ഡോ. എ സുഹൃത്കുമാറിനെ അനുസ്മരിക്കുന്നു

0

പരിചയപ്പെട്ട എല്ലാവരെയും സ്തബ്ധരാക്കിയ വാർത്തയായിരുന്നു ഡോ. എ. സുഹൃത്കുമാറിന്റെ ഒട്ടും നിനച്ചിരിക്കാതെയുള്ള വിയോഗം.

പി. എസ് രാജശേഖരൻ

പറയുവാനെന്തുണ്ടു വേറെ, വീണ്ടും പൊരുതുക എന്നതല്ലാതെ
പി. എസ് രാജശേഖരൻ, ഡോ. എ സുഹൃത്കുമാറിനെ അനുസ്മരിക്കുന്നു.
പരിചയപ്പെട്ട എല്ലാവരെയും സ്തബ്ധരാക്കിയ വാർത്തയായിരുന്നു ഡോ. എ. സുഹൃത്കുമാറിന്റെ ഒട്ടും നിനച്ചിരിക്കാതെയുള്ള വിയോഗം. ആദർശനിഷ്ഠമായ ഒരു പാരിഷത്തിക ജീവിതം കൂടി മൺമറഞ്ഞിരിക്കുന്നു.
പരിഷത്തിലൂടെ പൊതുരംഗത്ത് വരുകയും പിന്നീട് നിരവധി പുരോഗമന പ്രസ്ഥാനങ്ങളിലൂടെ വൈവിധ്യമാർന്ന സംഭാവനകൾ സമൂഹത്തിനു നല്കുകയും ചെയ്ത അദ്ദേഹത്തെ കർമരംഗത്ത് ഉച്ചസ്ഥായിയിൽ നില്ക്കുമ്പോഴാണ് കോവിഡ് തട്ടിയെടുത്തത്. പേരു സൂചിപ്പിക്കും പോലെ, അക്ഷരാർഥത്തിൽ എല്ലാവർക്കും സുഹൃത്തായിരുന്നു അദ്ദേഹം. പുരോഗമന രാഷ്ട്രീയ, സാമൂഹികപ്രസ്ഥാനങ്ങളോട് ഇഴുകിച്ചേർന്ന ജീവിതവും പ്രവർത്തനങ്ങളും. ജീവിതത്തിലുടനീളം ആ മൂല്യങ്ങൾ മുറുകെപ്പിടിച്ചുള്ള മാതൃകാപ്രവർത്തനം. പ്രതിബദ്ധതയുള്ള സാമൂഹിക പ്രവർത്തകൻ, നിയമ, പരിസ്ഥിതി, തദ്ദേശഭരണ മേഖലകളിൽ കേന്ദ്രീകരിച്ച് നിരവധി പുസ്തകങ്ങളുടെയും ഗവേഷണ പ്രബന്ധങ്ങളുടെയും കർത്താവ്, കലാജാഥകൾക്കുവേണ്ടിയും കുട്ടികൾക്കുവേണ്ടിയുമൊക്കെ നിരവധി ഗാനങ്ങളുടെ രചയിതാവ്, സമർപ്പിതമനസ്സോടെ ക്ലാസ്സെടുക്കുന്ന ലോ കോളേജ് അധ്യാപകൻ, മികവുറ്റ സർവീസ് സംഘടനാ സംഘാടകൻ, വിവിധ വിഷയങ്ങളെപ്പറ്റി ആഴത്തിലും ചിന്തോദ്ദീപകമായും വിശദീകരിക്കുന്ന പ്രഭാഷകൻ, മികവോടെ ഗവേഷണരംഗത്തിടപെടുന്ന അക്കാദമിക് ഇങ്ങനെ നിരവധി മേഖലകളിൽ ഒരു പോലെ പ്രാഗത്ഭ്യം കാട്ടിയ പ്രതിഭയെയാണ് വെറും 57-ാം വയസ്സിൽ നാടിന് നഷ്ടപ്പെട്ടത്.
