പട്ടികവർഗ വിഭാഗം വിദ്യാർഥികൾക്ക്  സീറ്റ് ഉറപ്പാക്കുക

0

പട്ടികവർഗ വിഭാഗം വിദ്യാർഥികൾക്ക്  വേണ്ടി വയനാട് ജില്ലയിൽ 40% പ്ലസ് 1 സീറ്റുകൾ അനുവദിക്കണം

വയനാട് ജില്ലയിൽ പട്ടികവർഗ വിഭാഗം വിദ്യാർത്ഥികൾക്ക് പ്ലസ് 1 ന് മതിയായ സീറ്റ് ഇല്ല എന്ന സാഹചര്യത്തിന് മാറ്റംവരുത്താൻ വിദ്യാഭ്യാസവകുപ്പ് ഇപ്പോഴും തയ്യാറായിട്ടില്ല. സംസ്ഥാനതലത്തിൽ 10% സീറ്റ് വർദ്ധിപ്പിക്കുന്നതുകൊണ്ട് മാത്രം വയനാട് ജില്ലയിലെ പട്ടികവർഗ വിഭാഗം വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ല. വയനാട് ജില്ലയിൽ  പട്ടികവർഗ വിഭാഗത്തിന്റെ ജനസംഖ്യ താരതമ്യേന കൂടുതലായതിനാൽ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടുന്ന വിദ്യാർത്ഥികളുടെ എണ്ണവും കൂടുതലാണ്. ഈ വിദ്യാഭ്യാസവർഷം 2225 വിദ്യാർത്ഥികൾ പട്ടികവർഗവിഭാഗത്തിൽനിന്നും ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടിയിട്ടുണ്ട്. ഹയർസെക്കന്ററിക്ക് 10% സീറ്റ് സംസ്ഥാന തലത്തിൽ വർദ്ധിപ്പിച്ചാലും പതിവ് പോലെ 750 നും 800 നും ഇടയിൽ മാത്രമാണ് പട്ടികവർഗ വിഭാഗത്തിലെ കുട്ടികൾക്ക് സീറ്റ് ലഭ്യമാവുക. ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും ഉന്നതവിദ്യാഭ്യാസ ശ്രേണിയിൽനിന്നും പുറത്താക്കപ്പെടും.

സീറ്റ് ലഭിക്കാത്തവർക്ക് വേണ്ടി നടത്തിയിരുന്ന സ്പോട്ട്   അലോട്മെന്റ്    നിർത്തലാക്കിയി രിക്കുകയാണ്. പകരം അപേക്ഷ സമർപ്പിക്കുന്ന എല്ലാ പട്ടികവർഗ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പുനൽകാനെന്ന പേരിൽ പ്രത്യേക ഉത്തരവ് ഇറക്കി പ്രവേശനം നടത്തുന്ന നടപടി ഉണ്ടാകാറുണ്ടെങ്കിലും ഇത് അധ്യയനവർഷാവസാനം നടത്തുന്ന ഒരു ചടങ്ങ് മാത്രമായി മാറുന്നതിനാൽ  വേണ്ടത്ര പ്രയോജനം ചെയ്യാറില്ല. ഉന്നതവിദ്യാഭ്യാസത്തിന് അർഹത നേടുന്ന 1000ത്തോളം വിദ്യാർത്ഥികൾ എല്ലാ വർഷവും പുറത്ത് തന്നെയാണ്. സർക്കാർ തന്നെ നിയോഗിച്ച കാർത്തികേയൻനായർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം വയനാട് പോലുള്ള ജില്ലകളിൽ പട്ടികവർഗ വിഭാഗക്കാർക്ക് 40% സീറ്റ് അനുവദിക്കണ മെന്ന നിർദേശം പ്രസക്തമാണെങ്കിലും പ്രസ്തുത നിർദേശം യുദ്ധകാലാടിസ്ഥാനത്തിൽ പരിഗണിക്കപ്പെടുന്നില്ല എന്നത് കാണേണ്ടതുണ്ട്.

ഈ സാഹചര്യത്തിൽ പട്ടികവർഗ വിഭാഗം വിദ്യാർത്ഥികൾക്ക് വേണ്ടി വയനാട് ജില്ലയിൽ 40 ശതമാനം പ്ലസ് വൺ സീറ്റുകൾ അധികം അനുവദിക്കണം എന്ന് പരിഷത്ത് 60-ാം വാർഷിക സമ്മേളനം കേരള സർക്കാരിനോട് ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *