ഞാനും പരിഷത്തും: മല്ലിക ആര്‍

0

പരിഷത്ത് നടത്തുന്ന ഇടപെടലുകളും ശാസ്ത്രീയമായ ആശയങ്ങൾ സാധാരണക്കാരുടെ ഇടയിൽ എത്തിക്കാൻ കഴിയുന്നതരത്തിലുള്ള കലാജാഥകളും എന്റെ മനസ്സിൽ ആഴത്തിൽ ഇടം പിടിച്ചു.

ഒരു വീട്ടമ്മ മാത്രമായിരുന്ന ഞാൻ കുടുംബശ്രീ പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് വരുകയും  2005 ൽ വിളവൂർക്കൽ ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധിയാകുകയും ചെയ്തു.  ഈ അവസരത്തിൽ ശക്തമായി പ്രവർത്തിച്ചിരുന്ന ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിളവൂർക്കൽ യൂണിറ്റ് വാർഷികത്തിൽ യൂണിറ്റ് ഭാരവാഹികളുടെ ക്ഷണപ്രകാരം പങ്കെടുക്കുകയും യൂണിറ്റ് അംഗമാവുകയും യൂണിറ്റ് പ്രസിഡന്റ്‌ ആയി പ്രവർത്തിക്കുകയും ചെയ്തു. ഈ കാലയളവിലാണ് പരിഷത്തിനെ കുറിച്ച് കൂടുതൽ അടുത്തറിയാൻ കഴിഞ്ഞത്. പരിസ്ഥിതി സംരക്ഷണത്തിലൂടെയുള്ള വികസന കാഴ്ചപ്പാടുകളും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ വിഷയങ്ങളിൽ പരിഷത്ത് നടത്തുന്ന ഇടപെടലുകളും ശാസ്ത്രീയമായ ആശയങ്ങൾ സാധാരണക്കാരുടെ ഇടയിൽ എത്തിക്കാൻ കഴിയുന്നതരത്തിലുള്ള കലാജാഥകളും എന്റെ മനസ്സിൽ ആഴത്തിൽ ഇടം പിടിച്ചു. പരിഷത്തിന്റെ വിവിധ വിഷയങ്ങളിൽ ഉള്ള ക്ലാസുകളും ലഘുലേഖകളും പുസ്തകങ്ങളും ജനപ്രതിനിധിയായ എന്റെ പ്രവർത്തനങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കാൻ സഹായകരമായി. ഇതിനിടയിൽ പൊതുപ്രവർത്തനവും പരിഷത്ത് പ്രവർത്തനവും എന്റെ ജീവിതത്തിന്റെ ഭാഗമായി മാറി. സി.പി. എം. എന്ന പാർട്ടിയുടെ വിവിധ ചുമതലകളോടൊപ്പം തന്നെ പരിഷത്തിന്റെ നേമം മേഖല കമ്മിറ്റി അംഗമായും മേഖല പ്രസിഡന്റായും 4 വർഷം പ്രവർത്തിച്ചു. അതിനുശേഷം ജില്ലാ കമ്മിറ്റി അംഗമായും ബാലവേദി,  യുവസമിതി, ഐ. ടി., പി. പി. സി. എന്നീ ഉപസമിതികളുടെ കൺവീനർ, ജില്ലാ ജോയിന്റ് സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ്‌ എന്നീ ചുമതലകൾ വഹിച്ചു കൊണ്ട് സംഘടനാ പ്രവർത്തനം നടത്താൻ കഴിഞ്ഞു. ഇതിനോടൊപ്പം സംഘടനയുടെ ആശയങ്ങളും പ്രവർത്തനങ്ങളും കൂടുതൽ വിപുലമാക്കാൻ കഴിയുന്ന ശുചിത്വ മിഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി മാറുകയും തദ്ദേശ സ്ഥാപനങ്ങളിൽ ഐ.ആർ.ടി.സി. യുടെ മാലിന്യ സംസ്കരണ സംവിധാനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നത്തിനും അതിലൂടെ കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിൽ ജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ നടപ്പാക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു. തുടർന്ന് സംഘടനയുടെ പ്രധാന ആശയമായ പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങൾക്കായി സർക്കാർ നടപ്പിലാക്കിയ ഹരിത കേരളം മിഷന്റെ ഭാഗമായിട്ടാണ് ഇപ്പോൾ പ്രവർത്തനം നടത്തുന്നത്. സംസ്ഥാന നിർവാഹക സമിതി അംഗമായ എനിക്ക് കഴിഞ്ഞ പ്രവർത്തന വർഷം അത്തരത്തിൽ പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ല എന്നും വിഷമത്തോടെ പറയട്ടെ.

യുവ ജനങ്ങളെ സംഘടനയിലേക്ക് ആകർഷിക്കാൻ കഴിയുന്ന തരത്തിൽ യുവസമിതിയുടെ പ്രവർത്തനങ്ങളിലും സ്ത്രീകളെയും കുട്ടികളെയും നമ്മുടെ സംഘടനയിലേക്ക് കൊണ്ടു വരുന്നതിന് കഴിയുന്ന തരത്തിൽ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടോ എന്നും കൂട്ടായി ആലോചിക്കേണ്ടത് നമ്മുടെ സംഘടനയുടെ നിൽപ്പിന് അനിവാര്യമാണ്. എന്റെ ഈ പ്രവർത്തന കാലയളവിൽ ഒത്തിരി സ്ത്രീകളെ സംഘടനയിലേക്ക് കൊണ്ടുവരീന്‍ ശ്രമിച്ചിരുന്നു. യൂണിറ്റ് പ്രസിഡന്റ്‌, സെക്രട്ടറി എന്നീ ഭാരവാഹിത്വം ഏറ്റെടുത്ത അവരോടൊപ്പം പ്രവർത്തനങ്ങളിൽ സഹായിക്കുകയും ചെയ്തു. പക്ഷേ അവരാരും തുടർന്ന് പ്രവർത്തിക്കാൻ ഉണ്ടായില്ല എന്ന് വിഷമത്തോടെ പറയേണ്ടിവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *