ഇവിടെയാർക്കാ യുറീക്ക വേണ്ടത്…?

ഇവിടെയാർക്കാ യുറീക്ക വേണ്ടത്…?

ഇ ഭാസ്ക്കരന്‍ മാഷിന് ആദരാഞ്ജലികള്‍
കണ്ണൂര്‍ മാടായി മേഖലയിലെ പരിഷത്ത് പ്രവര്‍ത്തകനായിരുന്ന ഭാസ്ക്കരന്‍ മാഷിനെ ശാസ്ത്രകേരളം പത്രാധിപ സമിതി അംഗം കെ. സുരേന്ദ്രൻ അടുത്തില അനുസ്മരിക്കുന്നു.

ഉച്ചഭക്ഷണത്തിന്റെ ഇടവേളയിൽ കൈയിൽ ഒരു കെട്ട് യുറീക്കയും ശാസ്ത്രകേരളവുമായി ക്ലാസുകൾ തോറും കയറിയിറങ്ങി അച്ചടിച്ച ഭാഷയിൽ ഭാസ്കരൻ മാഷ് ചോദിക്കും- ” ഇവിടെ ഇനി ആർക്കാ യുറീക്ക വേണ്ടേ… ?
മികച്ച അധ്യാപകൻ. അങ്ങേയറ്റം കുട്ടികളെ സ്നേഹിച്ച ഗുരു. ശാസ്ത്രപ്രവർത്തനവും പ്രചരണവും ജീവിത ലക്ഷ്യമായി കണ്ട പൊതു പ്രവർത്തകൻ. സാക്ഷരതാ പ്രവർത്തനത്തെ നയിച്ച ദാർശനികൻ. യുക്തിചിന്തയും സാംസ്കാരിക പ്രവർത്തനവും എന്നും കൊണ്ടു നടന്ന പ്രിയപ്പെട്ട ഭാസ്കരൻ മാഷ്. ഒട്ടും പ്രകടനപരതയില്ലാത്ത കർമയോഗി…

ബോർഡിൽ വടിവൊത്ത അക്ഷരങ്ങൾ ഭാസ്കരൻ മാഷിന്റെ പ്രത്യേകതയായിരുന്നു. അടുത്ത പീരിയഡ് ടീച്ചർ വരുമ്പോൾ ബോർഡ് മായ്ക്കണം. മാഷെഴുതിയ മനോഹര അക്ഷരങ്ങളെ മായ്ക്കാൻ മടിയായിരുന്നു. എഴുതിയതിനെ കൂടെക്കൂടെ ബ്രായ്ക്കറ്റിലിടുന്നത് മാഷിന്റെ ഒരു സ്വഭാവമായിരുന്നു. ബ്രായ്ക്കറ്റ് മാഷ് എന്ന് ഞങ്ങൾ അന്ന് കുട്ടികൾ ഇരട്ടപ്പേരിൽ മാഷിനെ വിശേഷിപ്പിച്ചിരുന്നത് ഇന്ന് വിഷമത്തോടെ ഓർക്കുന്നു.

എട്ടാം ക്ലാസിൽ മാഷ് എന്നെ ബയോളജിയും പത്തിൽ ഇംഗ്ലീഷും പഠിപ്പിച്ചിരുന്നു. പത്തിൽ കാൽക്കൊല്ല പരീക്ഷയ്ക്ക് എനിക്ക് ഇംഗ്ലീഷിൽ 16 മാർക്ക്. മറ്റെല്ലാ വിഷയത്തിനും നല്ല മാർക്കുണ്ട്. മാർക്ക് കുറഞ്ഞവർക്ക് മാഷ് ഞായറാഴ്ച ക്ലാസ് വച്ചു. ടെൻസ് പഠിപ്പിക്കുകയും അവ ഓർമിക്കാനുള്ള വഴികൾ പഠഞ്ഞുതരികയും ചെയ്തു. ഞായറാഴ്ചകളിലെ ക്ലാസുകളിൽ ആദ്യമെല്ലാം കുറച്ചു പേർ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഞാനും മാഷും മാത്രമായി. എനിക്ക് ഒരു കുട്ടിക്ക് വേണ്ടി മാത്രം രാവിലെ മുതൽ വൈകുന്നേരം വരെ അതും ഞായറാഴ്ച മാഷ് ക്ലാസെടുത്തു. ഉച്ചയ്ക്ക് ഭക്ഷണം വാങ്ങിത്തന്നതും നന്ദിയോടെ ഓർക്കുന്നു. അരക്കൊല്ല പരീക്ഷയ്ക്ക് ഇംഗ്ലീഷിന് എനിക്ക് 42 മാർക്ക്. വാർഷിക പരീക്ഷയിൽ 50-ൽ 49. ഇംഗ്ലീഷിൽ തോറ്റ് SSLC പരാജയപ്പെടുമായിരുന്ന എന്നെ മാഷ് രക്ഷപ്പെടുത്തി. അതുകൊണ്ടു മാത്രം ഞാൻ ഇന്ന് മാഷായി. ഞാൻ പഠിപ്പിച്ച എല്ലാ കുട്ടികളോടും ഞാൻ മാഷെപ്പറ്റി പറയാറുണ്ട്. മാഷ് പഠിപ്പിച്ച ശാസ്ത്രരീതി ജീവിതത്തിൽ എന്നും പ്രയോജനപ്പെടുന്നു. എന്നെക്കൊണ്ട് മാഷ് വായിപ്പിച്ച ശാസ്ത്രകേരളം മാസികയുടെ പത്രാധിപ സമിതിയിലും ഞാനിന്ന് പ്രവർത്തിക്കുന്നു.

കുറച്ചുകാലം മുമ്പ് കണ്ടപ്പോൾ എത്ര പറഞ്ഞിട്ടും മാഷിന് എന്നെ ഓർമ വന്നില്ല. ഓർമിക്കാനുളള വഴികൾ ഞങ്ങളെ പഠിപ്പിച്ച മാഷ്, മറവി രോഗത്തിന്റെ പിടിയിൽ ഓർമയില്ലാത്ത വഴികളിലൂടെ നടന്നു മറഞ്ഞിരിക്കുന്നു.
പ്രണാമം…. പ്രണാമം

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