ജനറൽ സെക്രട്ടറിയുടെ കത്ത് – അറുപത് വര്‍ഷം… നാടിനൊപ്പം

0

കോട്ടയം,
ജൂണ്‍ 07,.2023.

സുഹൃത്തുക്കളേ,

അറുപതാം വാർഷികസമ്മേളനം സമാപിച്ചിട്ട് ഇന്ന് പത്തു ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. ഈ കത്തെഴുതാൻ രണ്ടു ദിവസങ്ങൾ വൈകിയിട്ടുണ്ട്. കാസറഗോഡും കോട്ടയത്തുമായി ചില പ്രവർത്തനങ്ങളുടെ തിരക്കിലായിപ്പോയതിനാലാണ് എഴുതാൻ വൈകിയത്.

ജൂൺ, ജൂലൈ മാസങ്ങളിലായി മൂന്ന് പ്രധാന സംഘടനാപരിപാടികളാണ് വാർഷികസമ്മേളനത്തിൽ ആലോചിച്ചിരുന്നത്. അംഗത്വപ്രവർത്തനം പൂർത്തിയാക്കേണ്ടത് ഈ കാലത്താണ്. ഓരോ അംഗത്തിനും ഒന്ന് എന്ന കണക്കിൽ അറുപതിനായിരം മാസികാവരിക്കാരെ കണ്ടെത്തേണ്ടതും ഈ സമയത്താണ്. ഇതിനു രണ്ടിനും വേണ്ടി മുഴുവൻ പരിഷത്ത് അംഗങ്ങളെയും നേരിട്ടുകാണുന്ന പ്രവർത്തനവും ഈ സമയത്ത് തന്നെ നടക്കണം. പല ജില്ലകളും ഇവ കൂടാതെ വിവിധ സംഘടനാവിദ്യാഭ്യാസപരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.അവയും മികച്ച രൂപത്തിൽ നടക്കേണ്ടതുണ്ട്. ജൂൺ 5 ന്റെ പരിസ്ഥിതി ദിനാചരണവും അതുമായി ബന്ധപ്പെട്ട ബാലോത്സവങ്ങളും ബാലവേദിപ്രവർത്തനങ്ങളും ലൂക്കയുടെ സഹായത്തോടെ നടത്തിയ ബാലവേദി ക്വിസ്സും ഒക്കെ തുടക്കത്തിൽ നല്ലൊരു ഊർജ്ജം പകർന്നു നൽകിയിട്ടുണ്ട്. അവ നിലയ്ക്കാതെ മുന്നോട്ടു കൊണ്ടുപോകണം. ഒപ്പം നമ്മൾ ഉടൻ പ്രതികരിക്കേണ്ട പല പ്രശ്നങ്ങളും ചുറ്റും ഉയർന്നുവരുന്നു. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിൽ ഒരു വിദ്യാർത്ഥിനി ആത്മഹത്യ  ചെയ്തതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളും വിവാദങ്ങളും നിലച്ച മട്ടാണ്. ആത്മഹത്യ സംബന്ധിച്ച കേസ് ക്രൈംബ്രാഞ്ചിന് വിട്ടിട്ടുണ്ട്. അതുകൊണ്ട് പ്രശ്നം പരിഹരി ച്ചു എന്നർത്ഥമില്ല. യഥാർത്ഥത്തിൽ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലെ കാമ്പസുകളിൽ വിശേഷിച്ചും മത സമുദായങ്ങളുടെ നിയന്ത്രണത്തിലുള്ള അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ, ജനാധിപത്യശൈലി നിലനിൽക്കുന്നില്ലെന്നതാണ് കാതലായ പ്രശ്നം. ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ പൂർണ്ണമായും മതേതര സ്ഥാപനങ്ങളാകേണ്ടതിന്റെ പ്രസക്തിയും ഇത് തെളിയിക്കുന്നു.

അഖിലേന്ത്യാതലത്തിൽ എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങളിൽ നിന്ന് ശാസ്ത്രവും ചരിത്രവും നീക്കം ചെയ്യുന്ന പ്രക്രിയയോട് ഇനിയും ശക്തമായി പ്രതികരിക്കേണ്ടതുണ്ട്. ദേശീയവിദ്യാഭ്യാസനയത്തിന്റെ അപകടം നമ്മുടെ സമൂഹം വേണ്ടത്ര ചർച്ച ചെയ്തിട്ടില്ല. അന്ധവിശ്വാസങ്ങളുടെ സ്ഥാപനവൽക്കരണവും ശാസ്ത്രത്തിന്റെ നിരാസവും ഭരണകൂടം തന്നെ സ്പോൺസർ ചെയ്യുന്ന ശൈലിയുടെ തുടർച്ചയാണ് ഇവയെല്ലാം. പല ജില്ലകളിലും കായികതാരങ്ങൾ നടത്തിയ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുള്ള പ്രചരണപരിപാടികൾ നടന്നിട്ടുണ്ട്. സമയോചിതമായ ആ ഇടപെടൽ നടത്തിയ ജില്ലാക്കമ്മിറ്റികൾ അഭിനന്ദനമർഹിക്കുന്നു. രാജ്യത്തിന്റെ അഭിമാനമായ കായികതാരങ്ങൾ പോലും നിന്ദ്യമായ ലൈംഗികാതിക്രമങ്ങൾക്ക് വിധേയരാകേണ്ടിവരുന്നവെന്നതും അതിന്റെ പ്രതിസ്ഥാനത്ത് ഭരണാധികാരികൾ തന്നെയാണുള്ളതെന്നതും നമ്മെ ഭയപ്പെടുത്തേണ്ടതാണ്. താരങ്ങൾ താൽക്കാലികമായി പ്രക്ഷോഭങ്ങൾ നിർത്തിവച്ചിട്ടുണ്ട്. എന്നിരുന്നാൽ പോലും ഇത്തരം ഭീഷണികൾ അവസാനിച്ചിട്ടില്ല.

നമുക്ക് അംഗത്വപ്രവർത്തനം, മാസികാപ്രചരണം, അംഗങ്ങളെ കാണൽ തുടങ്ങിയ സംഘടനാപ്രവർത്തനങ്ങൾക്കൊപ്പം മേൽപ്പറഞ്ഞ തരം പ്രശ്നങ്ങൾക്കെതിരേ കൂടി കൂടി പ്രതികരിക്കേണ്ടിവരും. അവയെല്ലാം സംസ്ഥാനതലത്തിൽ തീരുമാനമെടുത്ത് അറിയിക്കുക പ്രായോഗികമല്ലല്ലോ. യൂണിറ്റുകളും മേഖലകളും ജില്ലകളും നമുക്ക് ചുറ്റും നടക്കുന്ന പ്രശ്നങ്ങളോട് അപ്പപ്പോൾ ക്രിയാത്മകമായി പ്രതികരിക്കാൻ ശ്രദ്ധിക്കണം. ശാസ്ത്രാവബോധക്യാമ്പയിൻ, സംഘടനാവിദ്യാഭ്യാസ ക്യാമ്പുകൾ, നവംബർ പദയാത്രകൾ എന്നിവ സംബന്ധിച്ച വിശദമായ ആലോചനകൾ നടക്കേണ്ടതുണ്ട്. ജൂൺ 10,11 തീയതികളിൽ കേന്ദ്രനിർവ്വാഹകസമിതി യോഗം ചേരുന്നുണ്ട്. അതിനുശേഷം വിശദമായി എഴുതാം

പാരിഷത്തികാഭിവാദനങ്ങളോടെ,

ജോജി കൂട്ടുമ്മേൽ
ജനറൽ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *