേന്ദ്രങ്ങളില്‍ എത്തിയ 92 വിദ്യാര്‍ത്ഥികള്‍ക്കും 25 പ്രവര്‍ത്തകര്‍ക്കും മുത്തുക്കുടകളും വാദ്യമേളങ്ങളോടും കൂടിയ ഹൃദ്യമായ സ്വീകരണമാണ് കേന്ദ്രങ്ങളില്‍ നല്‍കിയത്. പ്രാദേശിക സംഘാടക സമിതി ഭാരവാഹികള്‍, ജനപ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, യുവജനങ്ങള്‍, ബഹു ജനപ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍ ആതിഥേയരായ കുട്ടികളും അവരുടെ രക്ഷിതാക്കളും എല്ലാവരും സ്വീകരണത്തില്‍ പങ്കെടുത്തു. സ്വീകരണത്തിന് ശേഷം അഥിതികളായ എല്ലാ കുട്ടികളെയും ആതിഥേയരായ കുട്ടിയും അവരുടെ രക്ഷിതാക്കളും ചേര്‍ന്ന് സ്വീകരിച്ച് അവരവരുടെ വീടുകളിലേക്ക് കൊണ്ടുപോയി. പിറ്റേദിവസത്തെ ക്യാമ്പ് കൃത്യസമയത്ത് തുടങ്ങാന്‍ വേണ്ടിയായിരുന്നു തലേദിവസം ഇങ്ങനെ ക്രമീകരിച്ചിരുന്നത്. ഒന്നാം ദിവസം കാലത്ത് 9 മണിക്ക് തന്നെ കുട്ടികളെല്ലാവരും ക്യാമ്പില്‍ എത്തി. ഓരോ കേന്ദ്രത്തിലും അതിഥി ആതിഥേയരുള്‍പ്പെടെ 50 കുട്ടികളാണ് പങ്കെടുത്തത്. ഒന്നാംദിവസം ജലത്തെ സംബന്ധിച്ച് മൂന്നുവിഷയങ്ങളെ കേന്ദ്രീകരിച്ച അവതരണങ്ങളും ബന്ധപ്പെട്ട പരീക്ഷണങ്ങളും മറ്റുപ്രവര്‍ത്തനങ്ങളും നടന്നു. കാലത്ത് എല്ലാ കേന്ദ്രങ്ങളിലും ഉദ്ഘാടനം നടന്നു.
ചിറ്റൂരില്‍ കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ.യും, തത്തമംഗലത്ത് ഡോ. എം.പി. പരമേശ്വരനും, പൊല്‍പ്പുളളിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ബാലസംഘം സംസ്ഥാന കണ്‍വീനറുമായ ടി.കെ. നാരായണദാസും, നന്ദിയോട് പരിഷത്ത് സംസ്ഥാന സെക്രട്ടറി മീരാഭായ് ടീച്ചറും, നല്ലേപ്പിളളിയില്‍ പ്രശസ്ത നാടകകൃത്ത് കാളിദാസ് പുതുമനയും ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ആദ്യദിവസത്തെ മൂന്ന് അവതരണങ്ങളും രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുളളവയായിരുന്നു. രാത്രി 7 മുതല്‍ 8.30 വരെ കള്‍ച്ചറല്‍ പ്രോഗ്രാം നടന്നു. ഇരുവിഭാഗത്തിലേയും കുട്ടികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ വന്ന് കുട്ടികളെ വീടുകളിലേക്ക് കൊണ്ടുപോയി. രണ്ടാം ദിവസം 8 മണിക്ക് തന്നെ കുട്ടികള്‍ ക്യാമ്പില്‍ എത്തി. ആദ്യവിഷയം ജലവും ആവാസവ്യവസ്ഥയും എന്നതായിരുന്നു. കുട്ടികളെ ഒരു കുളത്തിന്റെ സമീപത്തേക്ക് കൊണ്ടുപോയി അവിടെ വച്ചായിരുന്നു ചര്‍ച്ച. രണ്ടാംദിവസം രണ്ട് അവതരണങ്ങള്‍. 