പരിഷത്ത് ബദലുകളുമായി നവകേരളത്തിലേക്ക് – ഹരിത പാഠശാലക്ക് തുടക്കമായി

0

വടകര:  മാലിന്യമുക്ത നവകേരളത്തിന് പരിഷത്ത് ബദലായ ഹരിതഭവനം പദ്ധതിയും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ സാധാരണ ജനങ്ങളെ പടിപടിയായി ബോധവത്കരിച്ചു മാറ്റാനുള്ള പരിപാടികളും ആസൂത്രണം ചെയ്ത് കോഴിക്കോട് ജില്ലാ ഹരിതപാഠശാല എഡിഷൻ ഒന്ന് സമാപിച്ചു. “ആഗോളതാപനവും കേരളവും ” എന്ന ക്ലാസ്സെടുത്ത് പരിഷത്ത് മുൻ ജന.സെക്രട്ടറി ടി.കെ.ദേവരാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വന വിസ്തൃതി, കാർബൺ ഉദ്സർജനം, തെറ്റായി പ്രചരിപ്പിക്കപ്പെടുന്ന വികസന മാതൃകകൾ എന്നിവയെക്കുറിച്ച് വിശദമായ ചർച്ചകൾ നടന്നു.

ഹരിത പാഠശാല വടകര ജി ടി സിയില്‍ തുടങ്ങുന്നു

“കേരളത്തിന്‍റെ സവിശേഷ പരിസ്ഥിതി;പരിഷത്ത് നിലപാടുകൾ” എന്ന വിഷയത്തിൽ ടി.പി. വിശ്വൻ ക്ലാസ്സെടുത്തു. പണാധിപത്യം നിലനിൽക്കുന്ന സമൂഹം പ്രകൃതിയെ ഉൽപ്പന്നമായി മാത്രമേ പരിഗണിക്കൂ അതിനെ വിമർശനാത്മകമായി പരിശോധിക്കുകയാണ് പരിഷത്തിന്‍റെ കടമ എന്ന ആശയത്തിൽ ചർച്ചകൾ നടന്നു.

“മാലിന്യമുക്തനവകേരളം;പരിഷത്തിന്‍റെ റോൾ” എന്ന വിഷയത്തിൽ മണലിൽ മോഹനൻ ക്ലാസ്സെടുത്തു. ആധുനിക ജ്ഞാനസമൂഹം മാലിന്യത്തെ വളരെ ഗൗരവപൂർവ്വം പരിഗണിക്കുന്നുണ്ടെന്നും പ്രകൃതിസംരക്ഷണം, കൃഷി, സ്വാശ്രയഗ്രാമം എന്നീ ആശയങ്ങൾ മാലിന്യ സംസ്കരണത്തിന്‍റെ വിശാല കാഴ്ചപ്പാടിൽ പുന:രവതരിപ്പിക്കപ്പെടുന്നു. പ്രവർത്തന മാതൃകയായ ഗ്രീൻ ടെക്നോളജി സെന്‍ററിൽ വെച്ചുള്ള ക്യാമ്പായതിനാൽ ജി ടി സിയെ അംഗങ്ങൾക്ക് പരിചയപ്പെടുത്തി ക്ലാസ് നയിച്ചു.പരിസ്ഥിതി പ്രവർത്തകർ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട പുസ്തകങ്ങളെപ്പറ്റി ഇ.അബ്ദുൽ ഹമീദും പരിഷത്ത് സംസ്ഥാന സെക്രട്ടറി എൻ.ശാന്തകുമാരി ക്ലാസ്സുകൾ ക്രോഡീകരിച്ചും സംസാരിച്ചു.

ചർച്ചകളിൽ പരിസരം വിഷയ സമിതിചെയർമാൻ ടി.സുരേഷ്, എ.ടി.രവി, എം.വി.സുബൈർ,വത്സൻ കുനിയിൽ, വിശ്വനാഥൻ പി.പി.പങ്കെടുത്തു.വടകര മേഖലാ പ്രസിഡണ്ട് കെ.വിജയൻ അധ്യക്ഷനായ പരിപാടിക്ക് വിജീഷ് പരവരി സ്വാഗതവും ,ബാബുരാജ് വടകര നന്ദിയും പറഞ്ഞു.രാവിലെ 10.49 ന് ആരംഭിച്ച പരിപാടി 4.23 ന് അവസാനിച്ചു. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നായി 44 അംഗങ്ങളും 5 സംഘാടക സഹായികളും ചേർന്ന് 49 പേർ പങ്കെടുത്തു. ഹരിത മാതൃകകളായ തുരുത്തിക്കര, കുന്ദംകുളം എന്നിവിടങ്ങളിലേക്ക് പഠനയാത്ര ജൂലൈ അവസാനവാരത്തിൽ സംഘടിപ്പിക്കാനും , മേഖലാ ഹരിതയോഗങ്ങൾ, ഹരിതഭവന സന്ദർശനം എന്നിവ ജൂലായ് മാസത്തിൽ പൂർത്തിയാക്കി ആഗസ്റ്റ് അവസാനവാരം ജില്ലാ പ്രഖ്യാപനം നടത്തുവാനും ഹരിത പാഠശാലയിൽ തീരുമാനമായി.

Leave a Reply

Your email address will not be published. Required fields are marked *