ഞാനും പരിഷത്തും: ബി. രമേശ്
എത്രസമയം അതിലേക്കിട്ടു, എന്തൊക്കെ അതിൽനിന്നെടുത്തു, ഒന്നിനും കണക്കില്ലാത്ത മൂന്നു വ്യാഴവട്ടങ്ങൾ…
ഒരു കാലത്ത് പ്രഭാത് ബുക്ക് ഹൗസിന്റെ പുസ്തകവണ്ടി കുറെനാൾ എറണാകുളം മറൈൻ ഡ്രൈവിൽ തമ്പടിച്ചിരുന്നു. അന്നാണ് പ്രോഗ്രസ്സ് പബ്ലിഷേഴ്സിന്റെ ദയവിൽ മാർക്സിസ്റ്റ് കൃതികൾ അന്തംവിട്ടു വായിച്ചു നടന്ന മഹാരാജാസ് കോളേജിലെ പ്രീഡിഗ്രി- ഡിഗ്രികാലം. തിരികെ ബസ്സിറങ്ങുമ്പോൾ തിരുവങ്കുളം ജംഗ്‌ഷനിലെ ഇടത്താവളമായിരുന്നു കലാസമിതി. ഒരുദിവസം അന്നത്തെ കലാസമിതിയുടെ നടത്തിപ്പുകാരായിരുന്ന യുവാക്കൾ ഒരു മധ്യാഹ്നത്തിൽ കാണിച്ച വെപ്രാളത്തിനും തിടുക്കത്തിനും പിന്നാലെ കാരണം തേടിപ്പോയപ്പോൾ ചെന്നെത്തിയത് പോസ്റ്റ് ഓഫീസിനടുത്തുള്ള ഒരു പറമ്പിലെ ചെറിയൊരു കലാജാഥ വേദിക്കുമുന്നിലായിരുന്നു. തലേദിവസം മാത്രം പുല്ലു ചെത്തി വൃത്തിയാക്കിയ പറമ്പ്. വേദിയിൽ രണ്ടു ബോക്സുകൾ, അതിലൂടെ ചെണ്ടയുടെ ശബ്ദം ഒരുപാടു ദൂരം അലയടിക്കുന്നു. നാലുപാടുനിന്നും ആളുകൾ ആകാംക്ഷയോടെ ഓടിയെത്തുന്നുണ്ട്. അധികം താമസിച്ചില്ല “ഒരു ചോദ്യം മറു ചോദ്യം പല ചോദ്യങ്ങൾ, പല പല ചോദ്യങ്ങൾ … ഉത്തരം അതിനൊറ്റയുത്തരം…” എന്ന പാട്ടിനൊപ്പം വേദിയിൽ കഥയും ചരിത്രവും നുറുങ്ങു നുറുങ്ങയി അടർന്നുവീണു. “ഡോക്ടറെ എന്തുകൊണ്ടെന്തുകൊണ്ടീ ഞങ്ങൾ രോഗികളാകുന്നു ….”, “അശകോശലേ പെണ്ണുണ്ടോ കോശലോശാരം ആണുണ്ടോ …” ഇങ്ങനെ അഞ്ചോ ആറോ അവതരണങ്ങൾ. ഓരോന്നും തീരുമ്പോൾ എന്താണോ പറയാനുദ്ദേശിച്ചതു, എന്താണോ നാട്ടുകാർ കേൾക്കാൻ ആഗ്രഹിച്ചത് അത് മേമ്പൊടികളില്ലാതെ ആളുകളിൽ എത്തുന്നു. ജനങ്ങളോടൊപ്പം തരിച്ചിരുന്ന എന്നെ പിടിച്ചു കുലുക്കിയ ആ വാക്കുകൾ അവസാനം “ശാസ്ത്രസാഹിത്യ പരിഷത്ത് എന്നും ജനങ്ങളോടൊപ്പം!” എന്തൊരു ധൈര്യം വേണം അങ്ങനെ പറയാൻ. എന്തുമാത്രം ആത്മവിശ്വാസം വേണം ഒരു സംഘടനയ്ക്ക് അങ്ങനെ പ്രഖ്യാപിക്കാൻ! എന്തോ കളഞ്ഞു കിട്ടിയപോലെ ഉള്ളു നിറഞ്ഞു തിരിച്ചുപോരുമ്പോൾ ജാഥയുടെ സംഘാടകരായ കലാസമിതിയിലെ ചെറുപ്പക്കാർ ഒരുകെട്ടു പുസ്തകവുമായി മല്ലിട്ടു ജാഥാ മാനേജരുടെ മുന്നിൽ പകച്ചിരിക്കുന്നതും കണ്ടു.