12 മണിക്ക് അവസാനിച്ചു. 12 മണി മുതല്‍ 1 മണി വരെ ക്യാമ്പ് അവലോകനമായിരുന്നു. കുട്ടികളുടേയും രക്ഷിതാക്കളുടേയും അഭിപ്രായങ്ങള്‍ വളരെ വിലപ്പെട്ടതും വൈകാരികത ഉള്‍ചേര്‍ന്നതുമായിരുന്നു. തമിഴ്നാട്ടിലെ കുട്ടികള്‍ക്ക് കേരളത്തില്‍ കണ്ട പച്ചനിറമുളള പ്രകൃതിയെക്കുറിച്ച് എത്രപറഞ്ഞാലും മതിയായില്ല.വീടുകളില്‍ അവര്‍ക്ക് കിട്ടിയ സ്വീകരണവും പരിപാലനവും അവര്‍ക്ക് ഹൃദ്യമായ അനുഭവമായിരുന്നു. പലകുട്ടികളും കരഞ്ഞുകൊണ്ടാണ് കൂട്ടുകാരെ വിട്ടുപിരിഞ്ഞത്. ”ഞാന്‍ വരുമ്പോള്‍ കൊണ്ടുവന്നതിന് പുറമേ, ഒരുപാട് പുതിയ അനുഭവങ്ങള്‍, അറിവുകള്‍, സംസ്‌കാരം എന്നിവ കൂടി കൊണ്ടുപോകുന്നു” ചിറ്റൂര്‍ കേന്ദ്രത്തിലെ പ്രകല്യയുടെ പ്രതികരണം ഇതായിരുന്നു. ഒരു പുതിയ വീട്ടിലെ രണ്ടു ദിവസത്തെ താമസം കുട്ടികളില്‍ പല മാറ്റങ്ങള്‍ക്കും കാരണമായി. കുട്ടികള്‍ക്ക് എല്ലാ നേരവും ഭക്ഷണം അതാത് വീടുകളില്‍ നിന്ന് തന്നെയായിരുന്നു നല്‍കിയത്. രണ്ടാം ദിവസം എല്ലാ കേന്ദ്രങ്ങളിലും ആതിഥേയരായ കുട്ടികളുടെ രക്ഷിതാക്കള്‍ ഒരുക്കിയ സദ്യ കേന്ദ്രങ്ങളില്‍ വച്ച് നല്‍കുകയുണ്ടായി. രണ്ടാം ദിവസം 2 മണിക്ക് അതിഥികള്‍ തമിഴ്‌നാട്ടിലേക്ക് തിരുച്ചുപോയി.
സംഘാടനത്തിനായി കഴിഞ്ഞ നാലുമാസമായി മേഖലയിലെ പ്രവര്‍ത്തകര്‍ പ്രവര്‍ത്തനനിരതരായിരുന്നു. അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കായി TNSF KSSP സംയുക്ത അക്കാഡമിക് കമ്മിറ്റി രൂപീകരിച്ചിരുന്നു. പരിഷത്തിന്റെ അക്കാഡമിക് കമ്മിറ്റി കണ്‍വീനര്‍ പ്രൊഫ. ബി.എം.മുസ്തഫയായിരുന്നു. ശാന്തകുമാരി, രാജാമണി, റിച്ചാര്‍ഡ്, കൃഷ്ണമൂര്‍ത്തി, ലിയോനാര്‍ഡ്, ഡോ.വിനീത എന്നിവരും കൂടാതെ 15 അധ്യാപകരും ചിറ്റൂര്‍ കോളേജിലെ ജ്യോഗ്രഫി വിഭാഗത്തിലെ 17 കുട്ടികളുമടങ്ങുന്ന സംഘം ഇതിനായി പ്രവര്‍ത്തിച്ചു.
രണ്ടാംഘട്ടം നവംബര്‍ 11,12,13 തിയ്യതികളില്‍ തിരുപ്പൂരിലെ അഞ്ച് കേന്ദ്രങ്ങളില്‍ വച്ച് നടക്കും. അതിനായുളള വിപുലമായ സംഘാടക സമിതി രൂപീകരണ യോഗം 19.10.16ന് തിരുപ്പൂര്‍ സമുദ്ര ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. ഇതില്‍ മേഖലയില്‍ നിന്ന്ആറ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.