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തകനായി സാമൂഹികരംഗത്ത് വന്ന സുഹൃത്കുമാർ തിരുവല്ല പരുമലയിൽ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന തോപ്പിൽ വീട്ടിൽ കെ. അപ്പുക്കുട്ടനാദിശ്ശരുടെയും ജി. ഭാർഗവി അമ്മയുടെയും മകനാണ്. കേരള സർവകലാശാലയിൽ നിന്ന് നിയമബിരുദവും നിയമത്തിൽ ബിരുദാനന്തര ബിരുദവും എംജി സർവകലാശാലയിൽ നിന്ന് ഗവേഷണ ബിരുദവും നേടി. മഹാരാഷ്ട്രയിലെ ചന്ദ്രപ്പൂരിലും കേരളത്തിലെ വിവിധ സർക്കാർ ലോ കോളേജുകളിലും അധ്യാപകനായി. തിരുവനന്തപുരം ലോ കോളേജിൽ പ്രൊഫസറായി കഴിഞ്ഞവർഷം വിരമിച്ചു.
സർവീസ് കാലയളവിൽ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ സജീവ പ്രവർത്തകനായി വിവിധ തലങ്ങളിൽ ഭാരവാഹിത്വം വഹിച്ചു. അധ്യാപക ജീവിത്തിന്റെ അവസാന കാലങ്ങളിൽ കെജിഒഎയുടെ സംസ്ഥാന സെക്രട്ടറിയായും കെജിഒഎ ന്യൂസിന്റെ എഡിറ്ററായും പ്രവർത്തിച്ചിരുന്നു. പുരോഗമന കാലസാഹിത്യ സംഘത്തിലും യുക്തിവാദ പ്രസ്ഥാനത്തിലും ഇതോടൊപ്പം പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. സിപിഐഎമ്മിന്റെയും പ്രവർത്തകനായിരുന്നു.
‘നിയമം കുട്ടികളുടെ രക്ഷയ്ക്ക്’, ‘പഞ്ചായത്ത് രാജ് കുട്ടികൾക്ക്’, ‘പരിസ്ഥിതിയും നിയവും’ തുടങ്ങി ഭരണഘടന, നിയമം, പരിസ്ഥിതി, വിദ്യാഭ്യാസം എന്നീ വിഷയങ്ങൾ സംബന്ധിച്ച് നിരവധി പുസ്തകങ്ങളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്. സംസ്ഥാനത്തെ തദ്ദേശഭരണ രംഗത്തും ജനകീയാസൂത്രണ രംഗത്തും പ്രാദേശിക വികസന രംഗത്തും പദ്ധതിരൂപീകരണം മുതൽ നിർവഹണം വരെ നിരവധി കാര്യങ്ങളിൽ അക്കാദമികവും സംഘാടനപരവുമായ വലിയ സംഭാവന നല്കി അദ്ദേഹം. സുഹൃത്കുമാറിന്റെ കൂടി മുൻകൈയിൽ കരകുളത്ത് ജനകീയാസൂത്രണ കാലത്ത് തുടങ്ങിയ ഗ്രാമീണ ഗവേഷണ കേന്ദ്രത്തെ ദേശീയ ശ്രദ്ധയുള്ള ഒരു സ്ഥാപനമാക്കി മാറ്റിയതിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. ഇപ്പോൾ അതിന്റെ ഡയറക്ടറായും ചിന്ത പബ്ലിഷേഴ്സിന്റെ എഡിറ്റോറിയൽ ബോർഡ് അംഗമായും പ്രവർത്തിച്ചുവരികയായിരുന്നു.
