സമരപന്തലിൽ ലഹരി പരത്തി പരിഷത്ത് പുസ്തക സദസ്സ്
കൊടക്കാട്: സമരപന്തലിൽ ലഹരി പരത്തി പുസ്തക സദസ്സ്. കൊടക്കാട് ചീറ്റക്കാവിലെ ബീവറേജ് ഔട്ട്ലെറ്റിനെതിരെ നടക്കുന്ന സമര പന്തലാണ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വേറിട്ട പ്രതിഷേധത്തിന് വേദിയായത്. മദ്യവും മയക്കുമരുന്നുമല്ല വായനയാണ് ലഹരി എന്ന മുദ്രാവാക്യമുയർത്തി പരിഷത്ത് കൊടക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മയിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു. ചീറ്റക്കാവിലെ ജാഗ്രത പന്തലിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ എം.കുഞ്ഞമ്പുപൊതുവാൾ എഴുതിയ എ.സി.കണ്ണൻനായർ – പൂത്തുലഞ്ഞപൂമരം എന്ന ജീവ ചരിത്ര ഗ്രന്ഥം പരിചയപ്പെടുത്തി ഉദ്ഘാടനം ചെയ്തു. പരിഷത്ത് കൊടക്കാട് യൂണിറ്റ് പ്രസിഡണ്ട് എം.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കൽപ്പറ്റ നാരായണന്റെ കോന്തല ,ജയദേവൻ പെരിങ്ങേത്ത് അവതരിപ്പിച്ചു. ഇ.പി.രാജഗോപാലന്റെ പേരുകൾ പെരുമാറ്റങ്ങൾ (പി. തേജസ്വിനി ) വി.വി.രവീന്ദ്രന്റെ പാണ്ട്യാല (പ്രദീപ് കൊടക്കാട് )എന്നീ പുസ്തകങ്ങളും പരിചയപ്പെടുത്തി. എം.കെ. വിജയകുമാർ , ടി. മൂസ്സാൻ സംസാരിച്ചു.