ലൂക്ക അറ്റ് സ്കൂൾ അരവിന്ദ് ഗുപ്ത ഉദ്ഘാടനം ചെയ്തു

0

  സ്കൂളദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പഠനവിഭവങ്ങൾ ഒരുക്കി ശാസ്ത്രസാഹിത്യപരിഷത്തും ലൂക്കയും

 

സ്കൂളിലെ പാഠ്യഭാഗങ്ങൾ കൂടുതൽ ആഴത്തിലും പ്രവർത്തനങ്ങളിലൂടെയും അവതരിപ്പിക്കുവാൻ അദ്ധ്യാപകരെയും മനസിലാക്കാൻ വിദ്യാർത്ഥികളെയും സഹായിക്കാൻ കേരള ശാസ്ത്രസാഹിത്യപരിഷത്ത് സൗജന്യ ഓൺലൈൻ പ്രസിദ്ധീകരണം തുടങ്ങുന്നു. സയൻസ്, ഗണിതം, ഭൂമിശാസ്ത്രം, പരിസ്ഥിതി, ചരിത്രം, മറ്റു മാനവികവിഷയങ്ങൾ എന്നിവയെല്ലാം സംബന്ധിച്ച അധികവായനയ്ക്കുള്ള വിവരങ്ങളും റഫറൻസുകളും പഠനപ്രവർത്തനങ്ങളും പരീക്ഷണങ്ങളും ഒക്കെ പലരൂപത്തിൽ ലഭ്യമാക്കുകയാണു ലക്ഷ്യം.

മലയാളത്തിലെ ഏറ്റവും വലിയ സയൻസ് പോർട്ടലായ ‘ലൂക്ക(LUCA)’യിൽ ‘ലൂക്ക അറ്റ് സ്കൂൾ’ എന്ന പേരിൽ ഒരുക്കുന്ന പ്രത്യേകപേജിലൂടെ പ്രത്യേകപായ്ക്കേജുകളായി രണ്ടാഴ്ചയിൽ ഒന്നുവീതം ഒരുവർഷം 24 ലക്കങ്ങളായാണ് ഇവ പ്രസിദ്ധീകരിക്കുക. 

ഓരോന്നിലും ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാനാശയങ്ങൾ വിശദമാക്കുന്ന ലേഖനങ്ങൾ, തുടർചർച്ചകൾ, സംവാദങ്ങൾ, ഫിലിം – വിഡിയോ – പുസ്തകപരിചയങ്ങൾ തുടങ്ങിയ വിഭവങ്ങൾ ഉണ്ടായിരിക്കും. ഉള്ളടക്കങ്ങൾ എല്ലാവർക്കും സ്വതന്ത്രമായി ഉപയോഗിക്കാവുന്നവിധത്തിൽ ക്രിയേറ്റീവ് കോമൺസ് ലൈസൻസ് പദ്ധതിപ്രകാരം ആയിരിക്കും പ്രസിദ്ധീകരിക്കുക.

കേരളത്തിലും പുറത്തുമുള്ള സർവ്വകലാശാലകളിലെയും ഗവേഷണശാലകളിലെയും ശാസ്ത്രജ്ഞരടക്കം നിരവധിപേർ ഉള്ളടക്കം തയ്യാറാക്കുന്നതിൽ സന്നദ്ധസേവനം എന്ന നിലയിൽ സൗജന്യമായി സഹായിക്കുന്നുണ്ട്. സ്കൂളദ്ധ്യാപകർ ഈ പദ്ധതിയിൽ ചേരുന്നതോടെ അവർക്കായി ശില്പശാലകൾ, സംവാദങ്ങൾ, പരിശീലനപരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കാനും പരിപാടിയുണ്ട്. ഫിൻലൻഡ് പോലുള്ള വിദേശങ്ങളിലെയും ഇൻഡ്യൻസംസ്ഥാനങ്ങളിലെയും മികച്ച വിദ്യാഭ്യാസമാതൃകകൾ പരിചയപ്പെടുത്തലും അവിടങ്ങളിലെ വിദഗ്ദ്ധരുമായുള്ള ആശയവിനിമയവും വിഭാവനം ചെയ്തിട്ടുണ്ട്. 

ഇതെല്ലാംവഴി വിദ്യാഭ്യാസനിലവാരം ഉയർത്താനും കാലികപ്രസക്തമാക്കാനുമാണ് ഉദ്ദേശിക്കുന്നതെന്നും കേരളത്തിലെ എല്ലാ സയൻസ് അധ്യാപകരും സഹകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും ലൂക്കാ പത്രാധിപസമിതി പത്രക്കുറിപ്പിൽ പറഞ്ഞു.

രാജ്യത്തെ പ്രമുഖ ശാസ്ത്രവിദ്യാഭ്യാസപ്രവർത്തകനും ജനകീയശാസ്ത്രപ്രവർത്തകനും ശാസ്ത്രസാഹിത്യകാരനുമായ അരവിന്ദ് ഗുപ്ത ജൂൺ 23 രാത്രി 7.30 ന് ഈ പദ്ധതിയും ലൂക്ക @ സ്കൂൾ വെബ്സൈറ്റും ഉദ്ഘാടനം ചെയ്തു.

 

ടീച്ചേഴ്സ് ഫോറത്തിൽ അധ്യാപകർക്കും ജനറൽ ഫോറത്തിൽ വിദ്യാർത്ഥികൾക്കും തത്പരരായ പൊതുജനങ്ങൾക്കും https://luca.co.in/school-luca/ എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നവർക്ക് ഉദ്ഘാടനപരിപാടിയിലും പങ്കുചേരാം.

Leave a Reply

Your email address will not be published. Required fields are marked *