ശാസ്ത്രസാഹിത്യപരിഷത്ത് ശാസ്ത്രം ജനനന്മയ്ക്ക്, ശാസ്ത്രം നവ കേരളത്തിന് എന്ന മുദ്രാവാക്യമുയർത്തി കാഞ്ഞങ്ങാട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന കേരള പദയാത്രയുടെ മൂന്നാം ദിനം പയ്യന്നൂരിൽ നിന്ന് ആരംഭിച്ച് ചെറുകുന്ന് തറയിൽ അവസാനിച്ചു. ഇന്ന് ക്യാപ്റ്റൻ നാടകാചാര്യൻ ഇബ്രാഹിം വേങ്ങരയായിരുന്നു. കണ്ടൻകുളങ്ങര, അമ്പലം റോഡ്, എരിപുരം, ചെറുകുന്ന് തറ കേന്ദ്രങ്ങളിൽ പദയാത്രയ്ക്ക് സ്വീകരണങ്ങൾ ലഭിച്ചു.
മൂന്നാം ദിവസത്തെ ഒന്നാമത്തെ കേന്ദ്രമായ കണ്ടൻകുളങ്ങര വി ആർ നായനാർ സ്മാരക വായനശാല അങ്കണത്തിൽ നടന്ന സ്വീകരണപരിപാടിയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി ദിവ്യ, മുൻ എം എൽ എ . സി.കെ.പി. പത്മനാഭൻ , ടി.ഗംഗാധരൻ എന്നിവർ സംബന്ധിച്ചു. രണ്ടാം സ്വീകരണ കേന്ദ്രമായ അമ്പലം റോഡ് എ കെ ജി സ്മാരക വായനശാല പരിസരത്ത് നടന്ന സ്വീകരണപരിപാടിയിൽ മുൻ എം എൽ എ ടി.വി രാജേഷ് സംബന്ധിച്ചു. സംഘാടകസമിതി പുറത്തിറക്കിയ “നവകേരളം ” എന്ന ബുള്ളറ്റിൻ ടി.വി രാജേഷ് പ്രകാശനം ചെയ്തു. അടുത്ത സ്വീകരണകേന്ദ്രമായ എരിപുരത്തേക്കുള്ള യാത്രക്കിടയിൽ എം. വിജിൻ എം. എൽ. എ പദയാത്രക്കൊപ്പമെത്തി അഭിവാദ്യം ചെയ്തു. അവസാനസ്വീകരണകേന്ദ്രമായ ചെറുകുന്നു തറയിൽ ബാന്റ് വാദ്യം, ചെണ്ടമേളം, കരിമരുന്ന് പ്രയോഗം തുടങ്ങിയവയുടെ അകമ്പടിയോടെയാണ് സ്വീകരണമൊരുക്കിയത്. മൂന്നാം ദിനത്തിൻ 25 കിലോമീറ്ററിലധികം ദൂരം പദയാത്രയ്ക്ക് സഞ്ചരിക്കേണ്ടി വന്നിട്ടും പദയാത്രികർ തളരാതെ മാർച്ച് ചെയ്തത് ആവേശമായി.
വിവിധ സ്വീകരണകേന്ദ്രങ്ങളിൽ മറുപടിഭാഷണം നടത്തിയ ക്യാപ്റ്റൻ ഇബ്രാഹിം വേങ്ങര കേരളത്തിന്റെ സാമൂഹ്യപുരോഗതിയിൽ നിസ്തുലമായ പങ്കുവഹിക്കാൻ കഴിയുന്ന ഒരു മഹത്തായ പ്രവർത്തനത്തിനാണ് കേരള ശാസ്ത്രസാഹിത്യപരിഷത്ത് തുടക്കമിട്ടിരിക്കുന്നത് എന്ന് അഭിപ്രായപ്പെട്ടു. വിവിധ മേഖലകളിൽ നിന്നുള്ളവർ ജാഥയുടെ ഭാഗമാകുന്നതിലൂടെ കേരളസമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെക്കുറിച്ച് ഗൗരവതരമായ ചർച്ചകളാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ സ്വീകരണകേന്ദ്രങ്ങളിൽ പദയാത്രക്കൊപ്പം സഞ്ചരിക്കുന്ന കലാജാഥയിൽ സജിത മഠത്തിൽ രചിച്ച ” ഷീ ആർക്കൈവ് ” നാടകം, ബി.എസ്. ശ്രീകണ്ഠൻ, വി.കെ.കുഞ്ഞികൃഷ്ണൻ എന്നിവർ രചിച്ച “കോട്ട് ” എന്ന വിൽകലാമേളയുടെയും അവതരണമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *