കണ്ണൂര്‍ ജില്ലാപ്രവര്‍ത്തക ക്യാമ്പ് പ്രൊഫ.കെ.പാപ്പൂട്ടി ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂര്‍ ജില്ലാപ്രവര്‍ത്തക ക്യാമ്പ് പ്രൊഫ.കെ.പാപ്പൂട്ടി ഉദ്ഘാടനം ചെയ്യുന്നു

 

കൂടാളി : വാസ്തുവിദ്യ നോക്കി വീട് കെട്ടിയ ജന്‍മിമാരുടെയും രാജ കുടുംബങ്ങളുടെയും വീടുകള്‍ തകരുകയും വാസ്തു നോക്കാതെ ചെറ്റകുടിലില്‍ താമസിച്ചവര്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരികയും ചെയ്തത് ശാസ്ത്രത്തിന്റെ കുതിപ്പായിരുന്നെന്ന് പ്രൊഫ കെ പാപ്പൂട്ടി പറഞ്ഞു. ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ പ്രവര്‍ത്തക ക്യാമ്പ് കൂടാളി ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രൊഫ പാപ്പൂട്ടി.
ആദ്യകാലത്ത് കേരളത്തിലെ 85 ശതമാനം വീടുകളും ചെറ്റകുടിലുകളായിരുന്നു. അവര്‍ അന്ന് വീട് വെച്ചത് വാസ്തു നോക്കിയായിരുന്നില്ല. അവരാണ് ഇപ്പോള്‍ ഉയര്‍ന്ന നിലയിലേക്കെത്തിയത്. നമ്മളാണ് നമ്മുടെ ഭാവി രൂപപ്പെടുത്തേണ്ടതെന്ന ബോധം കേരള സമൂഹത്തിനുണ്ടായതാണ് ഈ മാറ്റത്തിന് കാരണം. വിധിയല്ല നമ്മുടെ ഭാവി രൂപപ്പെടുത്തേണ്ടതെന്ന ബോധം ഉണ്ടാക്കിയത് നവോത്ഥാന പ്രസ്ഥാനങ്ങളും ഇടതുപക്ഷ പ്രസ്ഥാനങ്ങളുമാണ്. മാറുന്ന കാലത്തെ ഉള്‍കൊള്ളാന്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നവര്‍ക്ക് സാധിക്കുന്നില്ല. സാങ്കേതിക വിദ്യ വളരുമ്പോഴും പഴയതില്‍ നിന്ന് മാറാന്‍ പലരും തയ്യാറാകുന്നില്ല. ചരിത്രപരമായി അധ്വാനിക്കുന്ന മനുഷ്യനില്‍ നിന്ന് തട്ടിയെടുത്തതാണ് വിശ്വാസത്തെ. കച്ചവടതാല്‍പര്യമാണ് പല അന്ധവിശ്വാസങ്ങളുടെയും പിറകില്‍. ഇന്ന് രാജ്യത്താക വളര്‍ത്താന്‍ ശ്രമിക്കുന്ന തീവ്ര മതബോധത്തിന്റെ പിറകിലും വെട്ടിപിടിക്കാനുള്ള വ്യഗ്രതയാണ്. അമേരിക്കയുടെ ലക്ഷ്യം ആയുധം വില്‍ക്കുക എന്നത് മാത്രമാണ്. അപ്പോള്‍ അഴിമതി വര്‍ധിക്കുന്നു. ജനാധിപത്യം എന്നുള്ളത് പേരിന് മാത്രമായിരിക്കുന്നു. ചരിത്ര വായന കൂടി നടത്തിയാലെ ഇതിനെതിരെയുള്ള ശക്തമായ പ്രതികരണം നടത്താന്‍ സാധിക്കുകയുള്ളൂ. അടിസ്ഥാനപരമായി അന്ധ വിശ്വാസത്തിന് പിന്നില്‍ വിധി വിശ്വാസമാണെന്നും പാപ്പൂട്ടി പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് കെ.വിനോദ്കുമാര്‍ അധ്യക്ഷനായി. വാര്‍ത്താ പത്രിക സംസ്ഥാന ജനറല്‍ സെക്രട്ടറി പി മുരളീധരന്‍ ഇ കുഞ്ഞികൃഷ്ണന് നല്‍കി പ്രകാശനം ചെയ്തു. ടി ഗംഗാധരന്‍, ഒ എം ശങ്കരന്‍, വിവി ശ്രീനിവാസന്‍, സിപി ഹരീന്ദ്രന്‍, എം ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു. മേഖലാ സെക്രട്ടറി പി ദിനേശ്ബാബു സ്വാഗതം പറഞ്ഞു.
തിങ്കളാഴ്ച നടന്ന പ്രവര്‍ത്തക സംഗമം ഡോ കാവുമ്പായി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അനുമോദന സമ്മേളനം വ്യവസായ മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. 400 ല്‍ അധികം പ്രവര്‍ത്തകര്‍ പങ്കെടുത്ത യോഗം അക്ഷരാര്‍ഥത്തില്‍ സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്റെ മുന്നൊരുക്ക കൂട്ടായ്മയായി മാറി.