പിന്നീടൊരുദിവസം ഉത്സവപ്പറമ്പിലെ ഒരു ചെറു കൂടലിൽ തീരുമാനിച്ചപ്രകാരം പരിഷത്തിന്റെ തിരുവങ്കുളം യൂണിറ്റ് ജന്മമെടുത്തു. അന്നൊക്കെ ആദ്യ രണ്ടുവർഷം താത്കാലിക യൂണിറ്റാണ്. ‘സ്ഥാപക’ സെക്രട്ടറി എങ്ങിനെയോ ഞാനായി. പിന്നെ ശാസ്ത്രമാസ ക്ലാസ്സുകൾ, ഭോപ്പാൽ ദുരന്തം, ആരോഗ്യ സർവ്വേ, എറണാകുളം ജില്ല സമ്പൂർണ സാക്ഷരതാ യജ്ഞം… അതൊരു ആയിത്തീരലിന്റെ കാലം. എത്രസമയം അതിലേക്കിട്ടു, എന്തൊക്കെ അതിൽനിന്നെടുത്തു, ഒന്നിനും കണക്കില്ലാത്ത മൂന്നു വ്യാഴവട്ടങ്ങൾ. ജീവിതത്തിൽ മടുപ്പും ഭയവുമില്ലാതായി. ഉരുകി രൂപപ്പെട്ട ഇടതുചിന്തകൾക്കൊരു പ്രയോഗ പദ്ധതിയായി. സ്വതവേ അർദ്ധ-അന്തർമുഖത്വവും അല്പസംസാരവും മാത്രമുള്ള എന്നെ ഏതുസമയത്തും ആരോടും സംസാരിക്കാനും പ്രായഭേദമില്ലാത്ത ആൾക്കൂട്ടങ്ങളുടെ മുന്നിൽ നിൽക്കാനും പഠിപ്പിച്ചു. സംഘാടനത്തിന്റെ കഠിന പരീക്ഷണങ്ങളുടെ തീക്ഷ്ണ നിമിഷങ്ങൾ അനവധി കടന്നുപോയി. എത്ര സങ്കീർണമായ പ്രശ്നങ്ങളും മനശ്ചാഞ്ചല്യമില്ലാതെ നേരിടാനുള്ള വളർച്ച തന്നു. അനന്തമായ സൗഹൃദങ്ങൾ, അംഗീകാരത്തിന്റെ, വികാര നിർഭരതയുടെ, ബൗദ്ധിക മാന്യതയുടെ, ആദരവിന്റെ കൊടുക്കൽ വാങ്ങലുകൾ. ജീവിതംതന്നെ അർത്ഥമുൾകൊണ്ടു സുതാര്യവും നിർഭയവുമായി. നിറവുകൊണ്ടു നിറഞ്ഞു.
ഇപ്പോഴും മുന്നിലെ വഴി, വളവും കുഴിയുമായി പുകമൂടിത്തന്നെ. പക്ഷെ അടുത്ത കാലടി എവിടെവയ്ക്കണമെന്ന് തീരുമാനിക്കാൻ തീർത്തും ജനാധിപത്യപരമായ, സുതാര്യമായ, ശാസ്ത്രരീതി പിന്തുടരുന്ന 60 വർഷങ്ങളുടെ അകക്കാമ്പ് സംഘടനയ്ക്കുണ്ട്. നാടുകണ്ടും നാട്ടാരെക്കണ്ടും മദ-മോഹങ്ങളില്ലാത്ത ചുവടുകൾ. ഉറച്ച കാൽവയ്പുകൾ. ആ രീതി ജീവിതത്തിന്റെ ഭാഗമായികഴിഞ്ഞു. ആത്മവിശ്വാസത്തിന്റെ ആ കാൽവയ്പുകളും.