തദ്ദേശഭരണ സംബന്ധിയായും നിയമസംബന്ധിയായും ആധികാരിക അഭിപ്രായങ്ങൾ ആവശ്യമായി വരുമ്പോൾ സുഹൃത് കുമാറിനെയാണ് ആശ്രയിച്ചിരുന്നതെന്ന് പല മുതിർന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അനുസ്മരണവേളയിൽ സൂചിപ്പിച്ചത് എത്ര വിപുലമായ മേഖലകളിൽ സുഹൃത്കുമാറിന്റെ പ്രവർത്തനങ്ങളും കഴിവുകളും വ്യാപിച്ചിരുന്നു എന്നതിന് തെളിവാണ്. ഈ മേഖലകളിലെല്ലാമായി ബന്ധപ്പെട്ട ഒട്ടേറെ പഠന-ഗവേഷണ സംരംഭങ്ങളിലും സുഹൃത്കുമാർ ബന്ധപ്പെട്ടിരുന്നു.
തിരുവനന്തപുരത്ത് കാച്ചാണിയിലായിരുന്നു താമസം. ഇപ്പോൾ സ്റ്റേറ്റ് നുട്രീഷൻ ഓഫീസറായി പ്രവർത്തിക്കുന്ന കെജിഒഎ മുൻ പ്രസിഡന്റുകൂടിയായ ശ്രീലതയാണ് ജീവിത പങ്കാളി. അശ്വനി, അനന്യ എന്നിവർ മക്കളാണ്.
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മാവേലിക്കര മേഖലയിലെ പരുമല യൂണിറ്റ് സെക്രട്ടറിയായും മാവേലിക്കര മേഖലാ സെക്രട്ടറിയായും ആലപ്പുഴ ജില്ലാക്കമ്മിറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പഠനവാശ്യത്തിനായി വന്നപ്പോൾ പ്രവർത്തന കേന്ദ്രം തിരുവനന്തപുരം ജില്ലയായി. വഞ്ചിയൂരിലെ പഴയ പരിഷദ്ഭവനോട് ചേർന്ന കെട്ടിടത്തിൽ താമസമാക്കി പൂർണസമയ പരിഷദ്പ്രവർത്തകനായി. തിരുവനന്തപുരം മേഖലാക്കമ്മിറ്റിയംഗവും ജില്ലാക്കമ്മിറ്റിയംഗവും ജില്ലാ ജോയിന്റ് സെക്രട്ടറിയായുമൊക്കെ പ്രവർത്തിച്ചു. തുടർന്ന് ലോ കോളേജ് അധ്യാപകനായി കേരളം വിടുകയും പിന്നീട് കേരളത്തിൽത്തന്നെ തൃശൂരിൽ അധ്യാപകനാവുകയും ചെയ്തതോടെ സുഹൃത്തിന്റെ പ്രധാന പ്രവർത്തന രംഗം അക്കാദമിക മേഖലയും സർവീസ് സംഘടനാ രംഗവുമായി മാറുകയായിരുന്നു. അപ്പോഴും വിവിധ ജില്ലകളിൽ പരിഷത്തിനായി ക്ലാസ്സുകളെടുക്കാനും പ്രഭാഷണങ്ങൾക്കും ചില പ്രത്യേക ഘട്ടങ്ങളിൽ വിവിധ സംഘടനാ ചുമതലകൾ നിർവഹിക്കാനും മുന്നിലുണ്ടായിരുന്നു. എറ്റവും ഒടുവിൽ പരിഷത്തിന്റെ തിരുവനന്തപുരം ജില്ലാ വികസന ഉപസമിതി ചെയർമാനായും പ്രവർത്തിച്ചുവരികയായിരുന്നു.
