ജാതി – മതം വംശം : ചരിത്രവും ശാസ്ത്രവും ആദ്യ സെമിനാര്‍ തൃശ്ശൂരില്‍ വച്ച് നടന്നു
തൃശ്ശൂര്‍: ഹൈദരാബാദ് കേന്ദ്രസര്‍വ്വകലാശാല, ദല്‍ഹി ജവഹര്‍ ലാല്‍ നെഹ്റു സര്‍വ്കലാശാല, പിന്നെ വിദ്യാര്‍ഥികളുടെ സര്‍ഗ്ഗാത്മകതയ്ക്ക് കൂച്ചുവിലങ്ങിടാന്‍ സംഘപരിവാറും അനുബന്ധ സംഘടനകളും തുനിഞ്ഞിറങ്ങിയ അനേകം കലാശാലകളില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍, ഗോസംരക്ഷണത്തിന്റെ പേരില്‍ വിവിധ സവര്‍ണ സംഘടനകള്‍ ദലിതര്‍ക്ക് നേരെ അഴിച്ചുവിടുന്ന ആക്രമണപരമ്പരകള്‍, ദലിത് പെണ്‍കുട്ടികള്‍ക്ക് നേരെ രാജ്യവ്യാപകമായി നടക്കുന്ന ഹീനമായ ആക്രമണങ്ങള്‍, മനുസ്‌മൃതിയിലധിഷ്ഠിതമായ സവര്‍ണബോധ്യവും ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന ജനാധിപത്യാവകാശങ്ങളും തമ്മിലുള്ള വൈരുധ്യങ്ങള്‍, ജീവനഇടങ്ങളിലേയ്ക്ക് കടന്നുകയറിക്കൊണ്ട് ആധുനികവികസനം കറുത്തവനുനേരെ നടത്തുന്ന അധിനിവേശങ്ങള്‍ അങ്ങനെ പലരൂപത്തില്‍ ഇന്ത്യ ജാതിസംഘര്‍ഷങ്ങളുടെ കലാപഭൂമിയാവുകയാണ്. അര്‍ധ ഫാസിസ്റ്റ് സ്വഭാവത്തിലുള്ള സവര്‍ണ ഹിന്ദുത്വവാദികളാല്‍ നിയന്ത്രിക്കപ്പെടുന്ന കേന്ദ്രഭരണകൂടം ഈ സവിശേഷ അവസ്ഥയ്‌ക് അനുകൂലം തന്നെ. പക്ഷേ സംഘര്‍ഷത്തിന്റെ വേരുകള്‍ അതിലും ആഴത്തിലാണെന്ന് നമുക്കറിയാം. ഇന്ത്യന്‍ ജാതിവ്യവസ്ഥയുടെ അഭ്യന്തരസവിശേഷതയാണിത്. ഒരു പരിഷ്‌കൃത ജനാധിപത്യസമൂഹത്തിന് അംഗീകരിക്കാവുന്ന ഒന്നല്ല ഈ സ്ഥിതി. ചെറുത്തുനില്‍പ്പുകള്‍ ഉണ്ടാവുന്നുണ്ട്. അവയോടൊക്കെ എല്ലാ പുരോഗമനവാദികളും ഐക്യദാര്‍ഡ്യപ്പെടേണ്ടതുണ്ട്. ഒപ്പം പ്രശ്‌നത്തിന്റെ ആഴങ്ങളിലേയ്‌ക്കിറങ്ങിച്ചെന്ന് അതിന്റെ വേരുകള്‍ പരിശോധിക്കേണ്ടതുമുണ്ട്. എങ്കിലേ ഈ ദുഷ്‌കൃത്യങ്ങള്‍ക്കെതിരെ അറിവിനെ ആയുധമാക്കാന്‍ കഴിയൂ. അതിനുവേയമ്ടിയാണ്’ജാതിസംഘര്‍ഷങ്ങളുടെ ഇന്ത്യ’ എന്ന പേരില്‍ കേരളശാസ്‌ത്രസാഹിത്യ പരിഷത്ത് അഞ്ച് സെമിനാറുകള്‍ അടങ്ങുന്ന ഒരു പരമ്പര സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതില്‍ ഒന്നാമത്തെ സെമിനാര്‍ ‘ജാതി മതം വംശം : ചരിത്രവും ശാസ്ത്രവും’ എന്ന വിഷയത്തില്‍ നവം.20ന് ഞായറാഴ്ച രാവിലെ 10 മുതല്‍ തൃശ്ശൂര്‍ ശ്രീകേരളവര്‍മ കോേളജില്‍ വച്ച് നടന്നു.
സമൂഹത്തിൽ ജാതീയത ഇല്ലാതാവുന്നതിന് ജാതിബദ്ധമായ കുടുംബ- വിവാഹ ഘടനകൾ ഇല്ലാതാവണമെന്ന് –ചരിത്രകാരനും ചിന്തകനുമായ ഡോ. കെ. എൻ.ഗണേഷ് പറഞ്ഞു. ‘ഇന്ത്യന്‍ ദളിത് അവസ്ഥ ചരിത്രവും വര്‍ത്തമാനവും’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മിശ്രവിവാഹം എന്ന പദപ്രയോഗം പോലും ശരിയല്ല. കാരണം, അതില്‍ ജാതിയുണ്ട്. ഓരോരുത്തരുടേയും മനസ്സിലുളള ജാതിചിന്ത ഇല്ലാതാവണം. ആശയസംഹിതകൾ സ്വയംഭൂവല്ല. അവ ദൈവനിർമിതികളുമല്ല. നിക്ഷിപ്തതാൽപര്യത്തോടെ മനുഷ്യന്‍ ഉണ്ടാക്കിയ ധർമ്മശാസ്ത്രങ്ങളും തത്വസംഹിതകളുമാണ് ജാതീയത സൃഷ്ടിച്ചത്. സ്വത്വവാദവും സ്വത്വരാഷ്ട്രീയവും എന്ന വിഷയം ബിജോയ് ഡേവിഡ് അവതരിപ്പിച്ചു.
പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം ഡോ. കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.കെ.മീരാഭായ്, പ്രൊഫ. പി.കെ.രവീന്ദ്രൻ, ഡോ.ഷീനജ, കെ.കെ.ബാബുരാജ്, ഡോ.അജയ് ശേഖര്‍, ഡോ.സി.എസ്.ശ്രീജിത്ത്, ജോജി കൂട്ടുമ്മേൽ, എം.എ.മണി, കെ.എസ്.സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ ജില്ലകളില്‍നിന്നായി 212 പേര്‍ പങ്കെടുത്തു.