ആവേശമായി കാസറഗോഡ് ജില്ലാപ്രവർത്തകകൺവൻഷൻ
kzd dist.
സംസ്ഥാനസമ്മേളനത്തിൽ രൂപപ്പെടുത്തിയ നയങ്ങളും പ്രവർത്തന നിർദേശങ്ങളും അടിത്തറയാക്കി ഈ വർഷം ജില്ലയിലെ പരിഷദ് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തി നടത്താൻ ജൂലൈ 24ന് കാഞ്ഞങ്ങാട് മേലാങ്കോട്ട് എയുപി സ്കൂളിൽവെച്ചു നടന്ന ജില്ലാ പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. ഇതിന്റെ മുന്നോടിയായി വിവിധ വിഷയ -ഉപസമിതി കൺവീനർമാർ ഒരു വർഷത്തെ കരടു പ്രവർത്തനക്കലണ്ടർ അവതരിപ്പിച്ചു. ഇത് മേഖലാഗ്രൂപ്പുകളിൽ ചർച്ച ചെയ്തു വ്യക്തത വരുത്തുകയും മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ രൂപപ്പെടുത്തുകയും ചെയ്തു.
ഇതിന്റെയടിസ്ഥാനത്തിൽ എല്ലാ വിഷയ -ഉപസമിതികളും പ്രവർത്തന ക്കലണ്ടർ അസ്സലാക്കി തയാറാക്കും. എല്ലാം സമന്വയിപ്പിച്ച് ജില്ലാ പ്രവർത്തനക്കലണ്ടർ രൂപപ്പെടുത്താനും സമയബന്ധിതമായി പ്രയോഗത്തിൽ വരുത്താനും തീരുമാനമെടുത്തു.
65 പേർ പങ്കെടുത്ത കൺവെൻഷൻ പുതിയ പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. .കാസർഗോടുള്ള കേന്ദ്ര സർവകലാശാലയിലെ എം എസ് സി വിദ്യാർത്ഥിയും ബി ജി വി എസ് പ്രവർത്തകനുമായ പ്രവീൺകുമാർ (ആന്‌ധ്രപ്രദേശ്) കൺവെൻഷനിലെത്തി പ്രവർത്തകരോട് അനുഭവങ്ങൾ പങ്കുവെച്ചത് ആവേശം പകർന്നു .
കേന്ദ്ര നിർവാഹകസമിതിയംഗം സി എൻ സുനിൽ സംസ്ഥാന റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് കൺവെൻഷന്റെ ഉദ്ഘാടനം നിർവഹിച്ചു .ജില്ലാ സെക്രട്ടറി കെ ടി സുകുമാരൻ ജില്ലാ റിപ്പോർട്ടവതരണം നടത്തി. ജില്ലാ പ്രസിഡണ്ട് ഡോ.എം.വി.ഗംഗാധരൻ അധ്യക്ഷത വഹിച്ചു .സംഘടനാ പ്രവർത്തനത്തിലുണ്ടാകുന്ന ഊർജ്ജസ്വലതക്കുറവ് പരിഹരിക്കാൻ പ്രത്യേകമായി ചർച്ച നടത്തി പ്രായോഗികനിർദേശങ്ങൾ രൂപപ്പെടുത്തി.