പരിഷത്തിലും സമ്പൂർണ സാക്ഷരത, ജനകീയാസൂത്രണം, പഞ്ചായത്തീരാജ്, ഹരിത കേരളം, പരിസ്ഥിതി തുടങ്ങിയ പ്രവർത്തനങ്ങളിലുമാണ് സൃഹൃത്ത് കൂടുതലായിടപെട്ടതെങ്കിലും സർവീസ് സംഘടനാ രംഗത്തും, ഗ്രന്ഥ രചനയിലും മികവുറ്റ നിയമ അധ്യാപകൻ എന്ന നിലയിലും ഗവേഷകൻ, ബാലവേദി, കലാജാഥാ പ്രവർത്തകൻ, കവി എന്നീ നിലകളിലെല്ലാം ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയെന്നു പറയുമ്പോൾ എത്രമാത്രം സർഗാത്മകമായിരുന്നു ആ ജീവിതം എന്നു ബോധ്യമാകും. ഏതു പ്രസ്ഥാനത്തിൽ പ്രവർത്തിക്കുമ്പോഴും സുഹൃത്ത് മുറുകെ പിടിച്ചിരുന്നത് പാരിഷത്തിക മൂല്യങ്ങളായിരുന്നു, അവിടെയൊക്കെ ആ മൂല്യങ്ങളും ശാസ്ത്രീയ കാഴ്ച്ചപ്പാടുകളും പ്രസരിപ്പിക്കാനും പരമാവധി ശ്രമിച്ചു.
പരിഷത്തിന്റെ കലാജാഥകളിലെ മാനേജരായും അംഗമായും പലഘട്ടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ‘അക്ഷരമുത്തുകൾ കൊത്തിയെടുക്കും കുഞ്ഞരി പ്രാവുകൾ ഞങ്ങൾ’ എന്ന കേരളത്തിലെ മിക്കവാറും ബാലവേദിക്കൂട്ടൂകാർ ആവേശത്തോടെ പാടിയിരുന്ന ബാലോത്സവഗാനം സുഹൃത്തിന്റെ രചനയാണ്. “ട്രീർർർറണ്ടം ചെണ്ടയിൽ മുട്ടിവരുന്നുണ്ടല്ലോ കുമ്മാട്ടി” എന്നതുൾപ്പെടെ അത്തരം നിരവധി ഗാനങ്ങൾ സുഹൃത്ത് എഴുതിയിട്ടുണ്ട്.
ഒന്നും പറയുവാനില്ലേ/ ചുറ്റും അനീതികൾ നൃത്തമാടുമ്പോൾ/ ചുമ്മാതിരിക്കുകയാണോ/ ഒന്നും പറയുവാനില്ലേ എന്നത് മുല്ലനേഴി മാഷ് രചിച്ച, നമ്മുടെതുൾപ്പെടെ പല പുരോഗമന പ്രസ്ഥാനങ്ങളുടെയും സമ്മേളനങ്ങളിലെ സ്വാഗതഗാനമായിരുന്നു. തുടർന്നുള്ള ഒരു തിരുവനന്തപുരം പ്രവർത്തക സമ്മേളനത്തിന് അതിനൊരുത്തരമെന്നപോലെ തുടർഗാനമായി സുഹൃത്ത് എഴുതി വി.കെ.എസ്. സംഗീതം നല്കിയ വരികൾ ഇന്നും കേരളത്തിലാകെ മുഴങ്ങുന്നുണ്ട്.
പറയുവാനെന്തുണ്ടു വേറെ,
വീണ്ടും പൊരുതുക എന്നതല്ലാതെ
വിജയം വരുന്നൊരു നാൾവരേക്കും
വീറോടെ പൊരുതുക എന്നതല്ലാതെ….
ഇനിയുള്ള എത്രയോ വർഷങ്ങളിൽ ഇതിലും മഹത്തായ സംഭാവനകൾ ഈ സമൂഹത്തിനു ലഭിക്കേണ്ട കാലത്താണ് മരണം ആ പ്രതിഭയെ തട്ടിയെടുത്തത്. സുഹൃത്കുമാർ അവശേഷിപ്പിച്ച സർഗചൈതന്യവും പ്രസരിപ്പിച്ച മുല്യബോധവും കൈവിടാതെ മുന്നോട്ടുപോവുക എന്നതാണ് പരിഷത്തുകാർക്കുൾപ്പെടെ പുരോഗമന പക്ഷത്തുള്ള എല്ലാവർക്കും നല്കാനാവുന്ന വലിയ ആദരാഞ്ജലി എന്നതല്ലാതെ, പറയുവാനെന്തുണ്ടുവേറെ!!

Leave a Reply

Your email address will not be published. Required fields are marked *